Advertisement
Entertainment
അയ്യപ്പനും കോശിയിലേക്ക് സച്ചി എന്നെ വിളിച്ചതാണ്, പക്ഷേ...: സുരേഷ് കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 09, 11:32 am
Tuesday, 9th July 2024, 5:02 pm

സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരേഷ് കൃഷ്ണ. വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാളസിനിമയില്‍ അരങ്ങേറിയത്. 24 വര്‍ഷത്തെ കരിയറില്‍ നിരവധി കഥാപാത്രങ്ങളെ താരം പകര്‍ന്നാടി. കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നല്‍കിയ സുരേഷ് കൃഷ്ണ പിന്നീട് കോമഡിയിലേക്ക് ചേക്കേറുകയായിരുന്നു.

താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് അനാര്‍ക്കലിയിലെ ആറ്റക്കോയ. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. അനാര്‍ക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലേക്ക് തന്നെ വിളിച്ചിരുന്നെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. ഓരോ കഥാപാത്രത്തിനെക്കുറിച്ചും സംസാരിക്കുമ്പോള്‍ തന്നോട് ആ വേഷം ചെയ്യുന്നോ എന്ന് ചോദിച്ചെന്നും താരം പറഞ്ഞു.

ഡ്രൈവര്‍ കുമാരന്റെ വേഷത്തിലേക്ക് തന്നെ വിളിച്ചെന്നും എന്നാല്‍ അത് തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്ന് സച്ചിയെ അറിയിച്ചെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. പിന്നീട് അനില്‍ നെടുമങ്ങാട് അവതരിപ്പിച്ച സി.ഐ കഥാപാത്രമാകുമോ എന്ന് ചോദിച്ചെന്നും ആ സമയത്ത് അത് ചെറിയ റോള്‍ ആയതിനാല്‍ വേണ്ടെന്ന് വെച്ചെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘അനാര്‍ക്കലിയിലെ ആറ്റക്കോയ എനിക്ക് കിട്ടിയ ഏറ്റവും മികച്ച റോളുകളിലൊന്നാണ്. പിന്നീട് അയ്യപ്പനും കോശിയുടെ ഡിസ്‌കഷന്‍ നടക്കുന്ന സമയത്ത് ഞാന്‍ സച്ചിയുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. ഓരോ കഥാപാത്രത്തിലേക്കും ആര് വേണമെന്ന് തീരുമാനിക്കുന്ന സമയത്ത് ഞാനും സച്ചിയെ സഹായിക്കാനുണ്ടായിരുന്നു. ഒരിക്കല്‍ പോലും ഈ വേഷം എനിക്ക് വേണമെന്ന് ഞാന്‍ അവനോട് പറഞ്ഞില്ല. പകരം എന്നോട് അവന്‍ ചോദിക്കും, ‘ഈ റോള്‍ ചെയ്യുന്നോ’ എന്ന്.

ഡ്രൈവര്‍ കുമാരന്റെ വേഷം ചെയ്യുന്നോ എന്നാണ് ആദ്യം ചോദിച്ചത്. പക്ഷേ അതിന് മുന്നേ ഞാന്‍ കോട്ടയം രമേശിന്റെ ഫോട്ടോ കണ്ടിരുന്നു. ആ വേഷം ചെയ്യാന്‍ അയാള്‍ തന്നെയാണ് ആപ്‌റ്റെന്ന് തോന്നി. പിന്നീട് അനില്‍ നെടുമങ്ങാട് ചെയ്ത സി.ഐ സതീഷിന്റെ വേഷം ചെയ്യുമോ എന്ന് ചോദിച്ചു. ആ സമയത്ത് ചെറിയൊരു റോളായിരുന്നു. ‘അത്ര ചെറിയ വേഷം നീ ചെയ്യണ്ട’ എന്ന് സച്ചി ഇങ്ങോട്ട് പറഞ്ഞു. പിന്നീടാണ് ആ കഥാപാത്രം വലുതായത്. എനിക്ക് നല്ലൊരു റോള്‍ തരാന്‍ പറ്റാത്തതില്‍ അവന് നല്ല വിഷമമുണ്ടായിരുന്നു,’ സുരേഷ് കൃഷ്ണ പറഞ്ഞു.

Content Highlight: Suresh Krishna about Ayyappanum Koshiyum and Sachy