Sports News
ചെറുക്കന്‍ ഒന്ന് ഫോമായതേ ഉള്ളൂ, ദേ കിടക്കുന്നു കോഹ്‌ലി താഴെ; 10 വര്‍ഷത്തെ കുത്തക റെക്കോഡ് തകര്‍ത്ത് സ്‌കൈ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 25, 07:07 am
Monday, 25th September 2023, 12:37 pm

 

ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയുടെ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഓസീസിന്റെ ഇന്ത്യന്‍ പര്യടനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് ഇന്ത്യ സീരീസ് സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഇന്നിങ്‌സിനിടെ മഴയെത്തുകയും ഡി.എല്‍.എസ് നിയമം വഴി വിജയലക്ഷ്യം 317 ആയി പുനര്‍നിശ്ചയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഓസീസ് 217 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഇന്ത്യ 99 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യക്കായി ശ്രേയസ് അയ്യരും ശുഭ്മന്‍ ഗില്ലും ടോപ് ഓര്‍ഡറില്‍ സെഞ്ച്വറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും ടി-20യിലെ വെടിക്കെട്ട് വീരന്‍ സൂര്യകുമാര്‍ യാദവും മിഡില്‍ ഓര്‍ഡറില്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.

ഏകദിനത്തില്‍ ടി-20 ഫോര്‍മാറ്റില്‍ ബാറ്റേന്തിയാണ് സ്‌കൈ ഇന്ത്യന്‍ സ്‌കോറിങ്ങിന് വേഗം നല്‍കിയത്. 37 പന്തില്‍ നിന്നും പുറത്താകാതെ 72 റണ്‍സാണ് സ്‌കൈ നേടിയത്. ആറ് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 194.59 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സ്‌കൈ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.

ഈ ഇന്നിങ്‌സിനിടെ ഒരു തകര്‍പ്പന്‍ റെക്കോഡും സൂര്യ സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ ഓസീസിനെതിരെ ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന വേഗമേറിയ അര്‍ധ സെഞ്ച്വറി എന്ന റെക്കോഡാണ് സൂര്യ തന്റെ പേരില്‍ കുറിച്ചത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാടിന്റെ പേരിലുള്ള റെക്കോഡാണ് താരം സ്വന്തമാക്കിയത്.

24 പന്തിലാണ് സൂര്യകുമാര്‍ ഫിഫ്റ്റിയടിച്ചത്. 2013ല്‍ 27 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോഡാണ് സ്‌കൈ തന്റെ പേരിലേക്ക് മാറ്റിയെഴുതിത്.

ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ വേഗമേറിയ മൂന്നാമത് അര്‍ധ സെഞ്ച്വറി നേട്ടം കൂടിയാണിത്. 2000ല്‍ സിംബാബ്‌വേക്കെതിരെ 21 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അജിത് അഗാര്‍ക്കറിന്റെ പേരിലാണ് വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരം എന്ന റെക്കോഡുള്ളത്.

നാല് താരങ്ങളാണ് 22 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. കപില്‍ ദേവ്, വിരേന്ദര്‍ സേവാഗ്, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ് എന്നിവരാണ് ലീഡര്‍ബോര്‍ഡില്‍ രണ്ടാമതുള്ളത്.

 

Content Highlight: Suryakumar Yadav surpasses Virat Kohli to secure unique record