തൃശൂര്‍: ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ ഗാനം ആലപിച്ച് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി.
‘പൈതലാം യേശുവേ…’ എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. തൃശൂരിലെ വിവിധ സഭകളിലെ പ്രമുഖ പുരോഹിതരും ബി.ജെ.പി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. തൃശൂര്‍ ജോയ്‌സ് പാലസിലാണ് പരിപാടി സംഘടിപ്പിച്ചത്.
‘ക്രിസ്മസ് സായാഹ്നവും സ്‌നേഹ വിരുന്നും’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ഭിന്നതകള്‍ ഇല്ലാതാക്കാനുള്ള അവസരമാണ് ക്രിസ്മസ് പോലുള്ള ആഘോഷങ്ങളെന്ന് സുരേഷ് ഗോപി പറഞ്ഞു.
‘ക്രിസ്തുദേവന്‍ മനുഷ്യരാശിയെ പഠിപ്പിച്ചത് എല്ലാവരെയും സ്‌നേഹിക്കാനാണ്. ആ സന്ദേശം ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയട്ടെ. സ്‌കൂള്‍ പഠനകാലത്ത് തന്നെ ക്രിസ്മസ് ആഘോഷങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തിരുന്നയാളാണ് ഞാന്‍. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ് ക്രിസ്മസ്,’ സുരേഷ് ഗോപി പറഞ്ഞു.
കല്‍ദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാര്‍ ഓഗിന്‍ കുര്യാക്കോസ്, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സ്വാമി പുരുഷോത്തമാനന്ദ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍, ബി. ജോയ് തോമസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. മോര്‍ച്ച ജില്ലാ പ്രസിഡന്റ് ടോണി പോള്‍ ചാക്കോള അധ്യക്ഷനായി.
അതേസമയം, കേരള ബി.ജെ.പിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ആഘോഷങ്ങളില്‍ പങ്കുകൊണ്ടുള്ള സമ്പര്‍ക്ക പരിപാടി നടന്നിരുന്നു.
സ്നേഹ യാത്ര എന്ന് പേരിട്ട സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മറ്റ് നേതാക്കളും ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലെ സ്നേഹ വിരുന്നിന്റെ ഭാഗമായിരുന്നു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്‍ നിര്‍ത്തിയാണ് ക്രൈസ്തവ വിശ്വാസികളുടെ വീട്ടിലേക്കുള്ള ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനം.
ക്രൈസ്തവ സഭയെയും വിശ്വാസികളെയും ഒപ്പം നിര്‍ത്താന്‍ കേന്ദ്ര നേതൃത്വമാണ് നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു.