മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ പുതിയ ഡാമിന് അനുമതി നല്‍കരുത്; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എം.കെ. സ്റ്റാലിന്റെ കത്ത്
national news
മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ പുതിയ ഡാമിന് അനുമതി നല്‍കരുത്; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എം.കെ. സ്റ്റാലിന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2024, 6:23 pm

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി നല്‍കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എഴുതിയ കത്തിലാണ് സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് മറികടന്നുകൊണ്ടാണ് കേരളത്തിന്റെ നീക്കമെന്നും സ്റ്റാലിന്‍ പറഞ്ഞു.

കേരളത്തിന്റെ തീരുമാനത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും എം.കെ. സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. മെയ് 28ന് പുതിയ ഡാം നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യം വിദഗ്ധ സമിതി പരിഗണിക്കാനിരിക്കവെയാണ് സ്റ്റാലിന്റെ കത്ത്.

നിലവിലുള്ള അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനവുമായി കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. പിന്നാലെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഡി.എം.കെ സര്‍ക്കാര്‍ അടിയന്തര യോഗം ചേരുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിന്റെ ആവശ്യത്തെ പ്രതിരോധിച്ച് എം.കെ. സ്റ്റാലിന്‍ രംഗത്തെത്തിയത്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പ്രൊജക്റ്റ് റിപ്പോര്‍ട്ട് ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് കേരളം തീരുമാനിച്ചിരിക്കുന്നത്. പുതിയ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏഴ് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ ഡാം നിര്‍മിക്കാനുള്ള അനുമതി അടിയന്തരമായി ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിനുള്ളതില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് കേരളത്തിന്റെ നിഗമനം.

നേരത്തെ അണക്കെട്ട് ശക്തിപ്പെടുത്തിയതിന് ശേഷം മാത്രം മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2006ലെയും 2014ലെയും വിധികളിലെ ശുപാര്‍ശകളും മേല്‍നോട്ട സമിതി നല്‍കിയ വിവിധ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളും കേരളം നടപ്പിലാക്കിയിട്ടില്ലെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടിയിരുന്നു.

സമഗ്ര പരിശോധന 2026 ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ചിലന്തിയാറിലെ തടയണ നിര്‍മാണവുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. അടുത്ത സിറ്റിങ്ങില്‍ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ തടയണയുടെ നിര്‍മാണം തടയുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.

ചിലന്തിയാറിലെ തടയണ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും എം.കെ. സ്റ്റാലിന്‍ കത്തയച്ചിരുന്നു.

Content Highlight: Tamil Nadu Chief Minister MK Stalin says should not give permission for a new dam in Mullaperiyar