ഇന്ത്യക്കായി ലോകകപ്പ് കളിച്ചവന്‍ ഇന്ന് ഇന്ത്യക്കെതിരെ ലോകകപ്പ് കളിക്കുന്നു; വിരാടിനും രോഹിത്തിനും ഇവന്‍ ഭീഷണിയാകുമോ?
T20 world cup
ഇന്ത്യക്കായി ലോകകപ്പ് കളിച്ചവന്‍ ഇന്ന് ഇന്ത്യക്കെതിരെ ലോകകപ്പ് കളിക്കുന്നു; വിരാടിനും രോഹിത്തിനും ഇവന്‍ ഭീഷണിയാകുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th June 2024, 1:16 am

ടി-20 ലോകകപ്പില്‍ ഇന്ത്യ ആതിഥേയരായ യു.എസ്.എയെ നേരിടാനൊരുങ്ങുകയാണ്. ആതിഥേയരെന്ന പ്രിവിലേജില്‍ ലോകകപ്പ് കളിക്കുന്നവര്‍ എന്ന പരിഹാസങ്ങളില്‍ തളരാതെ മിക്ക ഫുള്‍ മെമ്പര്‍ ടീമുകളേക്കാളും ഈ ലോകകപ്പ് കളിക്കാന്‍ തങ്ങള്‍ യോഗ്യരാണെന്ന് തെളിയിച്ചുകൊണ്ടാണ് അമേരിക്ക തിളങ്ങുന്നത്.

ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ അമേരിക്കയും തമ്മിലുള്ള പോരാട്ടത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുണ്ട്. നേരത്തെ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയ ടീമിനെ വിലകുറച്ചുകാണാന്‍ ഇന്ത്യന്‍ ടീമും ആരാധകരും ഒരിക്കലും മുതിരില്ല.

 

ഗ്രൂപ്പ് എ-യില്‍ തോല്‍വിയറിയാത്ത രണ്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മാച്ചിനുണ്ട്. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നതിനാല്‍ വിജയം മാത്രമാണ് ഇരുവരും ലക്ഷ്യമിടുന്നത്.

സൗരഭ് നേത്രാവല്‍ക്കര്‍ എന്ന ഇന്ത്യന്‍ വംശജനാണ് യു.എസ്.എയുടെ ബൗളിങ് നിരയെ നയിക്കുന്നത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുകയും സൂപ്പര്‍ ഓവറില്‍ ബാബറിനെയും സംഘത്തിനെയും പരാജയപ്പെടുത്തുകയും ചെയ്ത ഈ ഇടംകയ്യന്‍ പേസര്‍ അടക്കമുള്ളവരുടെ കരുത്ത് തന്നെയാണ് അമേരിക്കയുടെ കൈമുതല്‍.

ഇന്ത്യന്‍ വംശജന്‍ എന്നതിലപ്പുറം ഇന്ത്യന്‍ ജേഴ്‌സിയില്‍ ലോകകപ്പ് കളിച്ച താരം കൂടിയാണ് നേത്രാവല്‍ക്കര്‍. 2010 അണ്ടര്‍ 19 ലോകകപ്പിലാണ് നേത്രാവല്‍ക്കര്‍ ഇന്ത്യക്കായി പന്തെറിഞ്ഞത്.

അശോക് മനേരിയയുടെ നേതൃത്വത്തിലിറങ്ങിയ 2010 അണ്ടര്‍ 19ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു നേത്രാവല്‍ക്കര്‍. ആറ് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റ് നേടിയ ഇടം കയ്യന്‍ പേസര്‍ തന്നെയായിരുന്നു ഇന്ത്യയുടെ ലീഡിങ് വിക്കറ്റ് ടേക്കര്‍. 2008ല്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയ കിരീടം നിലനിര്‍ത്താനുറച്ചെത്തിയ മനേരിയക്കും സംഘത്തിനും എന്നാല്‍ കപ്പുയര്‍ത്താന്‍ സാധിച്ചിരുന്നില്ല.

U19 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും സീനിയര്‍ ടീമില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചില്ല. ഇതോടെ പഠനവുമായി മുന്നോട്ടുപോയ താരം സോഫ്റ്റ് എന്‍ജിനീയറായി മുന്നോട്ടുപോകവെ വീണ്ടും ക്രിക്കറ്റ് അദ്ദേഹത്തെ മാടി വിളിക്കുകയായിരുന്നു. യു.എസ്.എ നാഷണല്‍ ടീമിന്റെ ഭാഗമാണെങ്കിലും തന്റെ ജോലിയും നേത്രാവല്‍ക്കര്‍ തുടരുന്നുണ്ട്.

 

നേത്രാവല്‍ക്കര്‍ മാത്രമല്ല, ക്യാപ്റ്റന്‍ മോനങ്ക് പട്ടേല്‍ അടക്കം നിരവധി ഇന്ത്യന്‍ വംശജര്‍ അമേരിക്കന്‍ നിരയുടെ ഭാഗമാണ്. ഗുജറാത്തില്‍ ജനിച്ച പട്ടേല്‍ ഗുജറാത്ത് U16, U19 ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

ഒരര്‍ത്ഥത്തില്‍ ഇന്ത്യ vs ഇന്ത്യ മാച്ചാണ് ന്യൂയോര്‍ക്കില്‍ നടക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

യു.എസ്.എ സ്‌ക്വാഡ്

ആരോണ്‍ ജോണ്‍സ്, ഗജാനന്ദ് സിങ്, നിതീഷ് കുമാര്‍, ഷയാന്‍ ജഹാംഗീര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഹര്‍മീത് സിങ്, ജുവാനോയ് ഡ്രൈസ്‌ഡേല്‍, മിലിന്ദ് കുമാര്‍, നിസര്‍ഗ് കേതന്‍കുമാര്‍ പട്ടേല്‍, ഷാഡ്‌ലി വാന്‍ ഷാക്‌വിക്, സ്റ്റീവന്‍ ടെയ്‌ലര്‍, ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), മോനങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അലി ഖാന്‍, ജസ്ദീപ് സിങ്, നോസതുഷ് കെഞ്ചിഗെ, സൗരഭ് നേത്രാവല്‍ക്കര്‍, യാസിര്‍ മുഹമ്മദ്.

 

 

Content highlight: T20 World Cup 2024: Saurabh Netravalkar to play against his old team