ലൈംഗികാതിക്രമം തുറന്ന് പറയാം.. അതിജീവിക്കാം.. ഇതാ വഴിയൊരുങ്ങുന്നു
Gender Equity
ലൈംഗികാതിക്രമം തുറന്ന് പറയാം.. അതിജീവിക്കാം.. ഇതാ വഴിയൊരുങ്ങുന്നു
എ പി ഭവിത
Monday, 30th July 2018, 5:28 pm

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത റേപ്പ് കേസുകള്‍ 12281 ആണെന്ന് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുരുഷന്‍മാരില്‍ നിന്നുള്ള മറ്റ് അതിക്രമങ്ങള്‍ നേരിട്ടവരുടെ എണ്ണം 40694 ആണ്. 2018 മാര്‍ച്ച് വരെയുള്ള കണക്കാണിത്. പോലീസില്‍ എത്തുന്ന പരാതികളുടെ കണക്കാണിത്. നിയമത്തിന് മുന്നില്‍ എത്താത്ത അതിക്രമങ്ങളുമുണ്ട്.
“ഞാനായിട്ട് തിരഞ്ഞെടുത്ത ആദ്യ സൗഹ്യദങ്ങളിലൊന്നില്‍ നിന്ന് കിട്ടിയ പണിയല്ലേ? ആദ്യമായാണ് ഒറ്റക്ക് ഒരാണിന്റെ ഒപ്പം യാത്ര ചെയ്തത്. എന്റെ കുഴപ്പമാണെന്ന് കരുതി എന്നെ തന്നെ ചീത്ത പറഞ്ഞ സ്വന്തം മനസ്സിനെ അടുത്ത നിമിഷം ഞാന്‍ തന്നെ വഴക്ക് പറഞ്ഞ് ഒതുക്കി മാറ്റി…. വെറുമൊരു ലൈംഗീകാത്രികമം മാത്രമല്ല, വിശ്വാസ വഞ്ചനയുണ്ട്, ചൂഷണമുണ്ട്. എന്നെ അങ്ങേയറ്റം നിസഹായതയില്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്ത് എല്ലാ ആണുങ്ങളും അങ്ങനെയല്ലാ എന്ന് 100% ഉറപ്പാണെങ്കിലും സംശയത്തോടെ നോക്കാനെ പിന്നിട് കഴിഞ്ഞിട്ടുള്ളു”.
സുഹൃത്തില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെക്കുറിച്ച് ഒരു പെണ്‍കുട്ടി ഇട്ട
ഫേസ്ബുക്ക് പോസ്റ്റിലെ വരികളാണിത്.


ദളിത്-ന്യുനപക്ഷ രാഷ്ട്രീയം പറഞ്ഞ് പൊതുവിടത്തില്‍ നില്‍ക്കുന്ന രണ്ട് പേര്‍ ലൈംഗികാതിക്രമം നടത്തിയതായി സ്ത്രീകള്‍ കഴിഞ്ഞ ദിവസങ്ങളില്‍
തുറന്ന് പറഞ്ഞിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ സ്വന്തം അനുഭവം വെളിപ്പെടുത്തിയവരെ കൂടാതെ സാമൂഹ്യ പ്രവര്‍ത്തകരോട് ദുരനുഭവം പങ്കുവെച്ചവരുമുണ്ട്. ഇവരില്‍ സുഹൃത്ത്, സഹപ്രവര്‍ത്തകന്‍ എന്നിങ്ങനെയുള്ള ബന്ധങ്ങള്‍ ചൂഷണത്തിനായി ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. വൈകാരികമായി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് തുറന്നു പറഞ്ഞിരിക്കുന്നത്. ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനുമുള്ള സാധ്യതകളും നിലനില്‍ക്കുന്നതായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പലരും പങ്കുവെയ്ക്കുന്ന ആശങ്ക.
ഇത്തരം അനുഭവം നേരിട്ടവര്‍ക്ക് പ്രശ്‌നങ്ങള്‍ തുറന്ന് പറയാനും അതിജീവിക്കാനുള്ള വഴികള്‍ കാണിച്ചു കൊടുക്കാനും വഴിയൊരുക്കുകയാണ് രേഖാരാജിന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍.


“ഇത്തരം കേസുകള്‍ കൂടുതലും സംഭവിക്കുന്നത് അടുത്ത ബന്ധുക്കള്‍ ,സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നെല്ലാമാണ്. വലിയ ആഘാതമാണ് സ്ത്രീകളില്‍ അത് സൃഷ്ടിക്കുന്നത്. പ്രശ്‌നം എവിടെ, എങ്ങനെ തുറന്നു പറയുമെന്നതാണ് ഇവര്‍ നേരിടുന്ന പ്രതിസന്ധി. നിസഹായവസ്ഥ. കൂടാതെ ആശയക്കുഴപ്പവും ഉണ്ടാകും. സ്വന്തം തെറ്റാണെന്ന് കരുതുന്ന സ്ത്രീകളുമുണ്ട്. അവര്‍ക്ക് ആത്മാഭിമാനം ഉണ്ടാവാന്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ കൂടെ നടക്കാലാണ് ഉദ്ദേശിക്കുന്നത്” രേഖാരാജ് പറയുന്നു.
ലൈംഗികതിക്രമങ്ങള്‍ നേരിട്ട സ്ത്രീകള്‍ക്കും ട്രാന്‍സ് സ്ത്രീകള്‍ക്കുമായി വര്‍ക്ക്‌ഷോപ്പാണ് ആദ്യം നടത്തുക. സെപ്റ്റംബറില്‍ മൂന്ന് ദിവസം നടത്തുന്ന ക്യാമ്പില്‍ വിദഗ്ധരായ സൈക്കോളജിസ്റ്റുകള്‍, ഫെമിനിസ്റ്റുകള്‍, അതിജീവിച്ചവര്‍ എന്നിവരെല്ലാം പങ്കെടുപ്പിക്കും. പങ്കെടുക്കുന്നവരെക്കുറിച്ചുള്ള വിവരവും ക്യാമ്പ് നടക്കുന്ന സ്ഥലവും രഹസ്യമായിരിക്കുമെന്ന് ഇവര്‍ ഉറപ്പ് നല്‍കുന്നു.
“പരസ്പരം അനുഭവങ്ങള്‍ പങ്കുവെക്കാനും അന്യോന്യം സഹായിക്കാനും അതിലൂടെ ഫെമിനിസ്റ്റ് മൂല്യബോധം ഉണ്ടാക്കിയെടുക്കാനുമാണ് ഉദ്ദേശിക്കുന്നത്. ജാതി-മത-ലിംഗ ബന്ധം ചര്‍ച്ച ചെയ്യും. അതിജീവിച്ചവരെ തുടര്‍ ജീവിതത്തിന് സഹായിക്കാനുള്ള സംവിധാനത്തെക്കുറിച്ചും അത്തരം സാധ്യതകള്‍ ആരായാനും ഫെമിനിസ്റ്റ് സോളിഡാരിറ്റി പ്ലാറ്റ് ഫോം സാധ്യമാക്കുകയും ലക്ഷ്യമാണ്. കീഴാള പ്ലാറ്റ് ഫോമും ആവശ്യമാണ്”. രേഖാരാജ് പറയുന്നു.
ലൈംഗികാതിക്രമം സംബന്ധിച്ചുള്ള തുറന്നു പറച്ചില്‍ ആരംഭിച്ചതോടെ കൂടുതല്‍ പേര്‍ നേരിട്ട പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ടെന്ന്‌
രേഖാരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ദുരനുഭവത്തിന്റെ ആഘാതത്തില്‍ തകര്‍ന്നിരിക്കുന്നവര്‍ക്ക് മാനസികമായ കരുത്ത് നല്‍കാനുള്ള ശ്രമത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ലഭിക്കുകയാണ്. ക്യാമ്പില്‍ പങ്കെടുക്കാനായി സ്ത്രീകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പേര് രജിസ്ട്രര്‍ ചെയ്തു. സാമൂഹ്യപ്രവര്‍ത്തകരും ഫെമിനിസ്റ്റുകളും പ്രതിസന്ധിയെ അതിജീവിച്ചവരും ക്യാമ്പിന് പിന്തുണ അറിയിച്ച് രംഗത്തെത്തുന്നുണ്ട്.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.