Entertainment
ഇന്‍ട്രോ എന്താണെന്ന് പോലുമറിയാത്ത നടന്‍; ആ സിനിമക്ക് ശേഷം മാഡിയെന്ന പേര് ആളുകള്‍ അറിഞ്ഞു: മാധവന്‍

2000ത്തില്‍ മണിരത്‌നത്തിന്റെ റൊമാന്റിക് ചിത്രമായ അലൈപായുതേയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് മാധവന്‍ എന്ന മാഡി. തമിഴിലെ മികച്ച അഭിനേതാക്കളിലൊരാളായ അദ്ദേഹം ചോക്ലേറ്റ് ഹീറോ ആയിട്ടാണ് സിനിമയില്‍ എത്തുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍, റണ്‍, ജയ് ജയ്, തമ്പി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മാധവന് ലഭിച്ചു. തമിഴിന് പുറമെ കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മിന്നലേ (2001) എന്ന സിനിമയിലൂടെയാണ് മാധവന്‍ സിനിമാപ്രേമികള്‍ക്ക് മാഡിയാകുന്നത്. ഹാരിസ് ജയരാജ് ആയിരുന്നു മിന്നലേ സിനിമയുടെ സംഗീതം നിര്‍വഹിച്ചത്.

ഇപ്പോള്‍ മിന്നലേ സിനിമയുടെ ഇന്‍ട്രോ സീനിനെ കുറിച്ചും തനിക്ക് മാഡിയെന്ന പേര് വന്നതിനെ കുറിച്ചും പറയുകയാണ് മാധവന്‍. അന്ന് താന്‍ ഇന്‍ട്രോഡക്ഷന്‍ എന്താണെന്ന് പോലും അറിയാത്ത നടനായിരുന്നുവെന്നും മാധവന്‍ പറയുന്നു.

‘ഹാരിസ് ജയരാജിന് എന്റെ പേര് മാഡി എന്നാണെന്ന് അറിയില്ലായിരുന്നു. മിന്നലേ എന്ന സിനിമക്ക് ശേഷമാണ് മാഡി എന്ന പേര് കൂടുതല്‍ ആളുകള്‍ അറിയുന്നത്. അലൈപായുതേ കഴിഞ്ഞപ്പോള്‍ എല്ലാവരും അലൈപായുതേ മാധവന്‍ എന്നായിരുന്നു വിളിച്ചിരുന്നത്.

അദ്ദേഹം മിന്നലേ സിനിമയുടെ മ്യൂസിക്കൊക്കെ ചെയ്ത് കഴിഞ്ഞു. പിന്നെ ബി.ജി.എം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അദ്ദേഹം ബി.ജി.എമ്മായി മാഡി എന്ന് പറയുന്ന ഒരു സോങ്ങാണ് കൊടുത്തത്.

എന്നെ സ്‌കൂളിലൊക്കെ മാഡി എന്നായിരുന്നു വിളിച്ചിരുന്നത്. കാനഡയില്‍ ഉള്ളപ്പോഴും അതേ പേര് വെച്ച് തന്നെയായിരുന്നു വിളിച്ചത്. ഞാന്‍ അന്ന് ആ ബി.ജി.എം കേട്ട ശേഷം അദ്ദേഹത്തോട് മാഡി എന്ന പേരിനെ കുറിച്ച് പറഞ്ഞു.

അന്ന് ഹാരിസ് ജയരാജ് പറഞ്ഞത് ‘എനിക്ക് നിന്റെ പേര് മാഡിയെന്ന് ആയിരുന്നുവെന്ന് അറിയില്ലായിരുന്നു’ എന്നാണ്. എന്തായാലും അങ്ങനെ തന്നെ ഇരിക്കട്ടേയെന്ന് ഞാന്‍ കരുതി.

പക്ഷെ ആ പാട്ടും സീനും ഇത്ര വലിയ ഇന്‍ട്രോഡക്ഷന്‍ ആകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ആളുകള്‍ അത് ഇത്രയും ഓര്‍ത്തുവെക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്തും ഭാവിയില്‍ ആളുകള്‍ പറയുന്ന ഇന്‍ട്രോ സീന്‍ ആകുമെന്ന് കരുതിയില്ല. ഇന്‍ട്രോഡക്ഷന്‍ എന്താണെന്ന് പോലും അറിയാത്ത നടനായിരുന്നു ഞാന്‍,’ മാധവന്‍ പറയുന്നു.

Content Highlight: Madhavan Talks About Minnale Movie Intro And His Name Maddy