Film News
പാന്‍ ഇന്ത്യന്‍ ആക്ടറിന്റെ യഥാര്‍ത്ഥ നിര്‍വചനമാണ് ദുല്‍ഖര്‍ സല്‍മാന്‍: നാനി
പാന്‍ ഇന്ത്യന്‍ ആക്ടര്‍ എന്നതിന്റെ നിര്‍വചനം ദുല്‍ഖര്‍ സല്‍മാനാണെന്ന് നാനി. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഹിന്ദിയില്‍ നിന്നും മലയാളത്തില്‍ നിന്നുമുള്ള സംവിധായകര്‍ ദുല്‍ഖറിന് വേണ്ടി കഥയെഴുതുന്നുവെന്നും അതാണ് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നതിന്റെ യഥാര്‍ത്ഥ നിര്‍വചനമെന്നും നാനി പറഞ്ഞു. ഹൈദരാബാദില്‍ വെച്ച് നടന്ന കിങ് ഓഫ് കൊത്തയുടെ പ്രീ റിലീസ് ഇവന്റിലാണ് നാനിയുടെ പരാമര്‍ശം.
‘ഇന്ത്യയില്‍ എനിക്കറിയാവുന്ന അഭിനേതാക്കളില്‍ ദുല്‍ഖറാണ് പാന്‍ ഇന്ത്യന്‍ ആക്ടര്‍. കാരണം ഒരു ഹിന്ദി ഡയറക്ടര്‍ ദുല്‍ഖറിന് വേണ്ടി കഥയെഴുതുന്നു, തമിഴ് ഡയറക്ടര്‍ ദുല്‍ഖറിന് വേണ്ടി കഥയെഴുതുന്നു, തെലുങ്ക് ഡയറക്ടര്‍ ദുല്‍ഖറിന് വേണ്ടി കഥയെഴുതുന്നു, മലയാളം ഡയറക്ടറും ദുല്‍ഖറിന് വേണ്ടി കഥയെഴുതുന്നു. ഇതാണ് ഒരു പാന്‍ ഇന്ത്യന്‍ ആക്ടറിനുള്ള യഥാര്‍ത്ഥ നിര്‍വചനം,’ നാനി പറഞ്ഞു. കിങ് ഓഫ് കൊത്തക്ക് വിജയാശംസകളും അദ്ദേഹം നേര്‍ന്നു.
24ാം തീയതി കറങ്ങി നടക്കാതെ തിയേറ്ററില്‍ പോയി സിനിമ കാണണമെന്ന് പരിപാടിയില്‍ വെച്ച് ദുല്‍ഖര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഹര്‍ഷാരവങ്ങളോടെയാണ് ദുല്‍ഖറിന്റെ വാക്കുകള്‍ വേദി സ്വീകരിച്ചത്.
നാനിക്കൊപ്പം റാണ ദഗ്ഗുബാട്ടിയും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ദുല്‍ഖറിനൊപ്പം ഐശ്വര്യ ലക്ഷ്മി, അനിഖ എന്നിവരും പരിപാടിക്കെത്തിയിരുന്നു.
ഓഗസ്റ്റ് 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: Nani says Dulquer Salmaan is the true definition of pan indian actor