തമിഴിലെ താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. കരിയറിന്റെ ആദ്യകാലത്ത് അഭിനയത്തിന്റെ പേരില്‍ സൂര്യക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ടായിരുന്നെങ്കിലും പിന്നീട് തമിഴിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് സൂര്യ നടന്നുകയറി. അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ കാര്‍ത്തിയും സിനിമാലോകത്തേക്ക് വരവറിയിക്കുകയും ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടുകയും ചെയ്തു.
കാര്‍ത്തി പല കാര്യങ്ങളിലും തന്നെക്കാള്‍ കഴിവുള്ളവനാണെന്ന് പറയുകയാണ് സൂര്യ. തനിക്ക് തമിഴും ഇംഗ്ലീഷുമല്ലാതെ മറ്റൊരു ഭാഷയും അധികം സംസാരിക്കാന്‍ അറിയില്ലെന്നും എന്നാല്‍ കാര്‍ത്തി തെലുങ്കും ഹിന്ദിയുമെല്ലാം വളരെ ഫ്‌ളുവന്റായി സംസാരിക്കുമെന്നും സൂര്യ പറഞ്ഞു. ഊപ്പിരി എന്ന ചിത്രം ഒരേസമയം തെലുങ്കിലും തോഴാ എന്ന പേരില്‍ തമിഴിലും ചിത്രീകരിച്ചെന്നും രണ്ട് ഭാഷയും വളരെ സിമ്പിളായി കാര്‍ത്തി കൈകാര്യം ചെയ്തിട്ടുണ്ടെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല, നല്ല കഥകള്‍ കേട്ട് തെരഞ്ഞെടുക്കുന്നതിലും നന്നായി പഠിക്കുന്ന കാര്യത്തിലുമെല്ലാം തന്നെക്കാള്‍ കുറച്ച് മുന്നിലാണ് കാര്‍ത്തിയെന്ന് സൂര്യ പറഞ്ഞു. ക്ലാസിലെ ലാസ്റ്റ് ബെഞ്ച് സ്റ്റുഡന്റാണ് താനെന്നും ഫസ്റ്റ് ബെഞ്ച് സ്റ്റുഡന്റാണ് കാര്‍ത്തിയെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ബിഗ്‌ബോസ് തെലുങ്കില്‍ സംസാരിക്കുകയായിരുന്നു സൂര്യ.
‘എനിക്ക് തെലുങ്ക് അത്ര ഫ്‌ളുവന്റായി സംസാരിക്കാന്‍ കിട്ടില്ല. പക്ഷേ കേട്ടാല്‍ മനസിലാകും. സത്യം പറഞ്ഞാല്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമേ കറക്ടായി സംസാരിക്കാന്‍ കഴിയൂ. ബാക്കി ഭാഷകള്‍ പഠിക്കുന്ന കാര്യത്തില്‍ സ്വല്പം മടിയനാണ് ഞാന്‍. എന്നാല്‍ കാര്‍ത്തി അങ്ങനെയല്ല, അവന് തെലുങ്കും ഹിന്ദിയുമൊക്കെ നന്നായി സംസാരിക്കാന്‍ കഴിയും.
ഊപ്പിരി എന്ന സിനിമ തമിഴില്‍ തോഴാ എന്ന പേരിലാണ് ഇറങ്ങിയത്. രണ്ട് ഭാഷയിലാണ് ആ സിനിമ ഷൂട്ട് ചെയ്തത്. രണ്ടിലും അവന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല, പല കാര്യത്തിലും അവന്‍ എന്നെക്കാള്‍ കുറച്ച് മുന്നിലാണ്. പഠിക്കുന്ന കാര്യത്തിലായാലും നല്ല കഥകള്‍ കിട്ടുന്ന കാര്യത്തിലുമെല്ലാം എന്നെക്കാള്‍ മുന്നിലാണ് അവന്‍. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ ഒരു ലാസ്റ്റ് ബെഞ്ച് സ്റ്റുഡന്റും കാര്‍ത്തി ഫസ്റ്റ് ബെഞ്ച് സ്റ്റുഡന്റുമാണ്,’ സൂര്യ പറഞ്ഞു.
Content Highlight: Suriya says Karthi is better than him in some areas