ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ആദ്യ പകുതി പിന്നിട്ടിരിക്കുകയാണ്. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ബാറ്റു കൊണ്ട് തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത് സ്പിന്നര്‍ തബ്റെയ്സ് ഷംസിയാണ്. ഷംസിയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്നു ഇന്ന്.
പിറന്നാളിന് ഷംസിയ്ക്ക് ലഭിച്ചത് ഇരട്ടിമധുരമാണ്. ഇന്ത്യന്‍ നായകനും ലോകത്തിന്ന് കളിക്കുന്നതില്‍ ഏറ്റവും മികച്ച താരവുമായി വിരാട് കോഹ് ലിയുടെ വിക്കറ്റാണ് ഷംസി നേടിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ സുരേഷ് റെയ്ന പുറത്തായതോടെയായിരുന്നു വിരാട് കളിക്കളത്തിലെത്തിയത്.
ഏറെനേരം ക്രീസില്‍ തന്നെ നില്‍ക്കുമെന്ന് തോന്നിക്കുന്നതായിരുന്നു വിരാടിന്റെ പ്രകടനം. താരത്തിന്റെ നിലവിലെ ഫോം അനുസരിച്ച് വിരാടില്‍ നിന്നും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തന്റെ മൂന്നാം പന്തില്‍ തന്നെ വിരാടിനെ പുറത്താക്കി ഷംസി ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. ആദ്യ രണ്ടു പന്തും വിരാട് അനായാസം നേരിട്ടു. പക്ഷെ ഷംസിയെറിഞ്ഞ മൂന്നാം പന്തില്‍ വിരാടിന് അടിതെറ്റി.
പന്ത് വിരാടിന്റെ പാഡില്‍ കൊണ്ടതും വിക്കറ്റ് ഉറപ്പിച്ച ഷംസി അമ്പയറുടെ തീരുമാനത്തിന് പോലും കാത്തു നില്‍ക്കാതെ വിക്കറ്റ് കീപ്പര്‍ക്ക് അരികിലേക്ക് വിജയം ആഘോഷിക്കാനായി ഓടുകയായിരുന്നു. അമ്പയര്‍ ഔട്ട് വിളിച്ചതോടെ ഇമ്രാന് താഹിറിനെ പോലെ കൈകള്‍ വിരിച്ചു പിടിച്ച് മൈതാനത്തു കൂടി ഓടിയ ഷംസിയുടെ സന്തോഷം എത്രത്തോളമുണ്ടായിരുന്നുവെന്ന് പറഞ്ഞറിയിക്കേണ്ടതില്ല.
വീഡിയോ കാണാം
Gone! pic.twitter.com/myd3dUREbS
— Cricket Videos (@cricvideos11) February 18, 2018