'ഒരു സന്ദര്‍ശനം കൊണ്ട് മാഞ്ഞുപോകുന്നതാണോ ചോരപ്പാടുകള്‍; കെട്ട രാഷ്ട്രീയത്തിനെതിരെ ജനാധിപത്യായുധം കൊണ്ട് വിധിയെഴുതാന്‍ ഞങ്ങളെ അനുവദിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍
കോഴിക്കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍.
ഔഫിന്റെ വീട് സന്ദര്‍ശിച്ച യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു സന്ദര്‍ശനം കൊണ്ട് മാഞ്ഞുപോകുന്നതാണോ ചോരപ്പാടുകള്‍ എന്ന് സുലൈമാന്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കൊല്ലും, എതിരഭിപ്രായത്തെ വെട്ടും. എങ്കില്‍ ഫാസിസവും ലീഗും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കിലെഴുതി.
‘മുസ്‌ലിം വേട്ട നടത്തുന്നത് ലീഗ് ആയാലും ആര്‍.എസ്.എസ് ആയാലും ഫാസിസം തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നു. ഞങ്ങളൊക്കെ ഇവിടെത്തന്നെ കാണും. പ്രിയപ്പെട്ട അബ്ദുറഹ്മാന്‍ ഔഫിനെ ഒറ്റവെട്ടിന് കൊന്നുതള്ളിയ ആ കെട്ട രാഷ്ട്രീയത്തിനെതിരെ ജനാധിപത്യായുധം കൊണ്ടൊന്നാഞ്ഞ് തല്ലാന്‍ ഞങ്ങളെ അനുവദിക്കണം’, സുലൈമാന്‍ ഫേസ്ബുക്കിലെഴുതി
ഡിസംബര്‍ 23ന് രാത്രി 10.30ഓടെയാണ് ഡി.വൈ.എഫ്.ഐ കല്ലൂരാവി യൂണിറ്റംഗമായ ഔഫിനെയും സുഹൃത്തിനെയും ഒരു സംഘം ആക്രമിച്ചത്. പ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.
സംഭവത്തില്‍ ഇര്‍ഷാദാണ് പ്രതിയെന്ന ഔഫിന്റെ സുഹൃത്ത് ഷുഹൈബിന്റെ മൊഴിയില്‍ പൊലീസ് കേസെടുത്തിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് ഔഫിനെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ച മറ്റൊരു സുഹൃത്ത് റിയാസ് പറഞ്ഞിരുന്നു.
തുടര്‍ന്ന് കൊലപാതകത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് വിട്ടു. കേസില്‍ കസ്റ്റഡിയിലെടുത്ത ഒന്നാം പ്രതി ഇര്‍ഷാദിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയെന്നും ഇര്‍ഷാദ് കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചിരുന്നു.
ഇര്‍ഷാദ് അടക്കം നാല് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ നാലുപേരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ ഇര്‍ഷാദടക്കം മൂന്ന് പേരെ ഔഫിന്റെ സുഹൃത്ത് ഷുഹൈബ് തിരിച്ചറിഞ്ഞിരുന്നു.
അതിനിടെ ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഔഫിന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അത്രയും ആശ്വാസം. പക്ഷേ, ഒരു സന്ദര്‍ശനം കൊണ്ട് മാഞ്ഞു പോകുന്നതാണോ ആ ചോരപ്പാടുകള്‍? തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കൊല്ലും, എതിരഭിപ്രായത്തെ വെട്ടും എങ്കില്‍ ഫാസിസവും ലീഗും വ്യത്യാസമെവിടെ?
തങ്ങളേ,
ഔഫ് പാവമായിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞ് ജനിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു അവന്‍. എല്ലാം തീര്‍ത്തു, ആ ഒറ്റ വെട്ടില്‍, സമുദായപാര്‍ട്ടിയുടെ സ്വന്തം കൊലപാതകി.
അകത്ത് ഭാവി തകര്‍ന്ന്, കരഞ്ഞ് തളര്‍ന്ന ആ പാവപ്പെട്ടവളുടെ ദീനരോദനം അങ്ങ് കേട്ടിരിക്കാം. സൂക്ഷിച്ച് ശ്രദ്ധിച്ചാല്‍ ഉപ്പച്ചിയെ വിളിച്ച് കരയുന്ന ആ കുഞ്ഞിളം പൈതലിന്റെ തേങ്ങലും അങ്ങേക്ക് കേള്‍ക്കാം. തിരിച്ചെത്തി വേണ്ടപ്പെട്ട സാറന്‍ മാര്‍ക്കൊക്കെ അത് കേള്‍പ്പിക്കാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു കൂട്ടത്തില്‍ സാറന്‍മാരോട് ഇത്ര കൂടി പറഞ്ഞേക്കണം.
ഒന്ന്, ഒരു വെട്ടില്‍ തകരുന്നതല്ല, എസ് വൈ എസ് പ്രസ്ഥാനം. രണ്ട്, മുസ്ലിംവേട്ട നടത്തുന്നത് ആര്‍.എസ്.എസ് ആയാലും ലീഗായാലും ഫാസിസം തന്നെയാണ്.
മൂന്ന്, നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നു. ഞങ്ങളൊക്കെ ഇവിടെ തന്നെ കാണും. പ്രിയപ്പെട്ട അബ്ദുറഹ്മാന്‍ ഔഫിനെ ഒറ്റവെട്ടിന് കൊന്നുതള്ളിയ ആ കെട്ട രാഷ്ട്രീയത്തിനെതിരെ ജനാധിപത്യായുധം കൊണ്ടൊന്നാഞ്ഞ് തല്ലാന്‍ ഞങ്ങളെ അനുവദിക്കണം. പ്ലീസ്, വെട്ടരുത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക