താങ്കള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടതില്‍ ഒരുപാട് സന്തോഷം; മുഹമ്മദ് റിയാസിന് നന്ദി പറഞ്ഞ് സൂര്യ
Kerala News
താങ്കള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടതില്‍ ഒരുപാട് സന്തോഷം; മുഹമ്മദ് റിയാസിന് നന്ദി പറഞ്ഞ് സൂര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th November 2021, 8:43 pm

 

തിരുവനന്തപുരം: ജയ് ഭീമിനെ പ്രശംസിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നന്ദിയര്‍പ്പിച്ച് സൂര്യ. ട്വിറ്റിറിലൂടെ മന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചാണ് താരം റിയാസിന് നന്ദി അറിയിക്കുന്നത്. താങ്കള്‍ സിനിമ കണ്ടതിലും സിനിമ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞതിലും സന്തോഷമുണ്ടെന്നായിരുന്നു സൂര്യ ട്വീറ്റ് ചെയ്തത്.

നേരത്തെ, മുഹമ്മദ് റിയാസ് അടക്കമുള്ള ഒരുപാട് കമ്യൂണിസ്റ്റ് നേതാക്കള്‍ ജയ് ഭീമിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ശക്തമായ ആഖ്യാനം, അതി ക്തമായ രാഷ്ട്രീയ പ്രസ്താവന, വളരെ മികച്ചത് എന്നായിരുന്നു മുഹമ്മദ് റിയാസ് സിനിമയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്.

അതേസമയം, സിനിമയില്‍ തങ്ങളെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് വണ്ണിയാര്‍ സമുദായം രംഗത്തെത്തിയിരുന്നു.


സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വണ്ണിയാര്‍ സമുദായം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ജയ് ഭീം എന്ന ചിത്രത്തിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തു എന്നാണ് ഇവരുടെ ആരോപണം.

വിവാദങ്ങല്‍ക്കിടയിലും ചിത്രം ഐ.എം.ഡി.ബി റേറ്റിംഗില്‍ ഒന്നാമതെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹോളിവുഡ് ചിത്രം ഷോഷാങ്ക് റിഡംപ്ഷനെ പിന്തള്ളിയാണ് സിനിമ ഒന്നാം സ്ഥാനത്തെത്തിയത്.

ടോം റോബിന്‍സും മോര്‍ഗന്‍ ഫ്രീമാനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഷോഷാങ്ക് റിഡംപ്ഷന്‍ ഐ.എം.ഡി.ബിയില്‍ 9.3 റേറ്റിങ്ങാണ് നേടിയിരുന്നത്. 9.6 റേറ്റിങ്ങ് നേടിയാണ് ജയ് ഭീം ഒന്നാമതെത്തിയത്.

1993-95 കാലഘട്ടത്തില്‍ തമിഴ്നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹൈക്കോടതി ജഡ്ജിയായി റിട്ടേയ്ഡ് ചെയ്ത ജസ്റ്റിസ് ചന്ദ്രു എഴുതിയ Listen to my Case എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

സൂര്യയുടെ കരിയറിലെ 39ാം ചിത്രമാണ് ജയ് ഭീം. ചിത്രത്തില്‍ അഭിഭാഷകനായ ചന്ദ്രുവിന്റെ റോള്‍ ആണ് സൂര്യ അവതരിപ്പിക്കുന്നത്.

മണികണ്ഠനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് രാജ്, ലിജോമോള്‍, രജിഷ വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു.

2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Surya thanks Muhammed Riyas