തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ പുതിയ പ്രസ്താവനയുമായി എം സ്വരാജ് എം.എല്‍.എ രംഗത്ത്. നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്.
ശുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ തങ്ങളോടൊപ്പമുള്ളവരാണെന്നും അതില്‍ തലകുനിക്കേണ്ട അവസ്ഥയാണ് പാര്‍ട്ടിക്കുളളതെന്നുമാണ് സ്വരാജ് അഭിപ്രായപ്പെട്ടത്. നിയമസഭയിലെ ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയ്ക്കിടയിലാണ് സ്വരാജ് നിയമസഭയില്‍ പ്രസ്താവന നടത്തിയത്.
Related News: ‘പൊലീസ് അന്വേഷണം തൃപ്തികരമല്ല’; ശുഹൈബ് വധക്കേസ് ഹൈക്കോടതി സി.ബി.ഐയ്ക്ക് വിട്ടു
“ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചചെയ്യുന്നത് കണ്ണൂരിലെ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ, ഒരു ചെറുപ്പക്കാരന്റെ കൊലപാതകമാണ്. ആ വധം സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഞങ്ങള്‍ ആ സംഭവത്തെ അപലപിക്കുകയാണ്. യാതൊരു സംശയവും വേണ്ട ആ കൊലപാതകത്തിന് അനുകൂലമായ നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഞങ്ങളോടൊപ്പമുള്ളവരാണെന്ന യാഥാര്‍ഥ്യം അഭിമാനപൂര്‍വ്വമല്ല ഞങ്ങള്‍ കാണുന്നത്. ആവാര്‍ത്തയുടെയും യാഥാര്‍ഥ്യത്തിന്റെയും മുന്നില്‍ ശിരസ്സ് കുനിച്ചു തന്നെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്” സ്വരാജ് പറഞ്ഞു
അതേസമയം ശുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ് ഇന്ന് പുറത്തുവന്നിരുന്നു. ശുഹൈബിന്റെ പിതാവിന്റെ ഹര്‍ജിയിന്‍മേലാണ് ഹൈക്കോടതി നടപടി.
ജസ്റ്റിസ് കമാല്‍ പാഷയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. സത്യം പുറത്ത് വരാന്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പറഞ്ഞ കോടതി പുതിയ കേസെന്ന നിലയ്ക്ക് സി.ബി.ഐയ്ക്ക് അന്വേഷിക്കാമെന്നും പറഞ്ഞു.