സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന പാപ്പന്‍ തിയേറ്ററുകളില്‍ എത്തുകയാണ്. വമ്പന്‍ പ്രതീക്ഷയോടെയാണ് ചിത്രം എത്തുന്നത്. അച്ഛന്‍ മകന്‍ കോംബോ എത്രത്തോളം സ്‌ക്രീനില്‍ വിജയിച്ചെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ പാപ്പനും മൈക്കിളുമായിട്ടാണ് ഇരുവരും എത്തുന്നത്.
പാപ്പന് മൈക്കിളിനോട് എത്ര സ്‌നേഹമുണ്ടെന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി. പാപ്പന്
മൈക്കിളിനോട് എത്ര സ്‌നേഹം ഉണ്ടെന്ന് സിനിമ കണ്ടാല്‍ മനസിലാകുമെന്നും പക്ഷേ ഗോകുലിന്റെ സംശയം ഈ മൈക്കിളിനോടുള്ള സ്‌നേഹം തന്നോട് എപ്പോഴെങ്കിലും കാണിച്ചിട്ടുണ്ടോ എന്നതാണെന്നും (ചിരി) സുരേഷ് ഗോപി പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ചിത്രത്തില്‍ പാപ്പനും മൈക്കിളും തമ്മിലുള്ള കെമിസ്ട്രി ഭയങ്കര രസമാണ്. ഒരുപക്ഷേ അതുകൊണ്ടാണ് ജോഷിയേട്ടന്‍ മൈക്കിള്‍ എന്ന കഥാപാത്രം ഗോകുല്‍ ചെയ്യണമെന്ന തീരുമാനത്തില്‍ എത്തിയത്. എന്റെ അടുത്ത് അനുവാദമല്ല ചോദിച്ചത്. ഗോകുലും വേണം കേട്ടോ ഡേറ്റ് തരുമ്പോള്‍ അവന്റെ കൂടി സൗകര്യം നോക്കണം എന്ന് പറഞ്ഞു.
അയാള്‍ കഥ കേള്‍ക്കട്ടെ അയാള്‍ക്ക് ഇഷ്ടപ്പെട്ടാലല്ലേ എന്ന് ഞാന്‍ ചോദിച്ചു. അതൊന്നും കുഴപ്പമില്ല അവന്‍ കേള്‍ക്കട്ടെ ഇഷ്ടപ്പെടും അവന്‍ വന്നോളും നീ അതിനകത്തൊന്നും വേദനിക്കണ്ട എന്നാണ് പറഞ്ഞത്.
സീന്‍സ് വായിച്ചു കേട്ടപ്പോള്‍ എനിക്കും തോന്നി. ശരിയാണ് നല്ലതാണെന്ന്. ഭയങ്കര രസകരമായ ചില മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. ഞാന്‍ സ്വന്തം മകന്റെ മുഖത്ത് നോക്കി ചോദിക്കുന്നുണ്ട്, നിനക്ക് എപ്പോഴെങ്കിലും നീ എന്റെ മോനാണെന്ന സംശയം തോന്നിയിട്ടുണ്ടോ എന്ന്.
പാപ്പന് മൈക്കിളിനോട് അത് ചോദിക്കാം. സുരേഷ് ഗോപിക്ക് ഗോകുലിനോട് ചോദിക്കാന്‍ പറ്റില്ലല്ലോ. ഒരു മതില്‍കെട്ടുണ്ടല്ലോ. ഇത് നാട്ടുകാര്‍ എത്ര രസിച്ചു കാണുമെന്നതാണ്. ഒരു സിനിമയ്ക്ക് വേണ്ട കൊമേഷ്യല്‍ റഫറന്‍സസായി ഉപയോഗിച്ചതാണ്. മകനായിട്ടുള്ള ആള്‍ ആക്ടര്‍ ആയതുകൊണ്ട് ഇത് ആ സിനിമയില്‍ ഉപയോഗിച്ചു, സുരേഷ് ഗോപി പറഞ്ഞു.
സലാം കാശ്മീരിനു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. ജൂലൈ 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Suresh Gopi about Gokul Suresh and a particular dialogue on pappan movie