ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് ഭീഷണിയിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപണവുമായി തമിഴ് ജനത.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഹിന്ദിഭാഷയില്‍ പ്രസിദ്ധീകരിച്ചതിനെതിരെയാണ് തമിഴ്‌നാട്ടില്‍ പ്രതിഷേധമുയരുന്നത്. കാലാവസ്ഥ കേന്ദ്രത്തിന്റ മുന്നറിയിപ്പ് സന്ദേശങ്ങളടങ്ങിയ ട്വീറ്റുകള്‍ക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
സ്റ്റോപ്പ് ഹിന്ദി ഇംപോസിംഗ് എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ വിമര്‍ശനങ്ങളുയരുന്നത്. എന്തിനാണ് ഹിന്ദിയില്‍ സന്ദേശങ്ങള്‍? ഹിന്ദി ദേശീയ ഭാഷയല്ല. നിങ്ങള്‍ക്ക് ഇംഗ്ലീഷോ തമിഴോ അറിയില്ലേ, എന്നായിരുന്നു ഒരു ട്വീറ്റ്.
ഹിന്ദി കാലാവസ്ഥ വിഭാഗമെന്ന് പേര് മാറ്റുന്നതാകും നല്ലത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, ഞങ്ങള്‍ തമിഴ് ജനത ഇന്ത്യക്കാരല്ലെന്ന് വീണ്ടും വീണ്ടും പറയും, എന്നായിരുന്നു മറ്റൊരു ട്വീറ്റ്.
दक्षिण-पश्चिम बंगाल की खाड़ी के ऊपर स्थित चक्रवाती तूफान “निवार” बीते छह घंटे में 05 किमी प्रति घंटे की गति के साथ पश्चिम की ओर बढ़ा और भारतीय समयानुसार आज शाम , 24 नवंबर, 2020, 1730 बजे दक्षिण-पश्चिम बंगाल की खाड़ी में अक्षांश 10.0°N एवं देशान्तर 82.4°E पर केंद्रित है | pic.twitter.com/pwxB08iKJU
അതേസമയം നിവാര്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമായിരിക്കുകയാണ്. അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന വിലയിരുത്തലില്‍ തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യത കൂടുതലായതിനാല്‍ പുതുച്ചേരിയിലും അവധി പ്രഖ്യാപിക്കുകയും 144 പ്രഖ്യാപിക്കുകയും ചെയ്തു.
കാരക്കലിനും മാമല്ലപുരത്തിനും ഇടയിലായിരിക്കും അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
തെക്കേ ആന്ധ്രപ്രദേശില്‍ നിവാറിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ തമിഴ്‌നാട്ടില്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഒമ്പത് ജില്ലകളില്‍ സ്ഥിതി ഗുരുതരമാകാം.
മൂന്നു സംസ്ഥാനങ്ങളില്‍ 30 ല്‍ അധികം ടീമിനെ നിയോഗിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളില്‍ കഴിയുന്നവര്‍ അവിടെ തന്നെ കഴിയണം. മറ്റുള്ളവര്‍ ക്യാമ്പിലേക്ക് മാറണമെന്നും എന്‍.ഡി.ആര്‍.എഫ് അറിയിച്ചു. നിരവധി ട്രെയിന്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി.