പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനം ചര്‍ച്ചചെയ്യേണ്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍. ബീഹാറില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ പറ്റാതെ പോയത് പാര്‍ട്ടിയുടെ ദേശീയ വിഷയമല്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും താരഖ് പറഞ്ഞു. എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര നേതൃത്വം ബീഹാര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുണ്ടെന്നും താരഖ് അന്‍വര്‍ പറഞ്ഞു.
‘ബീഹാറിലെ നമ്മുടെ പ്രകടനം വിലയിരുത്തി പോകേണ്ടതാണ്. മാത്രമല്ല, ഇത് പാര്‍ട്ടിയുടെ ദേശീയ വിഷയമൊന്നുമല്ല, ബീഹാറിന്റെ മാത്രം വിഷയമാണ്. കേന്ദ്ര നേതൃത്വം നന്നായി പിന്തുണച്ചിട്ടുണ്ട്. ഇത് ബീഹാര്‍ നേതൃത്വത്തിന്റെ പരാജയമാണ്,’ താരിഖ് അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടിക്ക് കിട്ടിയ അവസരം നല്ല രീതിയില്‍ വിനിയോഗിക്കാന്‍ സാധിച്ചില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. കപില്‍ സിബലിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നും നേതൃത്വം ഇതില്‍ ആത്മ പരിശോധന നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെയായെന്നും സിബല്‍ പറഞ്ഞു.
‘ഒരു ഫലപ്രദമായ ബദലായി പാര്‍ട്ടിക്ക് മാറാന്‍ കഴിയുന്നില്ല എന്നത് വലിയൊരു മോശം കാര്യമാണ്. കുറേ കാലത്തേക്ക് ബീഹാറില്‍ ഞങ്ങള്‍ക്ക് ഒരു ബദലാവാന്‍ സാധിച്ചില്ല. 25 വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശില്‍ ഒരു രാഷ്ട്രീയ ബദലാവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. ഇവ രണ്ടും രണ്ട് വലിയ സംസ്ഥാനങ്ങളാണ്. ഗുജറാത്തില്‍ പോലും അല്ല… എല്ലാ ലോക്സഭാ സീറ്റുകളിലും ഞങ്ങള്‍ പരാജയപ്പെട്ടു. അടുത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും അതേ പരാജയം നേരിട്ടു. അതായത് ഗുജറാത്തിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു ബദലായി തോന്നുന്നില്ല എന്നല്ലേ അതില്‍ നിന്നും മനസിലാക്കേണ്ടത്.
മധ്യപ്രദേശില്‍ 28 സീറ്റുകളില്‍ മത്സരിച്ചതില്‍ 8 സീറ്റുകളില്‍ മാത്രമാണ് ഞങ്ങള്‍ക്ക് വിജയിക്കാനായത്,’ കപില്‍ സിബല്‍ പറഞ്ഞു.
സംഘടനാപരമായി കോണ്‍ഗ്രസിന് സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്നമെന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അതിന്റെ ഉത്തരവും എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ ഉത്തരം സ്വയം ചികഞ്ഞ് കണ്ടെത്താനുള്ള ഒരു ശ്രമവും പാര്‍ട്ടിക്കകത്ത് നിന്ന് കൊണ്ട് നടക്കുന്നില്ല. എല്ലാവരുടെയും ഇന്നത്തെ ആശങ്കയും അതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ ഒരു ഫലവും കിട്ടുന്നില്ല. അപ്പോള്‍ അതിന് വേണ്ട കാര്യങ്ങള്‍ എന്താണെന്ന് തേടി കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.
ബീഹാറിലെയും വിവിധ ഉപതെരഞ്ഞെടുപ്പുകളിലെയും തോല്‍വിയെക്കുറിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ പതിവ് പോലെ എല്ലാം ഒരു ബിസിനസാണെന്നാവും അവര്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക