Entertainment
അന്ന് എന്നെ മറ്റേതൊരു നടന്റെ സിനിമയിലേക്ക് വിളിച്ചാലും ഇത്ര എക്‌സൈറ്റ്‌മെന്റ് തോന്നില്ലായിരുന്നു: ഭാവന

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. അതില്‍ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്.

അങ്ങനെ ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു.

ഇപ്പോള്‍ നടന്‍ മാധവനെ കുറിച്ച് പറയുകയാണ് ഭാവന. പണ്ട് മുതല്‍ക്കേ താന്‍ മാധവന്റെ ഫാനായിരുന്നു എന്നാണ് നടി പറയുന്നത്. താന്‍ സിനിമയില്‍ വന്ന് കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതും മാധവന്റെ സിനിമയിലേക്ക് ഒരു കോള്‍ വന്നുവെന്നും എന്നാല്‍ അതില്‍ അഭിനയിക്കാന്‍ പോകാന്‍ ആയില്ലെന്നും ഭാവന പറയുന്നു.

‘പണ്ട് മുതല്‍ക്കേ ഞാന്‍ മാധവന്‍ ഫാനായിരുന്നു. എന്റെ സ്‌കൂളിലെ കൂട്ടുകാര്‍ക്കൊക്കെ അത് അറിയാമായിരുന്നു. മാഡി മാഡിയെന്ന് പറഞ്ഞ് നടക്കാറായിരുന്നു ഞാന്‍. ആ സമയത്ത് മാധവന്റേതായി വന്ന സിനിമകളും പാട്ടുകളുമൊക്കെ എനിക്ക് ഇഷ്ടമായിരുന്നു.

മിന്നലേ, അലൈപായുതേ തുടങ്ങി എല്ലാ സിനിമകളും ഞാന്‍ കണ്ടിരുന്നു. അതിലെ പാട്ടുകളും എനിക്ക് അറിയാമായിരുന്നു. ഞാന്‍ സിനിമയില്‍ വന്ന് കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതും എനിക്ക് മാധവന്റെ സിനിമയിലേക്ക് ഒരു കോള്‍ വന്നു.

അപ്പോഴേക്കും എനിക്ക് മാധവനില്‍ ഉള്ള ആ ക്രഷിന്റെ കാഠിന്യമൊക്കെ കുറഞ്ഞിരുന്നു. അപ്പോഴും അദ്ദേഹത്തെ ഇഷ്ടമായിരുന്നു. എന്നാല്‍ മാഡിയെന്ന് പറഞ്ഞ് നടക്കുന്നതൊക്കെ കുറഞ്ഞിരുന്നു. അന്ന് പിന്നെ പ്രായത്തിന്റേതായ മാറ്റം വന്നിരുന്നു.

മാധവന്റെ സിനിമയിലേക്ക് എന്നെ വിളിച്ചതും എനിക്ക് അത്ഭുതമായിരുന്നു. അന്ന് ആരുടെ സിനിമയിലേക്ക് വിളിച്ചാലും ഇത്ര എക്‌സൈറ്റ്‌മെന്റ് തോന്നില്ലായിരുന്നു. അദ്ദേഹത്തോട് ക്രഷ് ഉണ്ടായിരുന്നത് കൊണ്ടായിരുന്നു ആ എക്‌സൈറ്റ്‌മെന്റ് തോന്നിയത്. എന്നാല്‍ ആ സിനിമ എനിക്ക് ചെയ്യാന്‍ സാധിച്ചില്ല. തമിഴ് സിനിമയായിരുന്നു അത്.

എന്നാല്‍ അതേസമയത്ത് തന്നെ എനിക്ക് ഒരു മലയാള സിനിമ ചെയ്യാന്‍ ഉണ്ടായിരുന്നു. അതുമായി ഡേറ്റ് പ്രശ്‌നം വന്നു. അന്ന് എനിക്ക് ഒരുപാട് വിഷമം തോന്നി. പക്ഷെ പിന്നീട് അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചു. അപ്പോള്‍ സന്തോഷം തോന്നി,’ ഭാവന പറയുന്നു.

Content Highlight: Bhavana Talks About A Movie With Madhavan