അനുഭവ സമ്പത്തുള്ളയാളാണ്, വിശ്വസിച്ച് പന്തേൽപ്പിക്കാം; രോഹിത്തിന് വിശ്വസ്ഥനായ ബൗളറെ ചൂണ്ടിക്കാട്ടി സുരേഷ് റെയ്‌ന
Cricket
അനുഭവ സമ്പത്തുള്ളയാളാണ്, വിശ്വസിച്ച് പന്തേൽപ്പിക്കാം; രോഹിത്തിന് വിശ്വസ്ഥനായ ബൗളറെ ചൂണ്ടിക്കാട്ടി സുരേഷ് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th October 2022, 7:58 am

ടി-20 ലോകകപ്പിന് ഇനി അധിക നാളില്ലെന്നിരിക്കെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ചില അഴിച്ചു പണികൾ നടത്തിയത്. പരിക്ക് മൂലം സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്ക് ടൂർണമെന്റിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നത് വലിയ ആശങ്കയാണുണ്ടാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം താരത്തിന് പകരക്കാരനായി മുഹമ്മദ് ഷമിയെ ബി.സി.സി.ഐ പ്രഖ്യാപിക്കുകയായിരുന്നു.

2021ലെ ടി-20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ടി-20യിൽ ഒരു മത്സരം പോലും അദ്ദേഹം കളിച്ചിട്ടില്ല. എന്നിട്ടും ഷമിയുടെ അനുഭവസമ്പത്ത് പരിഗണിച്ച് ലോകകപ്പ് ടീമിലെടുക്കുകയായിരുന്നു. ഇന്ത്യക്കായി ടി-20 കളിച്ചില്ലെങ്കിലും കഴിഞ്ഞ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേസാക്രമണത്തിനു ചുക്കാൻ പിടിച്ചത് അദ്ദേഹമായിരുന്നു. 16 മത്സരങ്ങളിൽ നിന്നും 20 വിക്കറ്റുകൾ ഷമി വീഴ്ത്തിയിരുന്നു.

ബുംറക്കൊരു പകരക്കാരനെ നിശ്ചയിക്കൽ ബുദ്ധിമുട്ടാണെന്ന് മുൻ താരങ്ങളടക്കം നിരവധി പേർ അഭിപ്രായപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഷെമിയെ ദൗത്യമേൽപ്പിക്കുകയായിരുന്നു സംഘടന. എന്നാൽ ഇപ്പോൾ നായകൻ രോഹിത് ശർമക്ക് വിശ്വസിച്ച് പന്തേൽപ്പിക്കാൻ കഴിയുന്ന ബൗളറെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുൻ സൂപ്പർ താരം സുരേഷ് റെയ്ന.

സ്വിങ് സ്പെഷ്യലിസ്റ്റും ഫാസ്റ്റ് ബൗളറുമായ ഭുവനേശ്വർ കുമാറിനെയാണ് സുരേഷ്ന റെയ്ന ഇന്ത്യയുടെ നിർണായക താരമായി ചൂണ്ടിക്കാട്ടിയത്. ഭുവി വളരെയധികം അനുഭവസമ്പത്തുള്ള ബൗളറാണെന്നും അദ്ദേഹം വളരെ നന്നായി പെർഫോം ചെയ്യുന്നുമുണ്ടെന്നുമാണ് റെയ്‌ന പറഞ്ഞത്. ചിലപ്പോൾ നിങ്ങൾക്ക് റൺസ് വഴങ്ങേണ്ടതായി വരുമെന്നും പക്ഷെ ഇപ്പോഴും ഭുവിക്ക് നന്നായി സ്വിങ് ചെയ്യിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ രോഹിത് ശർമക്ക് വിശ്വസിച്ച് പന്തേൽപ്പിക്കാൻ കഴിയുന്നയാളാണ് ഭുവിയെന്നും ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം ഭുവി പെർഫോം ചെയ്തിട്ടുണ്ടെന്നും റെയ്ന വ്യക്തമാക്കി.

79 ടി-20യിൽ നിന്ന് രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 85 വിക്കറ്റുകൾ ഭുവനേശ്വർ നേടിയിട്ടുണ്ട്. 2013ൽ ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയിലാണ് ആദ്യമായി ഭുവി പരമ്പരയുടെ ഭാഗമായത്. പിന്നീട് 2014ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ലോർഡ്‌സിൽ 84 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയതടക്കമുള്ള മികച്ച പ്രകടനങ്ങൾ നടത്തി താരം മികച്ച താരമായി. പിന്നീട് ദക്ഷണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും അഞ്ച് വിക്കറ്റടക്കമുള്ള നേട്ടങ്ങളുമായി പരമ്പരയുടെ താരമായി മാറി.

Content Highlights: Suresh Raina pointed out the best bowler to Rohit Sharma