ചക് ദേ ഇന്ത്യ... ഒരു പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിന് അവസാനം; ലോകത്തിന്റെ നെറുകയില്‍ രോഹിത്, അവസാന ലോകകപ്പില്‍ കിരീടമണിഞ്ഞ് വിരാട്
T20 world cup
ചക് ദേ ഇന്ത്യ... ഒരു പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിന് അവസാനം; ലോകത്തിന്റെ നെറുകയില്‍ രോഹിത്, അവസാന ലോകകപ്പില്‍ കിരീടമണിഞ്ഞ് വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th June 2024, 11:49 pm

ഒരു പതിറ്റാണ്ടിലധികം നീണ്ട കിരീട വരള്‍ച്ച അവസാനിപ്പിച്ച് ഇന്ത്യ. 2024 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ടി-20 ലോകകപ്പുയര്‍ത്തുന്നത്.

ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയും അക്‌സര്‍ പട്ടേലിന്റെ അര്‍ധ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സുമാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

59 പന്ത് നേരിട്ട് ആറ് ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 76 റണ്‍സാണ് വിരാട് നേടിയത്. 31 പന്തില്‍ 47 റണ്‍സ് നേടി നില്‍ക്കവെ ക്വിന്റണ്‍ ഡി കോക്കിന്റെ ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടിലൂടെയാണ് അക്‌സര്‍ പട്ടേല്‍ പുറത്താകുന്നത്. നാല് സിക്‌സറും ഒരു ബൗണ്ടറിയുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

 

16 പന്തില്‍ 27 റണ്‍സ് നേടിയ ശിവം ദുബെയുടെ ഇന്നിങ്‌സും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി.

സൗത്ത് ആഫ്രിക്കക്കായി ആന്റിക് നോര്‍ക്യയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ കഗീസോ റബാദയും മാര്‍കോ യാന്‍സെനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്കും തുടക്കം പിഴച്ചിരുന്നു. റീസ ഹെന്‍ഡ്രിക്‌സിനെയും ഏയ്ഡന്‍ മര്‍ക്രമിനെയും ഒറ്റയക്കത്തിന് നഷ്ടപ്പെട്ട സൗത്ത് ആഫ്രിക്ക പക്ഷേ മൂന്നാം വിക്കറ്റില്‍ തിരിച്ചടിച്ചു.

ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും ക്വിന്റണ്‍ ഡി കോക്കിന്റെയും കൂട്ടുകെട്ടില്‍ സൗത്ത് ആഫ്രിക്ക മത്സരത്തിലേക്ക് തിരിച്ചുവന്നു. 58 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ സ്റ്റബ്‌സിനെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. എന്നാല്‍ അഞ്ചാം നമ്പറില്‍ ഹെന്‌റിക് ക്ലാസന്‍ കളത്തിലെത്തിയതോടെ ഇന്ത്യന്‍ ആരാധകര്‍ ആശങ്കയിലായി.

ഇന്ത്യയുടെ മികച്ച ബൗളര്‍മാരെ നിര്‍ദയം തല്ലിയൊതുക്കി ക്ലാസന്‍ സൗത്ത് ആഫ്രിക്കയെ വളരെ വേഗം ടാര്‍ഗെറ്റിലേക്കടുപ്പിച്ചു. നേരിട്ട 23ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ക്ലാസന്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടിരുന്നു.

എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ രക്ഷകനായി. ക്ലാസനെ പന്തിന്റെ കൈകളിലെത്തിച്ച് പുറത്താക്കി. 27 പന്തില്‍ 52 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ഡി കോക്കിന് പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലറും സൗത്ത് ആഫ്രിക്കക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ മില്ലറിനെ ഹര്‍ദിക് മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പുകളില്‍ ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞുതുടങ്ങിയിരുന്നു.

ആ ഓവറില്‍ റബാദയെയും മടക്കി ഹര്‍ദിക് മൂന്ന് വിക്കറ്റ് നേട്ടവും ആഘോഷമാക്കി. അവസാന പന്തില്‍ ഒരു റണ്‍സ് മാത്രം പിറന്നതോടെ ഇന്ത്യ ഏഴ് റണ്‍സിന്റെ വിജയം സ്വന്തമാക്കി.

17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി-20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. 2007ല്‍ ധോണിക്ക് കീഴില്‍ കിരീടം നേടിയ ഇന്ത്യ 2014ല്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. ശേഷം പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ ഒരിക്കല്‍ നഷ്ടപ്പെടുത്തിയ കിരീടം സ്വന്തമാക്കുകയായിരുന്നു.

 

 

Content Highlight: T20 World Cup 2024: India wins the T20 world cup after 17 years