ഇനി സിറിയന്‍ ഹയ സോഫിയ; തുര്‍ക്കിയിലേതിനു പകരമായി സിറിയയില്‍ നിര്‍മിക്കുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി
World News
ഇനി സിറിയന്‍ ഹയ സോഫിയ; തുര്‍ക്കിയിലേതിനു പകരമായി സിറിയയില്‍ നിര്‍മിക്കുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th September 2020, 11:49 pm

തുര്‍ക്കിയിലെ ഹയ സോഫിയക്ക് പകരമെന്നോണം സിറിയയില്‍ നിര്‍മിക്കുന്ന ഹയ സോഫിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി പടിഞ്ഞാറന്‍ ഹമയിലെ സെയ്‌ലാബിയേ നഗരത്തിലാണ് പുതിയ ഹയ സോഫിയ നിര്‍മിക്കുന്നത്.

റഷ്യന്‍ പിന്തുണയോടെ സിറിയയില്‍ നിര്‍മിക്കുന്ന ഈ ദേവാലയത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക പ്രതിനിധികളും മതപുരോഹിതന്‍മാരും പങ്കെടുത്തു.

സ്ഥാപിച്ച ശിലയില്‍ ഇത്തരത്തിലൊരു പുതിയ ദേവാലയം ഉണ്ടാക്കുന്നതിന്റൈ പ്രസക്തിയെക്കുറിച്ച് എഴുതിയിട്ടുണ്ട്.

‘ ഈ നടപടിക്ക് സിറിയയിലെയും റഷ്യയിലെയും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ പുരോഹിതരുടെ അനുഗ്രഹമുണ്ട് . മാതൃദേവാലയമായ ഹയ സോഫിയക്കുള്ള ഐക്യദാര്‍ഢ്യമായി ഇവര്‍ ഇതിനെ കണക്കാക്കുന്നു. ഒപ്പം ക്രിസ്ത്യന്‍ ചരിത്രത്തില്‍ 1500 ഓളം വര്‍ഷം പഴക്കമുള്ള അതിന്റെ സവിശേഷതകള്‍ തുര്‍ക്കി പ്രസിഡന്റിന് ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു,’ ശിലയില്‍ എഴുതിയിരിക്കുന്നു.

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ പ്രധാന എതിരാളികളിലൊന്നായ തുര്‍ക്കിക്കെതിരെയുള്ള നടപടിയായാണ് പുതിയ ഹയ സോഫിയ നിര്‍മാണം വീക്ഷിക്കപ്പെടുന്നത്.

ജൂലൈയില്‍ ആണ് തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മുസ്ലിം ആരാധനലയമാക്കി മാറ്റിയത്. യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്ള ഹയ സോഫിയ ബൈസന്റൈന്‍ കാലഘട്ടത്തിലെ പ്രധാന ആരാധനായലമായിരുന്നു. 1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കിയ ശേഷം ഈ ആരാധനാലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. തുടര്‍ന്ന് റിപബ്ലിക് ഓഫ് തുര്‍ക്കി സ്ഥാപിതമായതിനു ശേഷം 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.

ഹയ സോഫിയക്കു പിന്നാലെ ഒരു മ്യൂസിയം കൂടി തുര്‍ക്കിയില്‍ പള്ളിയാക്കി മാറ്റിയിരുന്നു. ചരിത്ര പ്രസിദ്ധമായ ചോറ മ്യൂസിയം ആണ് ഹയ സോഫിയക്കു പിന്നാലെ മുസ്ലിം പള്ളിയാക്കി മാറ്റിയത്.

മുമ്പ് ബൈസന്റൈന്‍ കാലഘട്ടത്തിലെ ആരാധനാലയമായിരുന്നു ഈ മ്യൂസിയം. 1000 വര്‍ഷത്തോളം പഴക്കമുള്ള ഈ ചരിത്ര സ്മാരകം നേരത്തെ മുസ്ലിം പള്ളിയാക്കി മാറ്റിയ ഹയ സോഫിയയെ പോലെ തന്നെ ക്രിസ്ത്യന്‍ ചരിത്ര പശ്ചാത്തലത്തില്‍ വരുന്നതാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHT: syrian city lays foundation for replica of hagia sofia