തല്‍ക്കാലം തോറ്റെങ്കിലും ആന ചിറക് വെച്ചതുപോലെ പറന്നുയരും; വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സുരേഷ് ഗോപി
Kerala News
തല്‍ക്കാലം തോറ്റെങ്കിലും ആന ചിറക് വെച്ചതുപോലെ പറന്നുയരും; വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th April 2022, 1:52 pm

തൃശൂര്‍: കര്‍ഷക സമരത്തെ അവഹേളിച്ചെന്ന് ആരോപിച്ച് തൃശൂരില്‍ കര്‍ഷകസംഘം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി.

കര്‍ഷക നിയമത്തിന്റെ നല്ല വശത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എങ്കിലും രാഷ്ട്രീയമായി തോല്‍പ്പിക്കാന്‍ ഒരു ശ്രമം നടത്തി നോക്കിയതാണ്. തല്‍ക്കാലം തോറ്റെങ്കിലും ആന ചിറക് വെച്ചതുപോലെ പറന്നുയരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കര്‍ഷക സമരത്തെ അധിക്ഷേപിച്ച സുരേഷ് ഗോപി മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം കര്‍ഷകര്‍ പ്രകടനം നടത്തിയത്. തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വിഷുകൈനീട്ടം നല്‍കിയ ചടങ്ങിനിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അമര്‍ഷമുണ്ടെന്നും നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ കര്‍ഷകര്‍ തന്നെ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

കാര്‍ഷിക നിയമം തിരിച്ചുകൊണ്ടുവരാന്‍ യഥാര്‍ത്ഥ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് ഭക്ഷണമെത്തിച്ച കേരളത്തില്‍ നിന്നുള്ള കര്‍ഷകരേയും സുരേഷ് ഗോപി അധിക്ഷേപിച്ചിരുന്നു.

ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വിഷു കൈനീട്ടം നല്‍കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

‘നരേന്ദ്ര മോദിയും സംഘവും കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ഒരു ബിജെപിക്കാരനാണ് ഞാന്‍. അതങ്ങനെ തന്നെയാണ്. ആ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരും. അതിനായി ജനങ്ങളും കര്‍ഷകരും ആവശ്യപ്പെടും. ശരിയായ തന്തയ്ക്ക് പിറന്നവര്‍ കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും. ആ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരും.’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
പാറമേക്കാവ് ക്ഷേത്രം മുതല്‍ കോര്‍പ്പറേഷന്‍ ഓഫീസ് വരെയായിരുന്നു പ്രതിഷേധ പ്രകടനം. സുരേഷ് ഗോപി മാപ്പ് പറയും വരെ സമരവുമായി മുന്നോട്ട് പോകാനാണ് കര്‍ഷക സംഘത്തിന്റെ തീരുമാനം.

മോദിയും സംഘവും കാര്‍ഷികനിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ബി.ജെ.പിക്കാരനാണ് താനെന്നും ആ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരുമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

 

 

Content Highlights: Suresh Gopi again says about Farm law