ഇന്ത്യന്‍ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്നു. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ആയിരിക്കും സൂര്യകുമാര്‍ യാദവ് കളിക്കുക. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സൂര്യകുമാര്‍ യാദവ് ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ബുച്ചി ബാബു ടൂര്‍ണമെന്റില്‍ കളിക്കും. ആഭ്യന്തര സീസണുകള്‍ ആരംഭിക്കുന്നതിനു മുമ്പ് ഇത് എനിക്ക് ഒരു പരിശീലന സെക്ഷന്‍ നല്‍കും. ഈ മാസം 25ന് ശേഷം ഞാന്‍ ടീമിനൊപ്പം ചേരും. ഒഴിവു സമയങ്ങളില്‍ മുംബൈക്കും ക്ലബ്ബ് ടീമിനുമായി കളിക്കാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
സൂര്യകുമാര്‍ യാദവ് ബാബു ബുച്ചി ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സെലക്ഷന്‍ കമ്മിറ്റി മേധാവിയായ സന്ദീപ് പാട്ടീലിനെ അറിയിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് 15 മുതലാണ് ടൂര്‍ണമെന്റിന് തുടക്കം കുറിക്കുന്നത്. ഇംഗ്ലണ്ടില്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടി കളിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍താരം അജിങ്ക്യ രഹനെയുടെ അഭാവത്തില്‍ സര്‍ഫറാസ് ഖാന്‍ ആയിരിക്കും മുംബൈയെ നയിക്കുക. സെപ്റ്റംബര്‍ 27നാണ് മുംബൈയുടെ മത്സരം നടക്കുന്നത്. സേലത്ത് നടക്കുന്ന മത്സരത്തില്‍ ജമ്മു കശ്മീരിനെയാണ് മുംബൈ നേരിടുക.
അതേസമയം രോഹിത് ശര്‍മ്മയ്ക്ക് പകരക്കാനായി ടി-20യില്‍ ഇന്ത്യയുടെ പുതിയ നായകനായി സൂര്യകുമാറിനെയാണ് തെരഞ്ഞെടുത്തത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര സൂര്യകുമാറിന്റെ കീഴില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.
ഇനി ഇന്ത്യക്ക് ടി-20 മത്സരങ്ങള്‍ ഉള്ളത് ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെയാണ്. അതുകൊണ്ടുതന്നെ സൂര്യയ്ക്ക് മുന്നില്‍ ഒരു വലിയ ഇടവേളയാണ് ഉള്ളത്. ഈ സമയങ്ങളില്‍ റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിക്കൊണ്ട് തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സൂര്യയ്ക്ക് സാധിക്കും.
Content Highlight: Suryakumar Yadav Back to Red Ball Cricket