വിരാട് കോഹ്‌ലിയുടെ പിന്‍മുറക്കാരന്‍? സൂചന നല്‍കി സൂര്യകുമാര്‍ യാദവ്
Sports News
വിരാട് കോഹ്‌ലിയുടെ പിന്‍മുറക്കാരന്‍? സൂചന നല്‍കി സൂര്യകുമാര്‍ യാദവ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th November 2024, 7:07 pm

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ 2024ലെ ടി-20 ക്യാമ്പെയ്‌നുകളോട് വിടപറയുന്നത്. നാല് മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.

ജോഹനാസ്‌ബെര്‍ഗില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തിലക് വര്‍മയുടെയും സഞ്ജു സാംസണിന്റെയും സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 148ന് പുറത്തായി.

തിലക് വര്‍മ 47 പന്തില്‍ പുറത്താകാതെ 120 റണ്‍സ് നേടിയപ്പോള്‍ 56 പന്തില്‍ പുറത്താകാതെ 109 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായും പരമ്പരയിലെ താരമായും തെരഞ്ഞെടുത്തത് തിലകിനെ തന്നെയായിരുന്നു.

 

ഇപ്പോള്‍ തിലക് വര്‍മയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. വിരാട് കോഹ്‌ലിയുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടാക്കിയ ശൂന്യത നികത്താനുള്ള അവസരമായിരുന്നു തിലക് വര്‍മയ്ക്കുണ്ടായിരുന്നതെന്നും അവന്‍ അത് കൃത്യമായി വിനിയോഗിച്ചെന്നും സൂര്യ പറഞ്ഞു.

‘ഒരു വ്യക്തി (വിരാട് കോഹ്‌ലി) തന്നെ സ്ഥിരമായി ഇന്ത്യയുടെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുകയും അത്ഭുതങ്ങള്‍ പുറത്തെടുക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. തിലക് വര്‍മയെ പോലെ ഒരു യുവതാരത്തിന് ആ സ്ഥാനം സ്വന്തമാക്കാനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുമുള്ള ഏറ്റവും മികച്ച അവസരമായിരുന്നു ഇത്,’ മത്സരശേഷം സൂര്യ പറഞ്ഞു.

സൂര്യയുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിവെക്കുന്ന പ്രകടനമായിരുന്നു മൂന്നാം നമ്പറില്‍ തിലക് പുറത്തെടുത്തത്.

സെഞ്ചൂറിയനില്‍ നടന്ന മൂന്നാം മത്സരത്തിലാണ് തിലക് പരമ്പരയിലാദ്യമായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയത്. സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാടെ നിരാശപ്പെടുത്തിയ മത്സരത്തില്‍ സെഞ്ച്വറിയടിച്ചാണ് തിലക് തിളങ്ങിയത്. 56 പന്ത് നേരിട്ട് പുറത്താകാതെ 107 റണ്‍സാണ് താരം സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ ആദ്യ ടി-20ഐ സെഞ്ച്വറിയായിരുന്നു അത്.

വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ കൂടുതല്‍ ശക്തനായ തിലക് വര്‍മയെയാണ് ആരാധകര്‍ കണ്ടത്. അഭിഷേക് ശര്‍മ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ തിലക് സഞ്ജുവിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡിന്റെ വേഗത കുറയാതെ കാത്തു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി ചരിത്രം കുറിച്ച ശേഷമാണ് തിലക് കളം വിട്ടത്.

അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ അഞ്ചാമത് താരമെന്ന നേട്ടമാണ് തിലക് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. സഞ്ജുവിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും മുംബൈ ഇന്ത്യന്‍സിന്റെ യുവരക്തം സ്വന്തമാക്കി.

അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

ഗുസ്തേവ് മക്കിയോണ്‍ – ഫ്രാന്‍സ് – സ്വിറ്റ്സര്‍ലാന്‍ഡ് | നോര്‍വേ – 109 | 101 2022

റിലി റൂസോ – സൗത്ത് ആഫ്രിക്ക – ഇന്ത്യ | ബംഗ്ലാദേശ് – 100* | 109 2022

ഫില്‍ സോള്‍ട്ട് – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് | വെസ്റ്റ് ഇന്‍ഡീസ് – 109* | 119 2023

സഞ്ജു സാംസണ്‍ – ഇന്ത്യ – ബംഗ്ലാദേശ് | സൗത്ത് ആഫ്രിക്ക – 111 | 107 2024

തിലക് വര്‍മ – ഇന്ത്യ – സൗത്ത് ആഫ്രിക്ക | സൗത്ത് ആഫ്രിക്ക – 107* | 120* – 2024

 

ഇതിനൊപ്പം തന്നെ ഇന്ത്യക്കായി ഒന്നിലധികം ടി-20 സെഞ്ച്വറി നേടുന്ന അഞ്ചാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും തിലക് തന്റെ പേരിലെഴുതിച്ചേര്‍ത്തു. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4), സഞ്ജു സാംസണ്‍ (3), കെ.എല്‍. രാഹുല്‍ (2) എന്നിവരാണ് ഇന്ത്യക്കായി ഒന്നില്‍ക്കൂടുതല്‍ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടിയ താരങ്ങള്‍.

 

Content Highlight: Suryakumar Yadav praises Tilak Varma