keralanews
'ഗോധ്രയില്‍ നിര്‍ത്തിയിട്ട തീവണ്ടി തനിയേ കത്തിയതാണത്രേ' ഇന്നലെ വരെ എമ്പുരാന് പ്രമോഷൻ നടത്തിയ ജനം ടി.വിയിൽ ഇന്ന് മുതൽ ഡീഗ്രേഡിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
4 days ago
Friday, 28th March 2025, 9:05 am

തൃശൂർ: സെക്കുലര്‍ രാഷ്ട്രീയപ്രവര്‍ത്തകരും ജനകീയ കമ്മീഷനുകളും കണ്ടെത്തിയ ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ച വിവരിച്ചതിന് പിന്നാലെ മലയാളം ഇൻഡസ്ട്രി കണ്ട ഏറ്റവും വലിയ സിനിമയായ എമ്പുരാനെതിരെ ഡീഗ്രേഡിങ്ങുമായി ‘പ്രമുഖ’ സംഘപരിവാർ മാധ്യമം. ഗോധ്ര കലാപത്തെക്കുറിച്ച് പരാമർശിക്കുന്ന പോസ്റ്റുമായാണ് ഇന്നലെ വരെ എമ്പുരാൻ പ്രമോഷൻ നടത്തിയ ജനം ടി.വി എത്തിയിരിക്കുന്നത്. ‘ഗോധ്രയില്‍ നിര്‍ത്തിയിട്ട തീവണ്ടി തനിയേ കത്തിയതാണത്രേ’ എന്ന പോസ്റ്റുമായാണ് സംഘപരിവാർ മാധ്യമം എത്തിയിരിക്കുന്നത്.

ഇന്നലെയായിരുന്നു മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എമ്പുരാന്‍ തിയേറ്ററുകളിലെത്തിയത്. സിനിമ ആരംഭിക്കുന്നത് 2002ലെ ഗുജറാത്ത് കലാപം കാണിച്ചുകൊണ്ടാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നും തീരാകളങ്കമായി നില്‍ക്കുന്ന ഗുജറാത്ത് കലാപമാണ് സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍. ഗുജറാത്ത് കലാപത്തിന് കാരണക്കാരയവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം സിനിമയിൽ ഉണ്ടായിരുന്നു. ഇത് പല മാധ്യമങ്ങളെയും ചൊടിപ്പിച്ചിരിക്കുകയാണെന്നതിനുള്ള ഉദാഹരണമാണ് ജനം ടി.വിയുടെ പോസ്റ്റ്.

ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തിയ എമ്പുരാന് വന്‍ വരവേൽപ്പായിരുന്നു ലഭിച്ചത്. എന്നാൽ ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രം പ്രമോഷൻ ചെയ്ത മീഡിയ മലക്കംമറിയുന്നതായി കാണാം.

2002 ഫെബ്രുവരി 27ന് അയോധ്യയിൽ നിന്ന് തീർത്ഥാടകരുമായി മടങ്ങുകയായിരുന്ന ട്രെയിൻ ഗോധ്രയിൽ വെച്ച് കത്തിച്ചതാണ് ഗുജറാത്ത് കലാപത്തിന്റെ മൂലകാരണമായി പറയപ്പെടുന്നത്. ട്രെയിൻ ആക്രമിച്ചത് മുസ്‌ലിം വിഭാഗമാണെന്നാണ് സംഘ് അനുകൂലികൾ അവകാശപ്പെടുന്നത്.

എന്നാൽ വര്‍ഷങ്ങളായി സംഘപരിവാര്‍ അനുകൂലികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരേറ്റീവില്‍ നിന്ന് വ്യത്യസ്തമായി സെക്കുലര്‍ രാഷ്ട്രീയപ്രവര്‍ത്തകരും ജനകീയ കമ്മീഷനുകളും കണ്ടെത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള നിലപാടുകളാണ് എമ്പുരാനില്‍ പറയുന്നത്. കലാപത്തിന് പിന്നിൽ അന്നത്തെ ഗുജറത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാന മന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റ് ബി.ജെപിക്കാർക്കും പങ്കുള്ളതായി കണക്കാക്കപ്പെടുന്നു.

സംഘപരിവാർ വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഗുജറാത്ത് കലാപത്തിന്റെ വേർഷൻ വീണ്ടും പറയുകയാണ് ജനം ടി.വി. ഗോധ്രയിൽ ട്രെയിൻ കത്തിച്ചത് മുസ്‌ലിം വിഭാഗമാണെന്ന് പറയാതെ പറയുകയാണ് ജനം ടി.വിയുടെ പോസ്റ്റ്.

ജനം ടി.വിയുടെ പോസ്റ്റിനെ വിമർശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ‘ഇന്നലെവരെ എമ്പുരാൻ പ്രമോഷന് വേണ്ടി കഷ്ടപ്പെട്ട ജനം ടി.വിയുടെ അവസ്ഥ ഓർക്കുമ്പോൾ ചിരി വരുന്നു’ ‘ഈ സങ്കികളുടെ കരച്ചിൽ കണ്ടാൽ തോന്നുമല്ലോ ഈ സിനിമ സെൻസർ ചെയ്യാതെ ഇറക്കിയത് ആണ് എന്ന്’ ‘ഒന്ന് കുന്തിരിക്കം പുകക്കൂ… ആകെ മരണവീട്ടിൽ ചെന്നപോലെയാണ് ഇപ്പൊ ജനം ടി.വിയുടെയും , അതിന്റെ എഫ്.ബി പേജിന്റെയും ഒരവസ്ഥ പുലർച്ചെ മുതൽ അഹോരാത്രം എമ്പുരാന് വേണ്ടി പണിയെടുത്തതല്ലേ’ തുടങ്ങിയ പരിഹാസങ്ങളുമായി നിരവധിപേരെത്തിയിട്ടുണ്ട്.

‘ആരൊക്കെ കൂടി പ്ലാൻ ചെയ്തു കത്തിച്ചതാണെന്ന വിവരങ്ങൾ ആഗോളതലത്തിലുള്ള എല്ലാ ഏജൻസികൾക്കും ഉള്ളതിനെ കൊണ്ടാണല്ലോ 2014വരെ മോദിക്ക് വിസകൾ നിഷേധിക്കപ്പെട്ടത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച മലയാളിയായ ഡി.ജി.പിയും, അന്നത്തെ കമ്മീഷണറായിരുന്ന സഞ്ജീവ് ഭട്ടും ഇന്ന് ഇവരുടെ പീഡനത്തിന് ഇരയായി കൊണ്ടിരിക്കുന്ന ജീവിക്കുന്ന തെളിവാണ്,’ പോസ്റ്റിന് താഴെ വിമർശനവുമായി ഒരു വ്യക്തി കമന്റിട്ടു.

അതേസമയം എമ്പുരാനെ വിമർശിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. ‘അതെ, ഗോധ്രയിൽ ഒരു പ്രത്യേക കംപാർട്ട്മെന്റിൽ മാത്രം തീ തനിയെ കത്തി, എല്ലാവരും വെന്ത് മരിച്ചു. കശ്മീർ പണ്ഡിറ്റുകൾ നല്ല ശതമാനവും ആത്മഹത്യ ചെയ്യുകയും ഒരു ലക്ഷത്തിലധികം പണ്ഡിറ്റുകൾ, നല്ല ജോലിയും, കൂടുതൽ സുഖ ജിവിതത്തിനും വേണ്ടി എങ്ങോട്ടേക്കോ ഓടിപ്പോയി’ എന്നാണ് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് വന്നൊരു കമന്റ്.

 

Content Highlight: ‘The train stopped at Godhra burned itself’ Janam TV, which promoted Empuraan until yesterday, is being downgraded from today