തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വപ്നയുടെ അമ്മ ഇന്ന് രാവിലെ അട്ടക്കുളങ്ങര ജയിലിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്‌ന പുറത്തിറങ്ങിയത്.
ആറു കേസുകളിലും സ്വപ്ന സുരേഷിന്റെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്‍.ഐ.എ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ട ശേഷമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്.
സ്വര്‍ണകടത്തു കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന സ്വപ്‌ന മാധ്യമങ്ങളെ കാണുമെന്ന് അമ്മ പ്രതികരിച്ചിട്ടുണ്ട്.
എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് സ്വപ്‌നയുടെ ജയില്‍മോചനത്തിനുള്ള വഴി തെളിഞ്ഞത്. സരിത്ത്, റോബിന്‍സണ്‍, റമീസ് എന്നിവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്വപ്ന സുരേഷ് അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു കോടതിയുടെ സിറ്റിങ്.