Entertainment
കാത്തിരിക്കുന്ന സൂര്യാ ചിത്രം വൈകും: നിരാശയിലായി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 19, 08:06 am
Tuesday, 19th March 2024, 1:36 pm

സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. താരത്തിന്റേതായി ഇനി വരാനിരിക്കുന്ന സിനിമകള്‍ എല്ലാം പ്രതീക്ഷയുള്ളതാണ്. അണ്ണാത്തേക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് താരത്തിന്റെ അടുത്ത റിലീസ്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസലും, സുധാ കൊങ്കര സംവിധാനം ചെയ്യുന്ന പുറനാനൂറുമാണ് താരത്തിന്റെ അടുത്ത സിനിമകള്‍.

എന്നാല്‍ ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് പുതിയ വാര്‍ത്ത വന്നിരിക്കുകയാണ്. പുറനാനൂറിന് ഇനിയും സമയമെടുക്കുമെന്നും ആരാധകരെ ഇത് വിഷമത്തിലാക്കുമെന്ന് അറിയാമെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ 2ഡി എന്റര്‍ടൈന്മെന്റ്‌സ് അറിയിച്ചു. സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ കമ്പനിയാണ് 2ഡി എന്റര്‍ടൈന്മെന്റ്‌സ്.

കഴിഞ്ഞ വര്‍ഷമാണ് ചിത്രം അനൗണ്‍സ് ചെയ്തത്. 2020ലെ ദേശീയ അവാര്‍ഡ് വേദിയില്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സൂരറൈ പോട്ര് എന്ന സിനിമയുടെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. സൂര്യയുടെ 43ാമത്തെ ചിത്രം കൂടിയാണിത്. സുധാ കൊങ്കര സംവിധാനവും, ജി.വി. പ്രകാശ് സംഗീതവും നിര്‍വഹിക്കുന്ന സിനിമ 1980കളില്‍ നടക്കുന്ന ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യക്ക് പുറമേ, മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനും, നസ്രിയയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം വിജയ് വര്‍മയാണ് ചിത്രത്തിലെ വില്ലന്‍. മിര്‍സാപൂര്‍ സീരീസ്, ഡാര്‍ലിങ്‌സ് എന്നിവയിലൂടെ പരിചിതനായ വിജയ് വര്‍മയുടെ തമിഴ് അരങ്ങേറ്റം കൂടിയാണ് പുറനാനൂറ്. ജി.വി. പ്രകാശ് സംഗീതം നല്‍കുന്ന 100ാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

Content Highlight: Suriya announced that his new movie will delay