ഒട്ടാവ: പതിറ്റാണ്ടുകളായി യു.എസുമായി നിലനിന്നിരുന്ന ആഴത്തിലുള്ള ബന്ധത്തിന്റെ കാലം അവസാനിച്ചെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25% നികുതി ട്രംപ് ചുമത്തിയ പശ്ചാത്തലത്തിലായിരുന്നു കാര്‍ണിയുടെ പരാമര്‍ശം.
ട്രംപിന്റെ കാര്‍ താരിഫുകള്‍ ന്യായീകരിക്കാനാവാത്തതാണെന്ന് വിശേഷിപ്പിച്ച കനേഡിയന്‍ പ്രധാനമന്ത്രി, അവ രാജ്യങ്ങള്‍ തമ്മില്‍ നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും പറഞ്ഞു. അതിനാല്‍ യു.എസില്‍ കനത്ത ആഘാതം സൃഷ്ടിക്കുന്ന തരത്തില്‍ കാനഡയും താരിഫുകള്‍ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1965ല്‍ കാനഡയും യു.എസ് ഓട്ടോമോട്ടീവ് ഉത്പന്ന കരാറില്‍ ഒപ്പുവെച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കരാര്‍ ആണ് ഇതെന്ന് വിശേഷിപ്പിച്ച കാര്‍ണി ട്രംപിന്റ പുതിയ താരിഫുകള്‍ കൊണ്ട് ഈ കരാര്‍ അവസാനിച്ചുവെന്നും വ്യക്തമാക്കി.
നിലവിലെ താരിഫ് യുദ്ധത്തിന്റെ കാലത്ത് കാനഡക്കാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സമ്പദ്‌വ്യവസ്ഥ കാനഡ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ മറ്റ് പങ്കാളികളുമായുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കണമെന്നും കാനഡക്കാര്‍ക്ക് അമേരിക്കയുമായി ശക്തമായ വ്യാപാര ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവകളെ നേരിടുന്നതിനായി കാര്‍ണി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
യു.എസി ന് സാമ്പത്തികമായി ദോഷം വരുത്തുന്നതിനായി യൂറോപ്യന്‍ യൂണിയന്‍, കാനഡയുമായി സഹകരിച്ചാല്‍, നിലവില്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ വളരെ വലിയ തോതിലുള്ള താരിഫുകള്‍ ഇരുവര്‍ക്കും ചുമത്തപ്പെടുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ നിര്‍മിത കാറുകള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്. ഏപ്രില്‍ രണ്ട് മുതല്‍ ഇത് നിലവില്‍ വരുമെന്നും ഏപ്രില്‍ മൂന്ന് മുതല്‍ നികുതി പിരിക്കുന്നത് ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചു.
ഏപ്രില്‍ 2 മുതല്‍ പുതിയ കാര്‍ താരിഫ് പ്രാബല്യത്തില്‍ വരുമെന്നും വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ബിസിനസുകള്‍ക്ക് അടുത്ത ദിവസം മുതല്‍ നിരക്കുകള്‍ ഈടാക്കുമെന്നും വൈറ്റ് ഹൗസും അറിയിച്ചു. മെയ് മാസത്തിലോ അതിനുശേഷമോ പാര്‍ട്‌സുകളുടെ നികുതി ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയുണ്ടായി. അങ്ങനെയാണെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും കാനഡയെയാണ്.
കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാരിയോയുടെ കയറ്റുമതിയുടെ ഏകദേശം 85%ത്തോളം വരുന്നത് ഓട്ടോമോട്ടീവ് പാര്‍ട്‌സുകളാണ്. ഇവ കൂടുതലായും കയറ്റുമതി ചെയ്യുന്നത് വിവിധ യു.എസ് സംസ്ഥാനങ്ങളിലേക്കാണ്. അതിനാല്‍ ട്രംപ് നികുതി വര്‍ധിപ്പിച്ചാല്‍ അത് വലിയ രീതിയില്‍ ബാധിക്കുന്ന ഒരു പ്രവിശ്യയാകും ഒന്റാരിയോ.
Content Highlight: The era of strong ties with the US is over: Canadian Prime Minister