ന്യൂദല്‍ഹി: വലതുകൈയില്‍ പച്ചകുത്തിയതിന്റെ പേരില്‍ ഉദ്യോഗാര്‍ത്ഥിയെ അയോഗ്യനാക്കിയ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐ.ടി.ബി.പി) തീരുമാനം ദല്‍ഹി ഹൈക്കോടതി ശരിവെച്ചു.
കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയിലേക്ക് വിജയകരമായി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥിയുടെ കൈയില്‍ പേര് പച്ചകുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയിലാണ് ഇദ്ദേഹത്തെ അയോഗ്യനായി പ്രഖ്യാപിച്ചത്.
‘ടാറ്റൂ സല്യൂട്ട് ചെയ്യുമ്പോള്‍ ദൃശ്യമാണ്’ ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് നവീന്‍ ചൗള എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ടാറ്റൂ അടയാളം സ്വന്തം പേരാണെന്നും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളൊന്നും ടാറ്റൂവിനെ മെഡിക്കല്‍ അയോഗ്യതയായി പറയുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥി കോടതിയില്‍ വാദിച്ചു.
അയോഗ്യനാക്കിയ നടപടി ഇന്ത്യന്‍ സൈന്യം പിന്തുടരുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമല്ലെന്നും
അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
സല്യൂട്ട് ചെയ്യുന്ന വലതുകൈയില്‍ പച്ചകുത്തിയ ഉദ്യോഗാര്‍ത്ഥിക്ക് ഐ.ടി.ബി.പി പ്രഖ്യാപിച്ച തസ്തികയുടെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന മിനിമം മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ആ തസ്തികയ്ക്ക് യോഗ്യതയില്ലെന്ന് കോടതി പറഞ്ഞു.