സുപ്രീം കോടതി വെബ്സൈറ്റിന്റെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ്; വ്യക്തി വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോര്‍ത്തുന്നു
ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ്സൈറ്റിലൂടെ വ്യക്തി വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോര്‍ത്തുന്നുവെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി രജിസ്ട്രി. വ്യാജ വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്തു വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് രജിസ്ട്രി പൊതു നോട്ടീസ് പുറത്തുവിട്ടു.
http://cbins/scigv.com, https://cbins.scigv.com/offence എന്നീ യു.ആര്‍.എല്ലുകള്‍ വഴിയാണ് വ്യാജ വെബ്സൈറ്റ് ഫിഷിങ് ആക്രമണം നടത്തുന്നത്. വ്യക്തി വിവരങ്ങള്‍, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയാണ് ചോര്‍ത്തുന്നത്. ഇതില്‍ രണ്ടാമത്തെ യു.ആര്‍.എല്‍ വഴിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ നല്‍കുമെന്ന വ്യാജേന വിവരങ്ങള്‍ ചോര്‍ത്തുന്നത്.
കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയ ശേഷം ബാങ്കിന്റെ പേര് , ഫോണ്‍ നമ്പര്‍, പാന്‍ നമ്പര്‍, ഓണ്‍ലൈന്‍ ബാങ്കിങ് യൂസര്‍ ഐഡി, കാര്‍ഡ് പാസ്സ്വേര്‍ഡ് എന്നിവ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും.
‘മുകളില്‍ പറഞ്ഞ യു.ആര്‍.എല്ലുകള്‍ സന്ദര്‍ശിക്കുന്നവര്‍ സ്വകാര്യവും രഹസ്യസ്വഭാവവുമുള്ള വിവരങ്ങള്‍ പങ്കുവെക്കരുത്. അങ്ങനെ ചെയ്താല്‍ തട്ടിപ്പിന് പിന്നിലുള്ളവര്‍ക്ക് വിവരങ്ങള്‍ മോഷ്ടിക്കാന്‍ സാധിക്കും. സുപ്രീം കോടതി രജിസ്ട്രി വ്യക്തി വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ മറ്റു രഹസ്യ വിവരങ്ങളോ ആവശ്യപ്പെടില്ലെന്ന് ശ്രദ്ധിക്കുക,’ പൊതു നോട്ടീസില്‍ പറയുന്നു.
സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.sci.gov.in ആണെന്നും യു.ആര്‍.എല്ലുകള്‍ പരിശോധിച്ച ശേഷം മാത്രം അവയില്‍ ക്ലിക്ക് ചെയ്യാനും നോട്ടീസില്‍ പറയുന്നുണ്ട്. വ്യാജ വെബൈറ്റിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടേയും പാസ്വേഡുകള്‍ മാറ്റാനും ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് കമ്പനികളെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കാനും രജിസ്ട്രി നിര്‍ദേശിക്കുന്നു.
വ്യാജ വെബ്‌സൈറ്റിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാര്‍ ഹര്‍ഗുര്‍വരിന്ദ് സിങ് ജഗ്ഗി പോലീസിന് പരാതി നല്‍കി.
Content Highlight: Supreme Court Warns Of Fake Website Stealing User Details and Card Information