IPL
ഐ.പി.എല്ലില്‍ ബാറ്റര്‍മാര്‍ ഇക്കാര്യം മറക്കുന്നു; തുറന്ന് പറഞ്ഞ് കോഹ്ലി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 28, 03:27 am
Monday, 28th April 2025, 8:57 am

ഐ.പി.എല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പരാജയപ്പെടുത്തിയിരുന്നു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപെട്ട ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഒമ്പത് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് ആര്‍.സി.ബി വിജയം നേടുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയുടെയും വിരാട് കോഹ്ലിയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളും ടിം ഡേവിഡിന്റെ ഫിനിഷിങ്ങുമാണ് ചെയ്സിങ്ങില്‍ ടീമിന് തുണയായത്.

മത്സരത്തില്‍ 47 പന്തില്‍ 51 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി സമ്മര്‍ദത്തിലായ ടീമിന് ക്രീസില്‍ ഉറച്ച് നിന്നും ക്രുണാലിനെ കൂട്ടുപിടിച്ചും വിരാട് തുണയായിരുന്നു. ടീമിനായി സീസണിലുടനീളം വിരാട് സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

മത്സരത്തിന് ശേഷം തന്റെ പ്രകടനത്തെ കുറിച്ചും ബാറ്റര്‍മാര്‍ക്ക് എന്തുകൊണ്ടാണ് ഐ.പി.എല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തത് എന്നതിനെ കുറിച്ചും വിരാട് സംസാരിച്ചിരുന്നു. മത്സരത്തില്‍ സിംഗിള്‍സും ഡബിള്‍സും എടുക്കുന്നുണ്ടെന്ന് താന്‍ ഉറപ്പാക്കാറുണ്ടെന്നും ഈ ഫോര്‍മാറ്റില്‍ കൂട്ടുകെട്ടുകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ആളുകള്‍ മറന്നു തുടങ്ങിയിരിക്കുന്നുവെന്നും കോഹ്ലി പറഞ്ഞു. വലിയ ഷോട്ടുകള്‍ക്ക് പോകുന്നതിന് മുമ്പ് ക്രീസില്‍ കുറച്ച് സമയം ചെലവഴിക്കേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘മത്സരത്തില്‍ സിംഗിള്‍സും ഡബിള്‍സും എടുക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പാക്കാറുണ്ട്. ഈ ഫോര്‍മാറ്റില്‍ കൂട്ടുകെട്ടുകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ആളുകള്‍ മറന്നു തുടങ്ങിയിരിക്കുന്നു.

ആദ്യ പന്തില്‍ തന്നെ വലിയ ഷോട്ടുകള്‍ അടിക്കുന്നത് ഏറ്റവും സുരക്ഷിതമായ ഓപ്ഷനല്ലെന്ന് ഈ വര്‍ഷം നമുക്ക് കാണിച്ച് തന്നു. ഷോട്ടുകള്‍ അടിക്കുന്നതിന് മുമ്പ് ക്രീസില്‍ സമയം ചെലവഴിക്കേണ്ടതുണ്ട്,’ കോഹ്ലി പറഞ്ഞു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് തുടക്കം പിഴച്ചിരുന്നു. 30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ടീം സമ്മര്‍ദത്തിലേക്ക് വഴുതി വീണു.

എന്നാല്‍ നാലാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയെത്തിയതോടെ ആര്‍.സി.ബി മത്സരത്തിലേക്ക് മടങ്ങിവന്നു. പതിയെയെങ്കിലും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച് വിരാട്-ക്രുണാല്‍ സഖ്യം ബെംഗളൂരുവിന് ജീവവായുവായി.

നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും തിരിച്ചടിച്ചത്. ടീം സ്‌കോര്‍ 26ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 145ലാണ്. വിരാട് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ടിം ദ്രാവിഡ് ക്രുണാലിനൊപ്പം ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

ക്രുണാല്‍ 47 പന്തില്‍ പുറത്താകാതെ 73 റണ്‍സും ടിം അഞ്ച് പന്തില്‍ പുറത്താകാതെ 19 റണ്‍സും അടിച്ചെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റല്‍സിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ബെംഗളൂരു ബൗളര്‍മാര്‍ ദല്‍ഹിയെ തളച്ചത്. 39 പന്തില്‍ 41 റണ്‍സെടുത്ത കെ.എല്‍. രാഹുലും 18 പന്തില്‍ 34 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സുമാണ് ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ചത്.

ബെംഗളൂരുവിനായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് നേടി. ക്രുണാല്‍ പാണ്ഡ്യയും യഷ് ദയാലുമാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

 

Content Highlight: IPL 2025: RCB vs DC: Virat Kohli speaks about inconsistent performance of batters in IPL