തെരഞ്ഞെടുക്കപ്പെട്ട അധികാരികളല്ലെന്ന വസ്തുത മറന്ന് പ്രവര്‍ത്തിക്കരുത്; ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി
national news
തെരഞ്ഞെടുക്കപ്പെട്ട അധികാരികളല്ലെന്ന വസ്തുത മറന്ന് പ്രവര്‍ത്തിക്കരുത്; ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th November 2023, 3:44 pm

ന്യൂദല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ നടപടിയെടുക്കാന്‍ വൈകുന്നതില്‍ ഖേദം പ്രകടിപ്പിച്ച് സുപ്രീംകോടതി. പാസായ ബില്ലുകളില്‍ ഗവര്‍ണര്‍ നടപടിയെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ സമീപിക്കേണ്ടി വരുന്നത് നിരാശാജനകമാണെന്നും കോടതി പറഞ്ഞു. ഏഴ് ബില്ലുകള്‍ കാരണങ്ങളില്ലാതെ വൈകിപ്പിച്ചതില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്തിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

ബില്ലുകളില്‍ ഗവര്‍ണര്‍ നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ കോടതിയെ സമീപിക്കുന്ന പ്രവണത നിര്‍ത്തലാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ചില ബില്ലുകളില്‍ ഗവര്‍ണര്‍ പുരോഹിത് ഉചിതമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും വിശദാംശങ്ങള്‍ കൃത്യമായി സര്‍ക്കാരിനെ അറിയിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചതിന് മറുപടിയായാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

സമാനമായ സാഹചര്യം തെലങ്കാനയില്‍ ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കിയതിന് ശേഷമാണ് നടപടിയെടുക്കാത്ത ബില്ലുകളില്‍ ഗവര്‍ണര്‍ നടപടി സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപെട്ട അധികാരികളല്ലെന്ന വസ്തുത മറന്നുകൊണ്ട് പ്രവര്‍ത്തിക്കരുതെന്നും ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ നടപടിയെടുക്കാത്ത ബില്ലുകളില്‍ ധനകാര്യ മാനേജ്മെന്റ്, ജി.എസ്.ടി ഭേദഗതികള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിം ഗ്വി കോടതിയില്‍ സൂചിപ്പിച്ചു. കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച സമാന ഹരജികള്‍ പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എട്ട് ബില്ലുകള്‍ ഗവര്‍ണര്‍ വൈകിപ്പിക്കുന്നുവെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചിരുന്നു. സ്റ്റാന്റിങ് കൗണ്‍സില്‍ സി.കെ. ശശിയാണ് റിട്ട് സമര്‍പ്പിച്ചത്.

Content Highlight: Supreme Court warns governors