'അനീതി ഉണ്ടായിട്ടും പുഞ്ചിരിച്ച് നേരിടുന്നു'; ചിരിച്ച് യാത്രപറഞ്ഞ് ജയിലിലേക്ക് മടങ്ങുന്ന ഉമര്‍ ഖാലിദിന്റെ ചിത്രം പങ്കുവെച്ച് സ്വര ഭാസ്‌കര്‍
national news
'അനീതി ഉണ്ടായിട്ടും പുഞ്ചിരിച്ച് നേരിടുന്നു'; ചിരിച്ച് യാത്രപറഞ്ഞ് ജയിലിലേക്ക് മടങ്ങുന്ന ഉമര്‍ ഖാലിദിന്റെ ചിത്രം പങ്കുവെച്ച് സ്വര ഭാസ്‌കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st January 2023, 11:48 pm

ന്യൂദല്‍ഹി: ദല്‍ഹി കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദ് തിഹാര്‍ ജയിലിലേക്ക് മടങ്ങിയിരുന്നു.

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 23ന് ദല്‍ഹി കോടതിയുടെ ഉത്തരവ് പ്രകാരം ഏഴ് ദിവസത്തേക്ക് ഖാലിദിനെ ജയില്‍ മോചിതനാക്കിയിരുന്നു.

ഡിസംബര്‍ 30ന് കീഴടങ്ങാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഉമര്‍ ഖാലിദിന്റെ പിതാവ് എസ്.ക്യൂ.ആര്‍. ഇല്യാസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഉമര്‍ കുടുംബത്തോട് യാത്രപറഞ്ഞ് ചിരിച്ച് ജയിലിലേക്ക് മടങ്ങുന്ന ചിത്രം
എസ്.ക്യൂ.ആര്‍. ഇല്യാസ് ഇതോടൊപ്പം പങ്കുവെച്ചിരുന്നു.

‘അനീതി ഉണ്ടായിട്ടും പുഞ്ചിരിച്ച് നേരിടുന്നു’ എന്നാണ് ഈ ചിത്രം പങ്കുവെച്ച് കൊണ്ട് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനെക്കുറിച്ചും പ്രസംഗിച്ചതിന്റെ പേരില്‍ ഈ ധീരനായ യുവാവ് ജയിലിലാണ്.

ട്രാന്‍സിറ്റ് ജാമ്യത്തിന് ശേഷം ഉമര്‍ ഖാലിദ് വീണ്ടും ജയിലിലേക്ക് മടങ്ങുന്നു, അനീതി ഉണ്ടായിട്ടും പുഞ്ചിരിച്ച് നേരിടുന്നു! എന്തൊരു താരമാണെദ്ദേഹം ‘വോ സുബഹ് കഭി തോ ആയേഗി ദോസ്ത്!,’ എന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്.

ആക്ടിവിസ്റ്റ് ഖാലിദ പര്‍വീണ്‍, ചലച്ചിത്രകാരന്‍ ഒനീര്‍, മാധ്യമപ്രവര്‍ത്തകന്‍ സാഹില്‍ റിസ്വി എന്നിവരും ഉമര്‍ ഖാലിദിന് പിന്തുണയുമായി എത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരില്‍ സെപ്റ്റംബറില്‍ ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. നവംബര്‍ 22 നാണ് ഉമര്‍ ഖാലിദ്, വിദ്യാര്‍ഥി നേതാക്കളായ ഷര്‍ജില്‍ ഇമാം, ഫൈസാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ ദല്‍ഹി പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത്.

ദല്‍ഹിയിലെ ജാമിയ ഏരിയയിലെ പ്രതിഷേധങ്ങളുടെയും വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ 2019 ഡിസംബറിലും 2020 ഫെബ്രുവരിയിലും അരങ്ങേറിയ കലാപങ്ങളുടെയും ആസൂത്രകന്‍മാരാണെന്ന് ആരോപിച്ച് ഖാലിദ്, ഷര്‍ജില്‍ ഇമാം തുടങ്ങി നിരവധി പേര്‍ക്കെതിരെ യു.എ.പി.എയിലേയും ഐ.പി.സിയിലേയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.