അറബിക്കല്യാണം എത്രത്തോളം ഇസ്‌ലാമികമാണ്?
Discourse
അറബിക്കല്യാണം എത്രത്തോളം ഇസ്‌ലാമികമാണ്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2013, 3:45 pm

ഇതിനെ വിശേഷിപ്പിക്കേണ്ടത് വിവാഹത്തിന്റെ മറവില്‍ നടന്ന വ്യഭിചാരം എന്നാണ്. ഈ പെണ്‍കുട്ടിയെ വിദേശപൗരന് വിവാഹം ചെയ്തുകൊടുത്ത യത്തീംഖാന നടത്തിപ്പുകാര്‍ സ്വന്തം മക്കളേയോ ബന്ധുക്കളേയോ ഇത്തരത്തില്‍ വിവാഹങ്ങള്‍ക്ക് പ്രേരിപ്പിക്കുമായിരുന്നോ എന്ന ചോദ്യത്തിന് സ്വന്തം മനസാക്ഷിയോട് ഉത്തരം പറയേണ്ടതുണ്ട്.


line

എസ്സേയ്‌സ്/സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി

line

[]ഏതു രീതിയില്‍ ചിന്തിച്ചാലും ന്യായീകരിക്കുവാന്‍ കഴിയാത്തതാണ് അറബിക്കല്യാണം. ഇന്ത്യയിലെ മറ്റേത് പ്രദേശത്തേക്കാള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ജാഗ്രതയോടെ പ്രവര്‍ത്തിച്ചു വരുന്ന സാക്ഷര കേരളത്തില്‍ ഈയിടെ കോഴിക്കോട് അത് വീണ്ടും സംഭവിച്ചു എന്നത് നടുക്കമുണ്ടാക്കുന്ന സംഭവമാണ്.[]

യു.എ.ഇ പൗരനായ ജാസിം മുഹമ്മദ് അബ്ദുള്‍ കരീം സന്ദര്‍ശക വിസയില്‍ കേരളത്തിലെത്തി സിയസ്‌കോ  അനാഥാലയത്തില്‍  കഴിഞ്ഞിരുന്ന നിര്‍ദ്ധനയും പതിനെട്ടു വയസ്സു തികയാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത് പലയിടത്തുമായി കൊണ്ടു പോയി ശാരീരികമായി ചൂഷണം ചെയ്ത് യു.എ.ഇയിലേക്ക് മടങ്ങിപ്പോവുകയും കുറച്ചു നാളുകള്‍ക്ക് ശേഷം ഏകപക്ഷീയമായി വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു എന്നതാണ് വിവാദ വിവാഹത്തിന്റെ ചുരുക്കം.

ഇതിനെ വിശേഷിപ്പിക്കേണ്ടത് വിവാഹത്തിന്റെ മറവില്‍ നടന്ന വ്യഭിചാരം എന്നാണ്. ഈ പെണ്‍കുട്ടിയെ വിദേശപൗരന് വിവാഹം ചെയ്തുകൊടുത്ത യത്തീംഖാന നടത്തിപ്പുകാര്‍ സ്വന്തം മക്കളേയോ ബന്ധുക്കളേയോ ഇത്തരത്തില്‍ വിവാഹങ്ങള്‍ക്ക് പ്രേരിപ്പിക്കുമായിരുന്നോ എന്ന ചോദ്യത്തിന് സ്വന്തം മനസാക്ഷിയോട് ഉത്തരം പറയേണ്ടതുണ്ട്.

അറിഞ്ഞിടത്തോളം പെണ്‍കുട്ടിയുടെ സമ്മതം കൂടാതെ നടന്ന സമ്മര്‍ദ്ദ വിവാഹമായിരുന്നു അത്. ഇത്തരം സമ്മര്‍ദ്ദ വിവാഹങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് നീതീകരിക്കാനാകാത്തതാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല.

brideഎന്നാല്‍ പ്രത്യേകമായി പറയേണ്ടതായ ഒരു കാര്യമുണ്ട്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും നല്ല മുസ്‌ലീമും മാതൃകാ മുസ്‌ലീമും മുഹമ്മദ് നബിയാണല്ലോ. അദ്ദേഹം സ്ത്രീയുടെ പൂര്‍ണ്ണസമ്മതം കൂടാതെ മാതാപിതാക്കള്‍ നടത്തിയ വിവാഹത്തെ പോലും സ്ത്രീയുടെ പരാതി പരിഗണിച്ച് റദ്ദ് ചെയ്തതായി ഹദ്ദീസുകളില്‍ കാണാം.

അത്തരിത്തിലൊരു ഹദ്ദീസ് ഇവിടെ ഉദ്ധരിക്കാം “” അന്‍സ്വാരി ഗോത്രജയായ ബന്‍സാബിന്‍ ഖിദാമ് രേഖപ്പെടുത്തിയ ഒരു സ്വാനുഭവ സാക്ഷ്യം ഇങ്ങനെ: വിധവയായിരിക്കേ എന്റെ പിതാവ് എന്നെ ഒരാള്‍ക്ക് വിവാഹം ചെയ്ത് കൊടുത്തു. എനിക്ക് ഈ വിവാഹം സമ്മതമല്ലായിരുന്നു. ഞാന്‍ നബി സമക്ഷം ആവലാതി ബോധിപ്പിച്ചു. നബി എന്റെ ആവലാതി പരിഗണിച്ച് ആ വിവാഹം റദ്ദാക്കി തന്നു “” (സ്വഹിഹൂല്‍ ബുഖാരി അദ്ധ്യായം 7 ാം സംഭാഷണം1764 കാണുക)

മുഹമ്മദ് നബിക്ക് വിവാഹത്തോടുള്ള സമീപനം എന്തെന്ന് ഈയുദ്ധരിച്ച ഹദ്ദീസില്‍ വളരെ സ്പഷ്ടമാണ്. മാതാപിതാക്കളോ ബന്ധുക്കളോ പെണ്ണിന്റെ സമ്മതം കൂടാതെ നടത്തിയ വിവാഹം റദ്ദ് ചെയ്തതിലൂടെ മുഹമ്മദ് നബി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടിയുടെ സമ്മതമില്ലാത്ത വിവാഹം അനിസ്‌ലാമികമാണെന്നാണ്.

ഈ നിലയില്‍ മതപണ്ഡിതര്‍ എന്ന് അവകാശപ്പെടുന്നവരുടെ കാര്‍മ്മകത്വത്തില്‍ യത്തീംഖാനയില്‍ വെച്ചു നടന്ന അറബിക്കല്യാണം എത്രത്തോളം ഇസ്‌ലാമികമാണെന്ന് വിവാഹം നടത്തിയവരും ഒത്താശ ചെയ്തവരുമായ മുസ്‌ലീങ്ങള്‍ പരിശോധിക്കേണ്ടതും പൊതുജനത്തെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്.

———————————————————————————–

line

മുഹമ്മദ് നബിക്ക് വിവാഹത്തോടുള്ള സമീപനം എന്തെന്ന് ഈയുദ്ധരിച്ച ഹദ്ദീസില്‍ വളരെ സ്പഷ്ടമാണ്. മാതാപിതാക്കളോ ബന്ധുക്കളോ പെണ്ണിന്റെ സമ്മതം കൂടാതെ നടത്തിയ വിവാഹം റദ്ദ് ചെയ്തതിലൂടെ മുഹമ്മദ് നബി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടിയുടെ സമ്മതമില്ലാത്ത വിവാഹം അനിസ്‌ലാമികമാണെന്നാണ്.line

nikah

വിവാഹത്തിന്റെ ഉദ്ദേശ്യം കാമപൂരണം മാത്രമല്ല. അതു മാത്രമാണ് ദാമ്പത്യം എങ്കില്‍ വിവാഹം എന്നത് നിയമാനുസൃതമായ വേശ്യാവൃത്തിക്കപ്പുറം മറ്റൊന്നും ആകുന്നുമില്ല.  വേശ്യയെ പ്രാപിച്ച് ലൈംഗികദാഹശമനം വരുത്താന്‍ നിശ്ചിതതുക നല്‍കണം.[]

ഒരു പെണ്ണിനെ നാലാളറിയേ ഒരു പുരുഷന്‍ സ്ഥിരമായി കിടക്ക പങ്കിടുവാനായി തരപ്പെടുത്തി എടുക്കാന്‍ അവള്‍ക്ക് വിവാഹമൂല്യം അഥവാ മഹര്‍ നല്കിയാല്‍ മതി എന്ന വ്യവസ്ഥയാണോ ഇസ്‌ലാമിക വിവാഹം? ആണെങ്കില്‍ മാത്രമേ യത്തീംഖാന അധികാരികളും മതപണ്ഡിതരും ചേര്‍ന്ന് യു.എ.ഇ പൗരന് അനാഥയായ പെണ്‍കുട്ടിയെ മഹര്‍ നല്‍കി വിവാഹം ചെയ്തുകൊടുത്ത നടപടിയെ വിവാഹം എന്ന് പേരിടുവാനാകൂ.

വിവാഹത്തിന്റെ ഉദ്ദേശ്യം കാമപൂരണം മാത്രമല്ലെങ്കില്‍ യത്തീംഖാനയില്‍ നടന്ന അറബിക്കല്യാണം മതപരിവേഷത്തോടു കൂടിയ ഒരു തരം കൂട്ടിക്കൊടുപ്പാണ്. നിശ്ചിത തുകയ്ക്ക് തൊലി വെളുപ്പും കൊഴുപ്പുമുള്ള പെണ്ണിനെ വിട്ടുകൊടുത്ത കാരുണ്യ ശൂന്യമായ മാംസ വ്യാപാരമാണ്.

അതൊരു മാംസവ്യാപാരമായതുകൊണ്ടു തന്നെ യു.എ.ഇ പൗരന് യത്തീംഖാനയിലെ അന്തേവാസികളായ മലയാള യുവതിയുടെ മാംസത്തിന്റെ ചൂടും ചൂരും മതിയായപ്പോള്‍ അയാള്‍ക്ക് അവളെ മൊഴിചൊല്ലി സ്വയം തടിതപ്പാനുമായി. കേരളവാസത്തില്‍ കൂട്ടുകിടക്കാനൊരു പെണ്ണ് എന്നതിനപ്പുറം മറ്റൊരു സദ്ദുദ്ദേശ്യവും യു.എ.ഇ പൗരന് ഇല്ലായിരുന്നെന്ന് വ്യക്തം.

ഉണ്ടായിരുന്നെങ്കില്‍ അയാള്‍ യു.എ.ഇയിലേക്ക് യത്തീംഖാന പെണ്‍കുട്ടിയെ സ്വന്തം വധു എന്ന അന്തസ്സോടെ കൊണ്ടുപോകാന്‍ വേണ്ടുന്ന നടപടികള്‍ എടുക്കുമായിരുന്നു.

ഇത്തരം സ്ത്രീവിരുദ്ധവും സ്ത്രീ പീഡനപരവുമായ വിവാഹത്തട്ടിപ്പുകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുവാന്‍ കര്‍ശനമായ നടപടികള്‍ യു.എ.ഇ പൗരനെതിരെയോ അയാളുമായി യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹത്തില്‍ ഏര്‍പ്പെടുത്തുവാന്‍ കൂട്ടുനിന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേയും സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടാവണം.

weddingമാത്രമല്ല യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ സ്വദേശികളോ വിദേശികളോ ആയി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് നിശ്ചിത ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ വനിതാ കമ്മീഷന്റെ അനുമതി തേടുകയും നേടുകയും വേണമെന്നൊരു നിയമവ്യവസ്ഥ കൂടി ഉണ്ടാവുന്നതും വിവാഹത്തിന്റെ പേരിലും മറവിലുള്ള മാംസവ്യാപാരങ്ങള്‍ തുടര്‍ന്ന് ഉണ്ടാകാതിരിക്കുവാന്‍ സഹായകമാകുമെന്നും തോന്നുന്നു.

താലിബാന് സമാനമായ തീവ്രവാദങ്ങളും ഇമ്മാതിരിയുള്ള അറബിക്കല്യാണങ്ങളും മറ്റും മഹാനായ മുഹമ്മദ് പ്രബോധനം ചെയ്ത മഹത്തരമായ ഇസ്‌ലാമിനെ സംശയദൃഷ്ടിയോടെയും പരിഹാസത്തോടെയും കാണുവാനും വിലയിരുത്തുവാനുമാണ് വഴിവെക്കുന്നതെന്ന തിരിച്ചറിവെങ്കിലും മുസ്‌ലീങ്ങള്‍ക്കും അവരുടെ നേതൃത്വം വഹിക്കുന്ന പണ്ഡിതന്മാര്‍ക്കും ഇനിയെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടെ കേരളത്തില്‍ നിന്ന് അത്തരം ഉദ്ബുദ്ധമായ ഒരു മുസ്‌ലീം സമുദായവും നേതൃത്വവുമാണ് ഉയര്‍ന്നു വരേണ്ടത്. അല്ലാതെ പതിനാറില്‍ കല്ല്യാണം കഴിച്ച് പതിനേഴില്‍ പ്രസവിച്ചില്ലെങ്കില്‍ മുസ്‌ലീം പെണ്‍കുട്ടികള്‍ കാലപ്പഴക്കത്താല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്ന പോലെ ചീത്തയായി പോകുമെന്ന് വാശിപിടിപ്പിക്കുന്ന മത പണ്ഡിതരും അനുയായികളുമല്ല.