Advertisement
Entertainment news
ദീപക്കേട്ടനില്‍ എത്തുക എന്ന ഒരൊറ്റ ഫോക്കസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരെ ട്രെയിന്‍ കേറി; ദീപക് ദേവിന്റെ അസിസ്റ്റന്റായതിനെക്കുറിച്ച് സുഷിന്‍ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 16, 09:17 am
Tuesday, 16th November 2021, 2:47 pm

മാലിക്, കുമ്പളങ്ങി നൈറ്റ്‌സ്, വരത്തന്‍, അഞ്ചാം പാതിര, വൈറസ്-തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ സംഗീതത്തിലൂടെ മലയാളികളുടെ ഫേവറൈറ്റ് ആയി മാറിയ യുവസംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. ഏറ്റവും പുതിയതായി മിന്നല്‍ മുരളി, കുറുപ്പ് എന്നിങ്ങനെ വ്യത്യസ്ത ഴോനറുകളിലുള്ള രണ്ട് സിനിമകള്‍ക്ക് സംഗീത സംവിധാനം നല്‍കിയതിന്റെ സന്തോഷത്തിലാണ് സുഷിന്‍.

സംഗീത സംവിധായകന്‍ ദീപക് ദേവിനൊപ്പം മുമ്പ് വര്‍ക്ക് ചെയ്തിട്ടുള്ളയാളാണ് സുഷിന്‍. എഞ്ചിനീയറിങ് പഠനം പകുതി വഴിയില്‍ ഉപേക്ഷിച്ച് ചെന്നൈയില്‍ ദീപക് ദേവിന്റെ അടുത്തേയ്ക്ക് പോയതിന്റെ അനുഭവം പറയുകയാണ് സുഷിന്‍ ഇപ്പോള്‍.

ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുഷിന്‍.

”ഞാന്‍ എഞ്ചിനീയറിങ് പഠിച്ച് കൊണ്ടിരുന്ന സമയത്ത് കേള്‍ക്കുന്നത് ദീപക്കേട്ടന്റെ പാട്ടുകളാണ്. മലയാളം ഇന്‍ഡസ്ട്രിയില്‍ പുതിയതായി എന്തോ ഒരു സംഭവം കൊണ്ടുവന്നുവെന്ന് തോന്നിപ്പിച്ചത് ദീപക്കേട്ടന്‍ ആയിരുന്നു.

ദീപക്കേട്ടനില്‍ എത്തുക എന്ന ഒരൊറ്റ ഫോക്കസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരെ ട്രെയിന്‍ കേറി,” സുഷിന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ആദ്യമൊക്കെ, അസിസ്റ്റന്‍സിനെ നോക്കുന്നില്ല, എല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത് എന്നായിരുന്നു ദീപക് ദേവ് പറഞ്ഞതെന്നും മാക്‌സിമം റിക്വസ്റ്റ് ചെയ്തിട്ട് അവസാനം സ്റ്റുഡിയോയില്‍ കയറ്റുകയായിരുന്നെന്നും സുഷിന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

പഠനം പാതിവഴിയില്‍ നിര്‍ത്തി സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ കുടുംബത്തില്‍ നിന്ന് വന്ന പ്രതികരണങ്ങളെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നുണ്ട്.

പല ആള്‍ക്കാര്‍ക്കും ഞാന്‍ പല രീതിയില്‍ ആയിക്കാണണം എന്നുണ്ടായിരുന്നു. അച്ഛന്‍ ഒരു മ്യുസിഷനാണ്. പക്ഷേ അത് പിന്തുടര്‍ന്നിട്ടില്ല. അതുകൊണ്ടായിരിക്കും എന്നെ ചെറുപ്പത്തിലേ സംഗീത രംഗത്തേയ്ക്ക് വിട്ടത്.

ഞാന്‍ പഠിത്തത്തില്‍ ഉഴപ്പിയാലും, മ്യൂസിക് ഉള്ളതുകൊണ്ട് അധികമാരും എന്നെ അത് പറഞ്ഞ് ഉപദ്രവിച്ചിട്ടില്ല. സൗണ്ടിനെ പറ്റി പഠിക്കണം എന്ന ആഗ്രഹം എനിക്ക് ചെറുപ്പത്തിലേ ഉണ്ട്.

എന്റെ ആന്റിക്കും അങ്കിളിനും ഞാന്‍ ഭയങ്കര കാശുകാരന്‍ ആവണമെന്നായിരുന്നു. എന്റെ അകത്ത് മ്യൂസിക് എത്രത്തോളമുണ്ടെന്ന് അവര്‍ക്ക് അറിയാത്തത് കൊണ്ടാവും. ഞാന്‍ നന്നാവണം എന്ന രീതിയിലാണ് അവര്‍ എനിക്ക് എഞ്ചിനീയറിങ്ങ് സജസ്റ്റ് ചെയ്തത്,” സുഷിന്‍ പറഞ്ഞു.

ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായ സുഷിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്
മമ്മൂട്ടി നായകനായ അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം, എന്നിട്ടവസാനം തുടങ്ങിയവയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sushin Shyam talking about Deepak Dev