എന്റെ കരിയറിലെ ഏറ്റവും വലിയ റിസ്‌ക്; ഡിജോയാണ് ഇപ്പോള്‍ ആ സിനിമ ഏറ്റെടുത്തിരിക്കുന്നത്: സുരാജ് വെഞ്ഞാറമൂട്
Entertainment
എന്റെ കരിയറിലെ ഏറ്റവും വലിയ റിസ്‌ക്; ഡിജോയാണ് ഇപ്പോള്‍ ആ സിനിമ ഏറ്റെടുത്തിരിക്കുന്നത്: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th June 2024, 11:19 pm

മമ്മൂട്ടിയെ നായകനാക്കി 2009ല്‍ ഷാഫി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ചട്ടമ്പിനാട്. ഈ സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാപ്രേമികളും ട്രോളന്മാരും ഒന്നടങ്കം ദാമുവിനെ ഏറ്റെടുത്തിരുന്നു.

ചട്ടമ്പിനാട് സിനിമയെക്കാളും മമ്മൂട്ടിയുടെ നായക വേഷത്തേക്കാളും ശ്രദ്ധ നേടാന്‍ സുരാജിന്റെ ദാമുവിന് സാധിച്ചിരുന്നു. സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ആ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

ആ സിനിമ ഇപ്പോഴും അതിന്റെ പണിപ്പുരയിലാണെന്നും സംവിധായകന്‍ ഡിജോയാണ് ചിത്രം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും താരം പറയുന്നു. ആ കഥാപാത്രം വീണ്ടും ചെയ്യാന്‍ പേടിയുണ്ടെന്നും സംവിധായകനും തിരക്കഥാകൃത്തും ആ വെല്ലുവിളി ഏറ്റെടുത്താല്‍ താന്‍ തയ്യാറാണെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഈ സിനിമ തന്റെ കരിയറിലെ ഏറ്റവും റിസ്‌ക്കുള്ളതാകുമെന്നും ചട്ടമ്പിനാട് സിനിമ അന്ന് ചെയ്യുമ്പോള്‍ ഇത്രയും ഹൈപ്പ് വരുമെന്ന് കരുതിയിരുന്നില്ലെന്നും സുരാജ് പറഞ്ഞു.

‘ആ സിനിമ ഇപ്പോഴും അതിന്റെ പണിപ്പുരയിലാണ്. ഡിജോയാണ് ഇപ്പോള്‍ ആ സിനിമ ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ പരിപാടികളൊക്കെ നടക്കുന്നുണ്ട്. പക്ഷെ ആ കഥാപാത്രത്തെ ഒന്നുകൂടെ ചെയ്യാന്‍ എനിക്ക് നല്ല പേടിയുണ്ട്. സംവിധായകനും തിരക്കഥാകൃത്തും ആ വെല്ലുവിളി ഏറ്റെടുക്കുകയാണെങ്കില്‍ ഞാനും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണ്.

ഈ സിനിമ എന്റെ കരിയറിലെ ഏറ്റവും റിസ്‌ക്കുള്ളതാകും. ചട്ടമ്പിനാട് സിനിമ അന്ന് ചെയ്യുമ്പോള്‍ ഇത്രയും ഹൈപ്പ് വരുമെന്ന് കരുതിയിരുന്നില്ല. പിന്നീട് മീമുകളും മറ്റും വന്നപ്പോഴാണ് ആ കഥാപാത്രം ഇങ്ങനെ വലിയ ഹൈപ്പില്‍ കയറി വരുന്നത്. ഈ സിനിമ ഇനി സൂക്ഷിച്ച് ചെയ്തില്ലെങ്കില്‍ ചട്ടമ്പിനാടിന്റെ പേരുകൂടെ പോകും. വല്ല കാര്യവുമുണ്ടായിരുന്നോയെന്ന് ആളുകള്‍ ചോദിക്കും,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.


Content Highlight: Suraj Venjaramoodu Talks About Dijo Jose Antony And Dhashamoolam Damu