പന്തുമല്ല പാണ്ഡ്യയുമല്ല ബുംറയുമല്ല, ആ 24കാരനാണ് ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍; ഞെട്ടിച്ച് റെയ്‌ന
Sports News
പന്തുമല്ല പാണ്ഡ്യയുമല്ല ബുംറയുമല്ല, ആ 24കാരനാണ് ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍; ഞെട്ടിച്ച് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st April 2024, 11:17 am

രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യന്‍ നായകനാരെന്നുള്ള ചോദ്യത്തിന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും മിസ്റ്റര്‍ ഐ.പി.എല്ലുമായ സുരേഷ് റെയ്‌ന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കെ.എല്‍. രാഹുല്‍ എന്നി സൂപ്പര്‍ താരങ്ങളെയെല്ലാം മാറ്റി നിര്‍ത്തി ശുഭ്മന്‍ ഗില്ലിന്റെ പേരാണ് റെയ്‌ന പറഞ്ഞിരിക്കുന്നത്.

2018 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ച ഗില്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയാകാന്‍ പോന്നവനാണെന്നാണ് റെയ്‌ന ഉറച്ചുവിശ്വസിക്കുന്നത്.

 

ന്യൂസ്‌റൂം ഷോയിലെ ലാലന്‍ടോപ് ഗസ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുത്താണ് റെയ്‌ന ഇക്കാര്യം പറയുന്നത്. താരത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് പ്രമുഖ കായികമാധ്യമമായ സ്‌പോര്‍ട്‌സ് തക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘അവനായിരിക്കും (ശുഭ്മന്‍ ഗില്‍) ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍ എന്ന് ഞാന്‍ പറയും. രോഹിത്തിന് ശേഷം അവനായിരിക്കും,’ റെയ്‌ന പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിനോട് ഗുഡ് ബൈ പറഞ്ഞതിന് പിന്നാലെ ശുഭ്മന്‍ ഗില്ലിനെയാണ് ഫ്രാഞ്ചൈസി ടീമിന്റെ നായകസ്ഥാനമേല്‍പിച്ചത്. ന്യൂസിലാന്‍ഡിനെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടിച്ച കെയ്ന്‍ വില്യംസണെയും അഫ്ഗാനെ പല തവണ നയിച്ച റാഷിദ് ഖാന്‍ അടക്കമുള്ളവരെയും മറികടന്ന് ടീം ഗില്ലിനെ ക്യാപ്റ്റനാക്കുകയായിരുന്നു.

എന്നാല്‍ ഗില്ലിന് കീഴില്‍ അത്രകണ്ട് മികച്ച പ്രകടനമല്ല ടൈറ്റന്‍സ് പുറത്തെടുക്കുന്നത്. കളിച്ച ഏഴ് മത്സരത്തില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ സാധിച്ചത്. ആറ് പോയിന്റുമായി നിലവില്‍ എട്ടാം സ്ഥാനത്താണ് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍.

 

 

ഞായറാഴ്ചയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ അടുത്ത മത്സരം. മൊഹാലി, മുല്ലാപൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. പോയിന്റ് പട്ടികയില്‍ ടൈറ്റന്‍സിന് കീഴില്‍ ഒമ്പതാം സ്ഥാനക്കാരാണ് പഞ്ചാബ്.

 

Content Highlight: Suresh Raina picks Shubman Gill as India’s next captain