ബലാത്സംഗ കേസുകളില്‍ 'രണ്ട് വിരല്‍ പരിശോധന' ഒഴിവാക്കണം; അശാസ്ത്രീയമെന്ന് ഹൈക്കോടതി
national news
ബലാത്സംഗ കേസുകളില്‍ 'രണ്ട് വിരല്‍ പരിശോധന' ഒഴിവാക്കണം; അശാസ്ത്രീയമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th November 2021, 2:04 pm

മുംബൈ: ബലാത്സംഗത്തെ അതിജീവിച്ചവരില്‍ നടത്തുന്ന വിവാദമായ ‘രണ്ട് വിരല്‍ പരിശോധന’ ഒഴിവാക്കണമെന്ന് ബോംബൈ ഹൈക്കോടതി.

‘അശാസ്ത്രീയവും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടതുമായ രണ്ട് വിരല്‍ പരിശോധന’ ഒഴിവാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ബോംബെ ഹൈക്കോടതി പ്രത്യാശ പ്രകടിപ്പിച്ചു.

2013ല്‍ മുംബൈയിലെ ശക്തിമില്ലില്‍ വെച്ച് ഫോട്ടോ ജേര്‍ണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലെ
പ്രതി മുഹമ്മദ് അഷ്ഫാഖ് ദാവൂദ് ഷെയ്ഖ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയില്‍ ജെ.ജെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ അസ്വസ്ഥത ഉണ്ടാക്കുന്ന ചില വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് സെഷന്‍സ് ജഡ്ജി നടത്തിയ നിരീക്ഷണം ജസ്റ്റിസുമാരായ എസ്.എസ്. ജാദവ്, പി.കെ. ചവാന്‍ എന്നിവരുടെ ബെഞ്ച് പ്രത്യേകം ശ്രദ്ധിച്ചു.

സുപ്രീം കോടതി അപലപിച്ചിട്ടും പരിശോധനയില്‍ അപകീര്‍ത്തികരവും അശാസ്ത്രീയവുമായ രണ്ട് വിരല്‍ പരിശോധന’ ഡോക്ടര്‍മാര്‍ പിന്തുടര്‍ന്നതായി സെഷന്‍സ് ജഡ്ജി ചൂണ്ടിക്കാട്ടി.

ബലാത്സംഗക്കേസുകളില്‍ ഇരകളുടെ യോനിയില്‍ ഡോക്ടര്‍ രണ്ട് വിരലുകള്‍ കടത്തി നടത്തുന്ന പരിശോധനയാണ് ടി.എഫ്.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രണ്ട് വിരല്‍ പരിശോധന (Two Finger Test).

ഈ പരിശോധന അനാവശ്യവും അശാസ്ത്രീയവുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആരോഗ്യവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ പരിശോധനയ്ക്ക് വിലക്കുണ്ട്.

 

 

 

Content Highlights: Takes steps to shun unscientific two-finger test: Bombay High Court