കോഴിക്കോട്: മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് ടി. സിദ്ദീഖ് എം.എല്‍.എ.
സ്വാതന്ത്ര്യസമര കാലത്തെ അല്‍ അമീന്‍ പത്രം പോലെ മീഡിയവണ്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടി. സിദ്ദീഖിത്തിന്റ പ്രതികരണം.
‘മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അല്‍ അമീന്‍ പത്രം സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പോരാടിയതിന്റെ പേരില്‍ 1940ല്‍ രാജ്യസുരക്ഷാ നിയമപ്രകാരം അബ്ദുറഹ്മാന്‍ സാഹിബ് അറസ്റ്റിലായി. സമാന സാഹചര്യത്തിലൂടെയാണു മീഡിയവണ്‍ ചാനലും കടന്ന് പോകുന്നത്. ചെയ്ത രാജ്യദ്രോഹക്കുറ്റം എന്താണെന്ന് ബോധ്യപ്പെടുത്താതെ കേന്ദ്ര സര്‍ക്കാര്‍ ചാനലിനെ വിലക്കിയിരിക്കുന്നു.
ഇന്ത്യന്‍ ജനാധിപത്യം ഇരുട്ടിലാവുന്നതിന്റെ സൂചനയാണിത്. സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍, രാജാവിന് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ വിളിച്ച് പറഞ്ഞതിന്റെ പേരില്‍ വന്ന ഈ വിലക്ക് ചരിത്രത്തിലെ നാഴികക്കല്ലായിത്തീരുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇതിനേക്കാള്‍ വലിയ സന്നാഹങ്ങളുമായി ഇറങ്ങിയ ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച ചരിത്രമുള്ള ഇന്ത്യക്കാരുടെ, അവരുടെ ഷൂ നക്കുന്നതിനു പകരം അവരുടെ വിലക്കുകളും ദ്രോഹങ്ങളും ഏറ്റുവാങ്ങാന്‍ തയ്യാറായ ധീരദേശാഭിമാനികളുടെ പിന്‍തലമുറക്കാര്‍ ഈ രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് രക്ഷിച്ചെടുക്കുക തന്നെ ചെയ്യും.
നട്ടെല്ല് വളക്കാതെ, നേരെ നിവര്‍ന്ന് നിന്ന് എകാധിപതിക്ക് നേരെ ശബ്ദിക്കുന്നവരുടെ ഐക്യദാര്‍ഢ്യം. എന്താണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന രാജ്യദ്രോഹക്കുറ്റം എന്ന് ബോധ്യപ്പെടുത്തും വരെ, അല്ലെങ്കില്‍ ബോധ്യമാകും വരെ മീഡിയവണ്‍ ചാനലിനൊപ്പം,’ ടി. സിദ്ദീഖ് ഫേസ്ബുക്കില്‍ എഴുതി.
മീഡിയവണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ഇന്ന് ശരിവെക്കുകയായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്
നിലവില്‍ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിയിരിക്കുകയാണ്. വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് മീഡിയ വണ്‍ മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.
മീഡിയവണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍. നരേഷ് വിധി പറഞ്ഞത്. ഇന്നലെ കേസ് പരിഗണിക്കവേ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ രേഖകളുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയവണ്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നായിരുന്നു കോടതി പറഞ്ഞത്.
ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമാണ് മീഡിയവണ്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.
പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവനാന്തമായി കാണാന്‍ ആകില്ലെന്നും സെക്യൂരിറ്റി വിഷയങ്ങളില്‍ കാലാനുസൃത പരിശോധനകള്‍ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.
ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും 300ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും കേസില്‍ കക്ഷിചേര്‍ന്ന് മീഡിയവണ്‍ എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയനും കോടതിയെ അറിയിച്ചിരുന്നു.