national news
കനയ്യ കുമാറിന്റെ സന്ദർശനത്തിന് പിന്നാലെ ബീഹാറിൽ ക്ഷേത്രം കഴുകിയ സംഭവം; ബി.ജെ.പി ഇതര പാർട്ടിയെ അനുകൂലിക്കുന്നവരെ 'തൊട്ടുകൂടാത്തവരായി' കണക്കാക്കുകയാണോ, വിമർശനവുമായി കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 28, 04:09 am
Friday, 28th March 2025, 9:39 am

പാട്ന: കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദർശനത്തിന് പിന്നാലെ ബീഹാറിലെ ക്ഷേത്രം കഴുകി ‘വൃത്തിയാക്കിയ’ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്. ബീഹാറിലെ സഹർസ ജില്ലയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എത്തി. ബി.ജെ.പി ഇതര പാർട്ടികളെ പിന്തുണയ്ക്കുന്ന വ്യക്തികളെ ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കുമോ എന്ന് കോൺഗ്രസ് ചോദിച്ചു.

ബങ്കാവ് ഗ്രാമത്തിലെ ദുർഗാദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. (പാലയൻ റോക്കോ, നൗക്രി ദോ) കുടിയേറ്റം നിർത്തുക, തൊഴിലവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യാത്രക്കിടെ കനയ്യ കുമാർ ക്ഷേത്രം സന്ദർശിച്ചിരുന്നു.

ക്ഷേത്രപരിസരത്ത് നിന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കനയ്യ കുമാർ ഗ്രാമം വിട്ടതിന് തൊട്ടുപിന്നാലെ ചിലർ ക്ഷേത്രം കഴുകി ‘വൃത്തിയാക്കുന്നത്’ കാണിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്.

ഈ വിഷയത്തിൽ കനയ്യ കുമാർ പ്രതികരിച്ചില്ലെങ്കിലും കോൺഗ്രസ് വിമർശനവുമായെത്തിയിട്ടുണ്ട്. ‘ആർ‌.എസ്‌.എസ്സിനെയും ബി.ജെ.പിയെയും പിന്തുണയ്ക്കുന്നവർ മാത്രമാണോ ഭക്തർ? ബാക്കിയുള്ളവർ തൊട്ടുകൂടാത്തവരാണോ എന്ന് ഞങ്ങൾക്ക് അറിയണം. അവർ ഇത്തരം നീചമായ പ്രവർത്തിയിലൂടെ ഭഗവാൻ പരശുരാമന്റെ പിൻഗാമികളെ അനാദരിച്ചു. ബി.ജെ.പി ഇതര പാർട്ടികളെയും, പിന്തുണയ്ക്കുന്നവരെയും തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന ഒരു പുതിയ തീവ്ര സംസ്‌കൃതവൽക്കരണ ഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചോ?,’ കോൺഗ്രസ് വക്താവ് ഗ്യാൻ രഞ്ജൻ ഗുപ്ത ചോദിച്ചു.

 

 

Content Highlight: Bihar temple ‘washed after Kanhaiya’s visit’, Congress asks: Will non-BJP supporters be treated as ‘untouchables’?