ടി.പി വധക്കേസ്: പ്രതികളെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി
Kerala
ടി.പി വധക്കേസ്: പ്രതികളെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st January 2014, 6:58 pm

[]തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ നാല് പ്രതികളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

ട്രൗസര്‍ മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, അണ്ണന്‍ സിജിത്ത് എന്നിവരെയാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

വിയ്യൂര്‍ ജയിലിലായിരുന്ന ഇവരെ ജയില്‍ വാര്‍ഡന്‍ മര്‍ദ്ദിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് സി.പി.ഐ.എം എം.എല്‍.എമാര്‍ ഇവരെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

ഇതിന് ശേഷമാണ് പ്രതികളെ ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള നടപടിയുണ്ടായിരിക്കുന്നത്.

പ്രതികളില്‍ ചിലര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കു പറ്റിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല.

കെ.വി അബ്ദുള്‍ ഖാദര്‍, കെ.രാധാകൃഷ്ണന്‍ എന്നിവരാണ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചത്. കുന്ദംകുളം ഏരിയ സെക്രട്ടറിയും ഇവര്‍ക്കൊപ്പം ജയില്‍ സന്ദര്‍ശനത്തിനുണ്ടായിരുന്നു.

സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രതികളെ വിയ്യൂര്‍ ജയിലിലേയ്ക്ക് മാറ്റിയത്. പ്രതികള്‍ ജയിലില്‍ സുരക്ഷിതരല്ലെന്നും കണ്ണൂരില്‍ നിന്ന് മാറ്റണമെന്നും ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പ്രതികളില്‍ കൂടുതല്‍ പേരും കണ്ണൂര്‍ സ്വദേശികളായതിനാല്‍ പ്രശ്‌നസാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെ തുടര്‍ന്നാണ് പ്രതികള്‍ ഒമ്പതു പേരെയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഡി.ജി.പി ഉത്തരവിട്ടത്.