നമ്മളെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാവുന്ന അവസ്ഥയാണ്; പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ലെന്ന് സ്വര ഭാസ്‌കര്‍
national news
നമ്മളെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാവുന്ന അവസ്ഥയാണ്; പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ലെന്ന് സ്വര ഭാസ്‌കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th October 2021, 12:33 pm

ന്യൂദല്‍ഹി: ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിലെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍.

പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ലെന്ന് സ്വര പറഞ്ഞു.

സംവിധായകന്‍ പ്രകാശ് ഝായുടെ ഷൂട്ടിംഗ് സെറ്റില്‍ ബജ് രംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമിച്ച് കയറി ആക്രമിച്ച
സംഭവം ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് അവര്‍ പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാത്ത സംസ്‌കാരം നമ്മളെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാവുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നെന്നും സ്വര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രകാശ് ഝായുടെ ‘ആശ്രമം’വെബ് സീരീസിന്റെ ഷൂട്ടിംഗ് നടക്കുന്ന ഭോപ്പാലിലെ സെറ്റില്‍ ആക്രമണം നടന്നത്. സംഘമായി എത്തിയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റിലുള്ളവരെ ആക്രമിക്കുകയായിരുന്നു.
പ്രകാശ് ഝായുടെ മുഖത്ത് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ മഷിയൊഴിക്കുകയും ചെയ്തു.

ബോബി ഡിയോള്‍ അഭിനയിക്കുന്ന ‘ആശ്രമം’ വെബ് സീരീസിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം.

ഞായറാഴ്ച ഭോപ്പാലിലെ അരേര ഹില്‍സിലെ ഓള്‍ഡ് ജയില്‍ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.

സീരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ബോബി ഡിയോളും സ്ഥലത്തുണ്ടായിരുന്നു. നടനെ കയ്യില്‍ കിട്ടുമെന്ന് ആക്രോശിച്ചായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമം നടത്തിയത്.

‘പ്രകാശ് ഝാ മൂര്‍ദാബാദ്, ബോബി ഡിയോള്‍ മൂര്‍ദാബാദ്’ എന്നാക്രോശിച്ചുകൊണ്ടായിരുന്നു ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റിലേക്ക് അതിക്രമിച്ചുകയറിയത്.

ഹിന്ദുമതത്തെ അപമാനിക്കുന്നതാണ് ‘ആശ്രമം’ സീരീസ് എന്നാണ് ബജ്രംഗ് ദളിന്റെ വാദം. പേര് മാറ്റാതെ ഇത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ പറഞ്ഞിട്ടുണ്ട്.

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റിലുള്ളവരെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Swara Bhasker against Bajrang Dal Attack