രാജസ്ഥാനിലെ ഏതോ മരുഭൂമിയില്‍ നിന്ന് നോട്ടു നിരോധന വാര്‍ത്ത കേട്ടയുടന്‍ ചാടിയെഴുന്നേറ്റ് പ്രധാനമന്ത്രിക്ക് സല്യൂട്ടടിക്കുന്ന മോഹന്‍ലാല്‍ ആ മരുഭൂമിയില്‍ നിന്ന് ദയവായി പുറത്തു കടന്ന് രാജ്യത്തെ കഷ്ടത അനുഭവിക്കുന്ന ജനങ്ങളിലേക്ക് കണ്ണോടിക്കണമെന്നും സ്വരാജ് പറയുന്നു.
തൃശൂര്‍: നോട്ടു നിരോധനത്തില്‍ സര്‍ക്കാരിനെ അനകൂലിച്ച് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെതിരെ എം.സ്വാരാജ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. മോഹന്‍ലാല്‍ അബദ്ധം പറഞ്ഞിരിക്കുകയാണ്. വിഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നില്‍ മാത്രമേ മോഹന്‍ലാലിന് അവകാശമുള്ളൂ . സിനിമയ്ക്ക് പുറത്ത് ഇത്തരം കോമാളി വേഷങ്ങള്‍ ആരും ഇഷ്ടപ്പെട്ടുവെന്ന് വരില്ലെന്നും എം. സ്വരാജ് പറയുന്നു.
മോഹന്‍ലാലിന് വേണമെങ്കില്‍ എന്ത് നിലപാടും സ്വീകരിക്കാം. ഏത് പാര്‍ടിയില്‍ വേണമെങ്കിലും അംഗത്വമെടുക്കാം. എന്നാല്‍ എല്ലാവരാലും ആദരിക്കപ്പെടുന്ന ലാലിനെ പോലെ ഒരാള്‍ ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ നല്ല സൂക്ഷ്മതയും ജാഗ്രതയും പാലിക്കേണ്ടതായിരുന്നുവെന്നും സ്വരാജ് തന്റെ പോസ്റ്റില്‍ പറയുന്നു.
രാജസ്ഥാനിലെ ഏതോ മരുഭൂമിയില്‍ നിന്ന് നോട്ടു നിരോധന വാര്‍ത്ത കേട്ടയുടന്‍ ചാടിയെഴുന്നേറ്റ് പ്രധാനമന്ത്രിക്ക് സല്യൂട്ടടിക്കുന്ന മോഹന്‍ലാല്‍ ആ മരുഭൂമിയില്‍ നിന്ന് ദയവായി പുറത്തു കടന്ന് രാജ്യത്തെ കഷ്ടത അനുഭവിക്കുന്ന ജനങ്ങളിലേക്ക് കണ്ണോടിക്കണമെന്നും സ്വരാജ് പറയുന്നു.
പരിഷ്‌കാരത്തിന് ശേഷം പാര്‍ലമെന്റിനെ അഭിമുഖീകരിക്കാനുള്ള ധൈര്യവും ജനാധിപത്യ മര്യാദയും കാണിക്കാത്ത മോഡിയെ മോഹന്‍ലാല്‍ സല്യൂട്ട് ചെയ്യുമോയെന്ന് എം സ്വരാജ് തന്റെ പോസ്റ്റില്‍ ചോദിക്കുന്നു.
Read more: നോട്ട് പിന്‍വലിക്കലില്‍ നരേന്ദ്രമോദിയെ പിന്തുണച്ചത് നാലര ലക്ഷത്തോളം പേര്‍ മാത്രം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മലയാളത്തിന്റെ സൗഭാഗ്യമായ മഹാനടന്‍ ശ്രീ മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി നമ്മെ വിസ്മയിപ്പിച്ചിരിക്കുന്നു. ഇത്തവണ പക്ഷെ നടന മികവല്ല വിസ്മയ കാരണമെന്നു മാത്രം. അനവസരത്തില്‍ അബദ്ധം പറഞ്ഞു കൊണ്ടാണ് അദ്ദേഹം എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുന്നത്.
അസാധാരണമായ അഭിനയ പാടവത്താല്‍ ചലച്ചിത്രാസ്വാദക ലക്ഷങ്ങളുടെ ഹൃദയത്തിലിടം പിടിച്ച മഹാനടനാണ് ശ്രീ.മോഹന്‍ലാല്‍. അദ്ദേഹം അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങളാണ് ഇന്നും നമ്മെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും നിറം മങ്ങാത്ത എത്രയെത്ര ചിത്രങ്ങളാണ് മോഹന്‍ലാലിലൂടെ നമുക്ക് ലഭിച്ചത്. മലയാളത്തിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ് ലാലെന്ന് എനിക്കുറപ്പാണ്.
മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് എന്ത് നിലപാടും സ്വീകരിക്കാം. ഏത് പാര്‍ടിയില്‍ വേണമെങ്കിലും അംഗത്വമെടുക്കാം. എന്നാല്‍ എല്ലാവരാലും ആദരിക്കപ്പെടുന്ന ലാലിനെ പോലെ ഒരാള്‍ ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ നല്ല സൂക്ഷ്മതയും ജാഗ്രതയും പാലിക്കേണ്ടതുണ്ട്. ബ്ലോഗെഴുതാനിരിക്കുമ്പോള്‍ വിഷയത്തെക്കുറിച്ച് പ്രാഥമികമായെങ്കിലും മനസിലാക്കാനും പഠിക്കാനും അദ്ദേഹം തയ്യാറാവേണ്ടതായിരുന്നു. വിഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നില്‍ മാത്രമേ മോഹന്‍ലാലിന് അവകാശമുള്ളൂ . സിനിമയ്ക്ക് പുറത്ത് ഇത്തരം കോമാളി വേഷങ്ങള്‍ ആരും ഇഷ്ടപ്പെട്ടുവെന്ന് വരില്ല.
രാജസ്ഥാനിലെ ഏതോ മരുഭൂമിയില്‍ നിന്ന് നോട്ടു നിരോധന വാര്‍ത്ത കേട്ടയുടന്‍ ചാടിയെഴുന്നേറ്റ് പ്രധാനമന്ത്രിക്ക് സല്യൂട്ടടിക്കുന്ന മഹാനടന്‍ മരുഭൂമിയില്‍ നിന്ന് ദയവായി പുറത്തു കടക്കണം. ഇന്ത്യയിലെ ജനപഥങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കണം. സമകാലിക ഇന്ത്യയുടെ നേര്‍ ചിത്രം അപ്പോള്‍ കാണാന്‍ കഴിയും. സ്വന്തം ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടായിട്ടും മകളുടെ ചികിത്സക്കായി അത് പിന്‍വലിക്കാന്‍ കഴിയാതെ മനംനൊന്ത് ജീവനൊടുക്കിയ മന്‍മഥന്‍ പിള്ളയുടെ ചേതനയറ്റ ശരീരവും, മന്‍മഥന്‍ പിള്ളയെ പോലെ ഇന്ത്യയില്‍ ജനിച്ചു എന്ന കാരണത്താല്‍ മരിക്കേണ്ടി വന്ന എഴുപതിലധികം (ഇന്നുവരെയുള്ള കണക്ക് പ്രകാരം) പാവപ്പെട്ട മനുഷ്യരുടെ കുഴിമാടങ്ങളും കാണുമ്പോള്‍ ആര്‍ക്കെങ്കിലും പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യണമെന്ന് തോന്നുമോ ?. പൗരന്‍മാരുടെ ശവകുടീരങ്ങള്‍ക്ക് മേല്‍ പണിതുയര്‍ത്തുന്ന ഏത് രാഷ്ട്രത്തെ കുറിച്ചാണ് നിങ്ങള്‍ അഭിമാനം കൊള്ളുന്നത്?
Read more: ഫോട്ടോസ്റ്റാറ്റല്ല, ‘ഒറിജിനല്‍’ കള്ളനോട്ട്: 2000 രൂപയുടെ ആദ്യ ഫെയ്ക്ക് നോട്ട് ഗുജറാത്തില്‍
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനെയോ കള്ളപ്പണം തടയാനുള്ള നടപടികളെയോ അല്ല ആരും എതിര്‍ക്കുന്നത്. യാതൊരു മുന്നൊരുക്കവുമില്ലാതെ നടത്തിയ പരിഷ്‌കാരത്തിലൂടെ ഇന്ത്യയിലെ സാധാരണക്കാരെ സാമ്പത്തിക ബന്ദികളാക്കിയ ഭ്രാന്തന്‍ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്വിസ് ബാങ്കിലും മൗറീഷ്യസിലുമൊക്കെ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന് വീമ്പിളക്കിയവര്‍ ചെറുവിരലനക്കാതെ ജനതയുടെ കണ്ണില്‍ പൊടിയിടാന്‍ ചെപ്പടിവിദ്യകാണിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുത്തകയുടെ സ്വകാര്യ നെറ്റ് വര്‍ക്കിന്റെ പരസ്യത്തില്‍ ബ്രാന്‍ഡ് അംബാസിഡറായി പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രിയുടെ രാജ്യദ്രോഹ നടപടിയെയാണ് വിമര്‍ശിക്കുന്നത്. ഇതിനൊന്നും സല്യൂട്ടടിക്കാന്‍ ചിന്താശേഷിയുള്ള മനുഷ്യര്‍ക്കാവില്ല.
ഇപ്പോഴത്തെ നടപടിയെക്കുറിച്ച് പ്രശംസിച്ചു കൊണ്ട് ബ്ലോഗെഴുതിയ മോഹന്‍ലാല്‍ പറയുന്നത് ഇതോടെ ഇന്ത്യയിലെ കള്ളപ്പണമെല്ലാം അവസാനിക്കുമെന്നാണ്. അങ്ങനെ വിശ്വസിക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. പക്ഷെ വലിയ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ തീരുന്ന ശല്യമാണ് കള്ളപ്പണമെങ്കില്‍ ഇന്ന് ഇന്ത്യയില്‍ കള്ളപ്പണം ഉണ്ടാവാനേ പാടില്ലായിരുന്നുവെന്ന് ഓര്‍ക്കണം. കാരണം മോദി ജനിക്കുന്നതിന് മുമ്പുതന്നെ ഇക്കാരണം പറഞ്ഞ് പതിനായിരത്തിന്റെയും അയ്യായിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച രാജ്യമാണ് ഇന്ത്യ, 1978 ലും വലിയ നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടു. എന്നിട്ടും കള്ളപ്പണം പെരുകിയതെന്തുകൊണ്ടാണെന്നെങ്കിലും ലാല്‍ ചിന്തിക്കണമായിരുന്നു. ഇത്തരം നടപടികള്‍ സ്വീകരിച്ച ലോകരാജ്യങ്ങളില്‍ എവിടെയെങ്കിലും കള്ളപ്പണം അതോടെ ആവിയായി പോയോ എന്നുകൂടി പ്രിയനടന്‍ അന്വേഷിക്കുമെങ്കില്‍ നല്ലത്.
രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നും തിടുക്കപ്പെട്ട് ബ്ലോഗെഴുതുമ്പോള്‍
വാലന്റൈന്‍ സെര്‍ഗയേവ്ച്ച് പാവ് ലോവിനെ ശ്രീ മോഹന്‍ലാല്‍ തീര്‍ച്ചയായും ഓര്‍ക്കണമായിരുന്നു .
13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ ഈ മനുഷ്യന്‍ ഇന്ന് ഓര്‍മിക്കപ്പെടുന്നത് ഒരു വിഢിത്തത്തിന്റെ പേരിലാണ്. ചിലര്‍ ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുക വിഢിത്തങ്ങളുടെ പേരിലായിരിക്കും. സോവിയറ്റ് യൂണിയനിലെ അവസാനത്തെ പ്രധാനമന്ത്രിയായിരുന്നു വാലന്റൈന്‍ പാവ്‌ലോവ്. അദ്ദേഹം യു എസ് എസ് ആറില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ഇപ്പോള്‍ ശ്രീ.നരേന്ദ്ര മോദി ഇന്ത്യയില്‍ നടപ്പാക്കിയിരിക്കുന്നത്. രണ്ടു പരിഷ്‌കാരങ്ങളുടെയും സമാനതകള്‍ അദ്ഭുതകരമാണ്.
1991 ജനുവരി 22ന് താന്‍ പ്രധാനമന്ത്രിയായതിന്റെ ഒമ്പതാം നാളിലാണ് പാവ് ലോവ് തന്റെ മണ്ടന്‍ പരിഷ്‌കാരം റഷ്യയ്ക്ക് മേല്‍ അടിച്ചേല്‍പിച്ചത്. ലോക ഭൂപടത്തിലെ മഹാരാഷ്ട്രം കൊടും തണുപ്പില്‍ മൂടിപ്പുതച്ച് ഉറങ്ങാന്‍ തുടങ്ങുമ്പോഴാണ് രാത്രി കൃത്യം ഒമ്പത് മണിക്ക് സെന്‍ട്രല്‍ ടെലിവിഷനില്‍ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ഗോര്‍ബച്ചേവാണ് പാവ് ലോവിന്റെ പരിഷ്‌കാരം പ്രഖ്യാപിച്ചത്. 30 വര്‍ഷമായി പ്രചാരത്തിലുണ്ടായിരുന്ന റഷ്യയിലെ ഏറ്റവും വലിയ കറന്‍സികള്‍ 100 ഉം 50 ഉം റൂബിള്‍ നോട്ടുകള്‍ പിന്‍വലിക്കുന്നതായിരുന്നു പരിഷ്‌കാരം. പറഞ്ഞ കാരണങ്ങള്‍: കള്ളപ്പണം, കള്ളനോട്ട് , കള്ളക്കടത്ത് …..!
പോസ്റ്റാഫീസ്, റെയില്‍വേ സ്റ്റേഷന്‍, എയര്‍ പോര്‍ട്ട് എന്നിവിടങ്ങളില്‍ പഴയ കറന്‍സി ഉപയോഗിക്കാന്‍ ഏതാനും ചില ദിവസങ്ങളിലേക്ക് കൂടി അനുവാദം നല്‍കി. പഴയ കറന്‍സി മാറ്റി വാങ്ങാന്‍ ആയിരം റൂബിള്‍ എന്ന് പരിധി നിശ്ചയിച്ചു. ഒന്നില്‍ കൂടുതല്‍ ബാങ്കുകളില്‍ പോയി ആയിരം റൂബിള്‍ വീതം മാറുന്നത് തടയാന്‍ പാസ്‌പോര്‍ട്ടില്‍ മഷിയടയാളം വെച്ചു…! സ്വന്തം അക്കൗണ്ടിലുള്ള പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിച്ചു (പരമാവധി 500 റൂബിള്‍ ). അന്ന് റഷ്യക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ജനങ്ങള്‍ പോസ്റ്റോഫീസിലേക്കും എയര്‍പോര്‍ട്ടിലേക്കും റെയില്‍വേ സ്റ്റേഷനിലക്കും ഓടി ….. കൂട്ടമായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. പിന്നീട് ക്യാന്‍സല്‍ ചെയത് പുതിയ കറന്‍സിയാക്കാമെന്ന് കണക്ക് കൂട്ടി.
പാവ് ലോവ് പരിഷ്‌കാരം റഷ്യയില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കിയത്? മൂന്ന് മാസത്തിന് ശേഷം ഫലം വിലയിരുത്തിയപ്പോള്‍ സ്ഥിതി ഭയാനകമായിരുന്നു. ആത്മഹത്യകള്‍ പെരുകി, നിത്യോപയോഗ സാധനങ്ങളുടെ വില 300 ശതമാനം കണ്ട് വര്‍ദ്ധിച്ചു. ദേശീയ ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. ഫാക്ടറികള്‍ പൂട്ടി. തൊഴിലില്ലായ്മ രൂക്ഷമായി. ദേശീയ വരുമാനം മുമ്പുള്ളതിന്റെ 20% ആയി കുറഞ്ഞു. ജനങ്ങള്‍ തെരുവിലിറങ്ങിത്തുടങ്ങിയിരുന്നു.
രാഷ്ട്രം ഗുരുതരാവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍, ബഹുഭൂരിപക്ഷം പൗരന്മാരും നരകയാതന അനുഭവിക്കുമ്പോള്‍ പക്ഷെ ചിലര്‍ പാവ് ലോവിന് സല്യൂട്ടടിച്ചിരുന്നു. സ്തുതിഗീതങ്ങള്‍ പാടിയിരുന്നു. (അക്കൂട്ടത്തില്‍ ചലച്ചിത്ര താരങ്ങളുണ്ടായിരുന്നോ എന്നറിയില്ല). പരിഷ്‌കാരത്തിലൂടെ കള്ളപ്പണം ഇല്ലാതാകുമെന്നും രാജ്യം പുരോഗമിക്കുമെന്നും അക്കൂട്ടര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പരിഷ്‌കാരം നടപ്പിലാക്കി 6 മാസം തികയുന്നതിന് മുമ്പ് ആ രാഷ്ട്രം തകര്‍ന്നടിഞ്ഞു. സോവിയറ്റ് യൂണിയന്‍ എന്ന മഹത്തായ രാഷ്ട്രം തന്നെ ഇല്ലാതായി. സോവിയറ്റ് തകര്‍ച്ചയുടെ സുപ്രധാന കാരണങ്ങളിലൊന്നായി ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത് പാവ് ലോവ് പരിഷ്‌കാരമാണ് .
ഒരു ജനതയുടെ വെറുപ്പ് മുഴുവന്‍ ഏറ്റുവാങ്ങിയ പാവ് ലോവിന്റെ പരിഷ്‌കാരത്തെ ലോകത്തിലെ പത്ത് “സാമ്പത്തിക വിഢിത്ത “ങ്ങളിലൊന്നായി ഇന്ന് ധനതത്വ ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പാവ് ലോവ് പരിഷ്‌കാരത്തിന്റെ ഈച്ചക്കോപ്പിയാണ് ഇന്ത്യയില്‍ മോഡി നടപ്പാക്കുന്നത്. കോപ്പിയടിക്കുമ്പോള്‍ വിഢിത്തം തന്നെ കോപ്പിയടിക്കണമെന്ന് വാശി പിടിക്കുന്നവരെ കുറിച്ച് എന്തു പറയാന്‍. ഈ പരിഷ്‌കാരത്തെയാണ് മോഹന്‍ലാല്‍ സല്യൂട്ട് ചെയ്ത് സ്വീകരിക്കുന്നത്. ….!
പരിഷ്‌കാരത്തിന് ശേഷം പാര്‍ലമെന്റിനെ അഭിമുഖീകരിക്കാനുള്ള ധൈര്യവും ജനാധിപത്യ മര്യാദയും കാണിക്കാത്ത മോഡിയെ മോഹന്‍ലാല്‍ സല്യൂട്ട് ചെയ്യുമോ? കേരള മുഖ്യമന്ത്രി ഉള്‍പ്പെടുന്ന സര്‍വ്വകക്ഷിസംഘത്തെ കാണാനുള്ള സാമാന്യ മര്യാദപോലും പ്രകടിപ്പിക്കാത്ത പ്രധാനമന്ത്രിയെ ലാല്‍ സല്യൂട്ട് ചെയ്യുമോ ?. ഇത്തരം ഏകാധിപതികള്‍ക്കും അവരുടെ അരാജക ഭരണത്തിനും പിന്നീട് എന്തു സംഭവിച്ചുവെന്നു കൂടി ഇന്ന് സല്യൂട്ടടിക്കുന്നവര്‍ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും.