Kerala News
സ്റ്റാലിന്‍ സഹോദരനെന്ന് പിണറായി; വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം തമിഴ്‌നാടും കേരളവും ഒരുമിച്ചാഘോഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 06, 04:58 pm
Monday, 6th March 2023, 10:28 pm

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്റെ സഹോദരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളേ ഉള്ളൂവെന്നും, അതിലൊന്ന് തമിഴ്‌നാടും മറ്റൊന്ന് കേരളവുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

മാറുമറക്കല്‍ സമരത്തിന്റെ 200ാം വാര്‍ഷികത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ നടന്ന മഹാസമ്മേളനത്തില്‍ എം.കെ. സ്റ്റാലിനൊപ്പം വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ഊഴിയ വേല ചെയ്യില്ല, തോള്‍ശീല ഞങ്ങള്‍ക്ക് അവകാശം’ എന്ന മുദ്രാവാക്യമുയര്‍ത്തി കന്യാകുമാരിയിലെ കല്‍ക്കുളത്ത് 1822ലാണ് കലാപത്തിന് തുടക്കം കുറിച്ചത്.

പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എം.കെ. സ്റ്റാലിനായിരുന്നു മുഖ്യാതിഥി. സമ്മേളനത്തില്‍ സി.പി.ഐ.എം കന്യാകുമാരി ജില്ലാ സെക്രട്ടറിയറ്റ് അംഗം എ.വി ബെല്ലാര്‍മിന്‍ അധ്യക്ഷത വഹിച്ചു.

വേദിയില്‍ എം.കെ. സ്റ്റാലിന്‍ പ്രസംഗിച്ചപ്പോള്‍ കേരളവും തമിഴ്‌നാടും ചേര്‍ന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കണമെന്ന് പിണറായി വിജയനോട് ആവശ്യപ്പെട്ടു. പരിപാടിയില്‍ ആദ്യം സംസാരിച്ചത് എം.കെ. സ്റ്റാലിനായാിരുന്നു. തുടര്‍ന്ന് സംസാരിച്ച പിണറായി വിജയന്‍ സ്റ്റാലിനെ ക്ഷണിക്കുകയും ചെയ്തു.

ത്രിപുരയില്‍ തിപ്ര മോത പാര്‍ട്ടി വോട്ട് ഭിന്നിപ്പിച്ചില്ലായിരുന്നെങ്കില്‍ തെരഞ്ഞടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ബി.ജെ.പിക്ക് ത്രിപുരയില്‍ 10 ശതമാനം വോട്ട് കുറഞ്ഞു. തിപ്ര മോത പാര്‍ട്ടി വോട്ട് ഭിന്നിപ്പിച്ചില്ലായിരുന്നെങ്കില്‍ ത്രിപുരയില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യം പലരും ഉപേക്ഷിക്കുകയാണ്,’ പിണറായി വിജയന്‍ പറഞ്ഞു.

ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ച കാലമാണ് രാജ്യത്ത് സംഘപരിവാര്‍
ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.

‘പശു കേന്ദ്രീകൃത രാഷ്ട്രീയമാണ് നടത്തുന്നത്. സംഘപരിവാറിന് ജനാധിപത്യത്തോട് അലര്‍ജിയാണ്. ബ്രാഹ്മണിക്കല്‍ കാലഘട്ടത്തിലേക്കാണ് സംഘപരിവാന്റെ പോക്ക്. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ ഇപ്പോഴും സനാതന ഹിന്ദുത്വം എന്ന വാക്ക് മുഴങ്ങി കേള്‍ക്കുന്നത്,’ പിണറായി വിജയന്‍ പറഞ്ഞു.