വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഐ.സി.സി കിരീട വരള്‍ച്ച അസാനിപ്പിച്ചത്. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.
അവസാന ഓവറിലെ ആദ്യ പന്തില്‍ പ്രോട്ടിയാസ് സൂപ്പര്‍ താരം ഡേവിഡ് മില്ലറിന്റെ ക്യാച്ച് സൂര്യകുമാര്‍ കൈപ്പിയിലൊതുക്കിയതോടെയാണ് മത്സരം ഇന്ത്യക്ക് അനുകൂലമായത്. ആ നിമിഷം മുതല്‍ ഇന്ത്യ കൈവിട്ട ലോകകപ്പ് ഒരിക്കല്‍ക്കൂടി കണ്‍മുമ്പില്‍ കാണുകയായിരുന്നു.
എന്നാല്‍ ഈ ക്യാച്ചിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു. സൂര്യകുമാറിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയെന്ന സംശയം പ്രകടിപ്പിച്ച് മറ്റു ടീമുകളുടെ ആരാധകരും ചില ഇന്ത്യന്‍ മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.
ഈ വിവാദത്തില്‍ മറുപടി പറയുകയാണ് സൂര്യ ഇപ്പോള്‍. തന്റെ കാല്‍ ബൗണ്ടറി റോപ്പില്‍ തട്ടിയിട്ടില്ല എന്നാണ് സൂര്യ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘സൗത്ത് ആഫ്രിക്കക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ആ ക്യാച്ചെടുക്കുമ്പോള്‍ ഞാന്‍ ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നില്ല. നമുക്ക് എല്ലാവരെയും സന്തോഷിപ്പിക്കാന്‍ സാധിക്കില്ല. എനിക്ക് ശരിയെന്ന് തോന്നിയതാണ് ഞാന്‍ അവിടെ ചെയ്തത്.
ദൈവാനുഗ്രഹത്തില്‍ പന്ത് ഉയര്‍ന്നുപൊങ്ങുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. എനിക്ക് ക്യാച്ചെടുക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ആ നിമിഷം ഞാന്‍ ഏറെ ആസ്വദിക്കുന്നു,’ സൂര്യ പറഞ്ഞു.
‘ഇത്തരത്തിലുള്ള ഒരു ക്യാച്ചെടുക്കാന്‍ ഞാന്‍ നിരവധി തവണ പ്രാക്ടീസ് ചെയ്തതാണ്. മത്സരത്തിനിടെ എന്റെ മനസ് ശാന്തമായിരുന്നു. രാജ്യത്തിന് വേണ്ടി മികച്ചത് ചെയ്യാന്‍ ദൈവം എനിക്കൊരു അവസരം നല്‍കി,’ സ്‌കൈ കൂട്ടിച്ചേര്‍ത്തു.
1983 ലോകകപ്പില്‍ സര്‍ വിവ് റിച്ചാര്‍ഡ്‌സിനെ പുറത്താക്കാന്‍ കപില്‍ ദേവെടുത്ത ക്യാച്ചുമായി ആരാധകര്‍ ഇതിനെ ചേര്‍ത്തുവെച്ചിരുന്നു. മദന്‍ലാലിന്റെ പന്തില്‍ അവിശ്വസനീയമായ രീതിയിലാണ് കപില്‍ ദേവ് ആ ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്. ഈ ക്യാച്ച് മത്സരത്തില്‍ നിര്‍ണായകമാവുകയും ഇന്ത്യയുടെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.