മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.
മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത്.
എമ്പുരാനില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ ലൂസിഫറില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. എമ്പുരാന്റെ ക്യാരക്ടര്‍ റിവീലിങ് വീഡിയോയില്‍ താന്‍ ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സുരാജ്.
‘ഞാനും രാജുവും ഒരുമിച്ച് അഭിനയിച്ച ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചിട്ട് ഒരിക്കല്‍ ഞാന്‍ രാജുവിനോട് ലൂസിഫറിനെ കുറിച്ച് സംസാരിച്ചു. ‘രാജൂ, ലൂസിഫര്‍ ഞാന്‍ കണ്ടു. എനിക്ക് പടം ഇഷ്ടമായി’ എന്നായിരുന്നു പറഞ്ഞത്. ഒരുപാട് ആളുകള്‍ പറയുന്ന കാര്യമാണ് അത്. എങ്കിലും രാജു ‘താങ്ക്യു അണ്ണാ’ എന്ന് പറഞ്ഞു.
പക്ഷെ ലൂസിഫറില്‍ ആരും ശ്രദ്ധിക്കാത്ത ഒരു മിസ്‌റ്റേക്ക് അല്ലെങ്കില്‍ ഒരു കുറവ് ഞാന്‍ കണ്ടുപിടിച്ചു. രാജുവിനോട് നീ അത് ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. രാജു അത് കേട്ടതും ‘ഇല്ല ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. അങ്ങനെയൊന്നും വരാന്‍ വഴിയില്ലല്ലോ’യെന്ന് പറഞ്ഞു. അവന് ആ കുറവ് എന്താണെന്ന് അറിയാന്‍ ക്യൂരിയോസിറ്റിയായി.
‘എന്താണ് അണ്ണാ? എന്താണ് ആ കുറവ്?’ എന്ന് അവന്‍ എന്നോട് ചോദിച്ചു. ഞാന്‍ ഉടനെ അവന് അതിന് മറുപടി കൊടുത്തു. വേറെയൊന്നുമല്ല, ലൂസിഫര്‍ എന്ന സിനിമയില്‍ ഞാനില്ല എന്നത് ഒരു വലിയ ഒരു കുറവായിരുന്നു. എനിക്ക് അത് നന്നായി ഫീല് ചെയ്തു.
അതുകേട്ടതും രാജു ഉടനെ ഉറക്കെ പൊട്ടിച്ചിരിച്ചു. ‘ഓ അതായിരുന്നു അല്ലേ. ശരിയാണ് അണ്ണാ. ഇപ്പോഴാണ് എനിക്കത് പിടികിട്ടിയത്’ എന്നായിരുന്നു അവന്‍ പറഞ്ഞത്. എന്തായാലും അതിന്റെ സെക്കന്റ് പാര്‍ട്ടായിട്ട് എമ്പുരാന്‍ വരുമല്ലോ. എമ്പുരാനില്‍ ആ കുറവ് ഉറപ്പായിട്ടും നികത്തിയിരിക്കണമെന്ന് ഞാന്‍ പറഞ്ഞു.
അപ്പോള്‍ രാജു എന്നോട് ‘തീര്‍ച്ചയായിട്ടും. എമ്പുരാനില്‍ ഞാന്‍ ആ കുറവ് നികത്തും’ എന്ന് പറഞ്ഞു. അങ്ങനെ കുറേനാളിന് ശേഷം എനിക്ക് രാജുവില്‍ നിന്നൊരു ഫോണ്‍ കോള്‍ വന്നു. ‘അണ്ണാ ആ കുറവ് ഞാന്‍ അങ്ങോട്ട് നികത്തുകയാണ്’ എന്നായിരുന്നു രാജു പറഞ്ഞത്. അങ്ങനെ രാജു ഞാന്‍ പറഞ്ഞത് പോലെ എമ്പുരാനില്‍ ആ കുറവ് നികത്തി.
എന്റെ കഥാപാത്രത്തിന്റെ പേര് സജനചന്ദ്രന്‍ എന്നാണ്. കേരള രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്ന നേതാവാണ് ഞാന്‍. വരുന്ന മാര്‍ച്ച് 27ന് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തും. 27 മുതല്‍ എമ്പുരാന്‍ സംസാരിക്കട്ടെ,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Content Highlight: Suraj Venjaramoodu Talks About Prithviraj Sukumaran And Empuraan Movie