കല്‍പ്പറ്റ: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ പകരക്കാരെ (സ്‌ക്രൈബ്) ഉപയോഗിച്ച് പരീക്ഷ എഴുതിക്കുന്ന നടപടി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ രംഗത്ത്. ഇത്തരത്തിലുള്ള നടപടികള്‍ ആദിവാസി വിദ്യാര്‍ത്ഥികളോടുള്ള മനുഷ്യാവകാശലംഘനവും വംശീയമായ വേര്‍തിരിവുമാണെന്ന് അഭിപ്രായപ്പെട്ട സംഘടനകള്‍ ഇത് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമിരിക്കുമെന്നും പറഞ്ഞു.
ഈ വര്‍ഷം മാത്രം ആയിരം വിദ്യാര്‍ത്ഥികളാണ് സ്‌ക്രൈബിന്റെ സഹായത്തോടെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇവരില്‍ ഭൂരിഭാഗവും ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ്. സ്‌കൂളുകളുടെ വിജയശതമാനം നൂറിലെത്തിക്കാന്‍ മാനസികവും ശാരീരികവുമായി വെല്ലുവിളികള്‍ ഉണ്ടെന്ന് കാണിച്ച് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചാണ് സ്‌കൂള്‍ അധികൃതര്‍ ഇത്തരത്തില്‍ സ്‌ക്രൈബിനെ ഉപയോഗിച്ച് പരീക്ഷ എഴുതിക്കുന്നത്.
അടുത്തിടെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളേയും സ്‌ക്രൈബിനെ വെച്ച് പരീക്ഷ എഴുതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ഈ വര്‍ഷം സ്‌ക്രൈബിനെ ഉപയോഗിച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം റദ്ദാക്കണമെന്നും ആവശ്യമായ പരിശീലനം നല്‍കി പുനപരീക്ഷ നടത്തണമെന്നും ആദിവാസി സംഘടനയായ ഗോത്ര മഹാസഭ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ പത്തിന് ജില്ല വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിന് മുമ്പില്‍ സൂചന സത്യാഗ്രഹം നടത്തുമെന്നും സംഘടന വ്യക്തമാക്കി.
ഗോത്ര മഹാസഭ സംസ്ഥാന കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ പങ്കെടുത്ത വാര്‍ത്ത സമ്മേളനത്തില്‍ ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഭാരവാഹികളായ പ്രകൃതി, കെ.ആര്‍. രേഷ്മ, മറ്റ് സംഘടന ഭാരവാഹികളായ കെ.സി. ശിവന്‍, എസ്.കെ. അനീസിയ എന്നിവരും പങ്കാളികളായി.
Content Highlight: Scribe system in SSLC and Plus Two exams should be abolished: Tribal organizations