national news
പകുതിയോളം കച്ചവടം നഷ്ടമായി ടാറ്റ മോട്ടോര്‍സ്; മാരുതിയുടെ നഷ്ടം 31.5%, ഓട്ടോമൊബൈല്‍ വ്യവസായം പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 01, 05:01 pm
Tuesday, 1st October 2019, 10:31 pm

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരവേ വില്‍പ്പന നഷ്ടം സംഭവിച്ച് രാജ്യത്തെ പ്രധാന വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സും മാരുതി സുസുക്കിയും. സെപ്തംബര്‍ മാസത്തില്‍ പകുതിയോളം കച്ചവടമാണ് ടാറ്റ മോട്ടോര്‍സിന് നഷ്ടപ്പെട്ടത്.

48 ശതമാനം ഇടിവാണ് ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞ മാസം സംഭവിച്ചത്. 36,376 വാഹനങ്ങളാണ് ടാറ്റ കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 64,598 വാഹനങ്ങളാണ് ടാറ്റ വിറ്റത്.

മാരുതി സുസുക്കിക്ക് 31.5 ശതമാനം ഇടിവാണ് നേരിട്ടത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തില്‍ 115,228 വാഹനങ്ങളാണ് വിറ്റതെങ്കില്‍ 78,979 വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റത്.

കോര്‍പ്പറേറ്റ് ടാക്സ് വെട്ടിക്കുറച്ചത് കൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധി എന്ന വിലയിരുത്തലില്‍ രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ എത്തിയിരുന്നു. താല്‍ക്കാലികമായി ഇത് ഗുണം ചെയ്യുമെങ്കിലും ദീര്‍ഘകാലത്തേക്ക് ഈ നടപടി കൊണ്ട് ഗുണമുണ്ടാവില്ല എന്നാണ് കമ്പനികള്‍ കണക്കുകൂട്ടുന്നത്.

നിലവിലെ പ്രശ്ന പരിഹാരത്തിന് ആവശ്യം ഉപഭോക്താക്കള്‍ മാര്‍ക്കറ്റിലേക്ക് മടങ്ങിവരലും വാങ്ങല്‍ ശേഷി വര്‍ധിക്കുക എന്നതുമാണ് എന്ന് കമ്പനികള്‍ കരുതുന്നു. വാഹനങ്ങള്‍ വാങ്ങാന്‍ ആളുകളുടെ കയ്യില്‍ പണമില്ലാത്ത അവസ്ഥയാണുള്ളതെന്നും ഈ അവസ്ഥ മറികടന്നാല്‍ മാത്രമേ ഓട്ടോമൊബൈല്‍ മേഖലയിലെ പ്രശനത്തിന് സ്ഥിരപരിഹാരം ഉണ്ടാവൂ എന്നാണ് കമ്പനികളുടെ വിലയിരുത്തല്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ 20 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം കച്ചവടമാണ് ഇപ്പോള്‍ മേഖലയില്‍ നടക്കുന്നത്. ഉത്സവ സീസണുകളിലെ വില്‍പ്പനയിലാണ് കമ്പനികള്‍ ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. അത് നടന്നില്ലെങ്കില്‍ എന്താണ് ഭാവി എന്ന ആശങ്കയിലാണ് കമ്പനികള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ