പിരിച്ചുവിടലിൽ ഒരു അത്താണിയായിരുന്നു; പിന്തുണച്ചതില്‍ കടപ്പാടുണ്ട്; സ്വിഗ്ഗിയിക്ക് നന്ദിയറിയിച്ച് ടെക്കി
national news
പിരിച്ചുവിടലിൽ ഒരു അത്താണിയായിരുന്നു; പിന്തുണച്ചതില്‍ കടപ്പാടുണ്ട്; സ്വിഗ്ഗിയിക്ക് നന്ദിയറിയിച്ച് ടെക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2024, 12:17 pm

ചെന്നൈ: അപ്രതീക്ഷിതമായി കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടതോടെ താത്കാലികമായി ജോലി നല്‍കിയതില്‍ സ്വിഗ്ഗിയിക്ക് നന്ദിയറിയിച്ച് ടെക്കി എ. റിയാസുദ്ദീന്‍.

‘എ ജേര്‍ണി ഓഫ് റെസിലിയന്‍സ്: മൈ ഫെയര്‍വെല്‍ ടു സ്വിഗ്ഗി’ എന്ന തലക്കോട്ടോട് കൂടി തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ റിയാസുദ്ദീന്‍ സ്വിഗ്ഗിയിക്ക് നന്ദിയറിയിച്ചത്. പുതിയ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു ടെക്കിയുടെ പ്രതികരണം.

മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ വളരെയധികം ബുദ്ധിമുട്ടി. എന്നാല്‍ അത് ജീവിതത്തിലെ അപ്രതീക്ഷിതമായ വഴിത്തിരിവായിരുന്നുവെന്ന് യുവാവ് പോസ്റ്റില്‍ പറയുന്നു.

സാമ്പത്തികമായി പ്രതിസന്ധി നേരിട്ടപ്പോളാണ് സ്വിഗ്ഗിയില്‍ ജോലി തേടിയത്. സ്വിഗ്ഗിയില്‍ പങ്കാളിയായതോടെ അതിരാവിലെയും രാത്രി നേരം വൈകിയും റൈഡ് നടത്താന്‍ കഴിഞ്ഞു. ഉച്ചസമയത്തെ വെയിലിനിടയിലും ശക്തമായ മഴക്കിടയിലും ഡെലിവറി ചെയ്തു. അതെല്ലാം ജീവിതത്തിലെ നല്ല ഓര്‍മകളാണെന്നും റിയാസുദ്ദീന്‍ പറയുന്നു.

തന്റെ ആത്മധൈര്യവും പ്രതിരോധ ശേഷിയും വീണ്ടെടുക്കാനുള്ള ഒരു പടിയായിരുന്നു സ്വിഗ്ഗി. ജീവിതം ആഴത്തിലേക്ക് മുങ്ങിപോകുകയാണെന്ന് തോന്നിയപ്പോള്‍ കരകയറാന്‍ കിട്ടിയ കൈയാണ് സ്വിഗ്ഗിയെന്നും ടെക്കി പറഞ്ഞു.

ഡെലിവറി ബോയ് എന്ന നിലയില്‍ ജോലി ചെയ്തപ്പോള്‍ തനിക്ക് കിട്ടിയത് സാമ്പത്തിക സഹായം മാത്രമല്ല. ഒരേസമയം ക്ഷമയും സ്ഥിരോത്സാഹവും വിനയവും താന്‍ പഠിച്ചുവെന്ന് റിയാസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ചെയ്ത ഓരോ ഡെലിവെറിയും തന്നെ കൂടുതല്‍ ശക്തനാക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു.

താന്‍ കടന്നുപോയ തെരുവോരങ്ങള്‍, ഉപഭോക്താക്കള്‍, ഏറ്റവും ആവശ്യമുള്ള സമയത്ത് സ്വിഗ്ഗി നല്‍കിയ പിന്തുണ എന്നിവയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നതായും റിയാസുദ്ദീന്‍ പറയുകയുണ്ടായി. ഇപ്പോള്‍ റിയാസുദ്ദീനും സ്വിഗ്ഗിയും തമ്മിലുള്ള കൂട്ടുകെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

അതേസമയം റിയാസുദ്ദീന് മറുപടിയുമായി സ്വിഗ്ഗി രംഗത്തെത്തി. ‘നിങ്ങളുടെ കഥ പ്രചോദനമാണ്. ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്. നിങ്ങള്‍ കാണിച്ച ആത്മാര്‍ത്ഥ സേവനത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

നിങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായത്തില്‍ എല്ലാ വിജയങ്ങളും നേരുന്നു,’ എന്നായിരുന്നു സ്വിഗ്ഗിയുടെ മറുപടി. ഇതിനുപുറമെ സ്വിഗ്ഗി ഉള്‍പ്പെടെയുള്ള ഫുഡ് ഡെലിവറി കമ്പനികളില്‍ ജോലിയെടുക്കുന്ന ഒരു കൂട്ടം യുവാക്കളും പോസ്റ്റിനോട് പ്രതികരിക്കുന്നുണ്ട്.

Content Highlight: Techie forced to work as Swiggy delivery agent due to layoff