ആലപ്പുഴ: ആലപ്പുഴയിൽ അന്നദാനത്തിനിടെ അച്ചാർ ലഭിച്ചില്ലെന്ന് ആരോപിച്ച് ക്ഷേത്ര ഭാരവാഹിക്ക് മർദനം. തടയാനെത്തിയ ഭാര്യക്കും മർദനമേറ്റു. ആലപ്പുഴയിലെ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തിനിടെയാണ് സംഭവം. ആലപ്പുഴ സ്വദേശി രാജേഷിനും ഭാര്യ അർച്ചനക്കുമാണ് മർദനമേറ്റത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി അരുണിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആലപ്പുഴ നഗരത്തിൽ തന്നെയുള്ള ക്ഷേത്രമാണ് ഇലഞ്ഞിത്തറ. പലദിവസങ്ങളിലായി പല ആളുകളായിരുന്നു അന്നദാനം നടത്തിയിരുന്നത്. അർച്ചനയും രാജേഷും അന്നദാനം നടത്തിയ ദിവസമാണ് സംഭവം ഉണ്ടായത്.
അച്ചാർ തുടർച്ചായി കിട്ടിയില്ലെന്ന് പറഞ്ഞ് യുവാവ് രാജേഷിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് തവണ അച്ചാർ നൽകുകയും നാലാമത്തെ തവണയും ചോദിച്ചപ്പോൾ ഭക്ഷണം വിളമ്പുന്ന ബാബു എന്ന വ്യക്തി അച്ചാർ അരുണിന്റെ ഇലയിലേക്ക് കുടഞ്ഞിട്ടതാണ് യുവാവിനെ ചൊടിപ്പിച്ചത്. പിന്നാലെ സംഘർഷം ഉണ്ടാവുകയായിരുന്നു. പ്രശ്നം പരിഹരിക്കാനെത്തിയതായിരുന്നു രാജേഷ്. എന്തിനാണ് നല്ല ദിവസം വഴക്കുണ്ടാക്കുന്നതെന്ന് ചോദിച്ച രാജേഷിനെ അരുൺ ആക്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ രാജേഷിന്റെ ഭാര്യ അർച്ചനയെയും അരുൺ ആക്രമിച്ചു.
രാജേഷിന്റെ കാലിൽ ഓപ്പറേഷൻ കഴിഞ്ഞ് സ്റ്റീൽ ഇട്ടിരിക്കുകയാണെന്നും വീണ്ടും പരിക്ക് പറ്റിയാൽ നടക്കാൻ തന്നെ ബുദ്ധിമുട്ടാകുമെന്നും അർച്ചന പറഞ്ഞു. രാജേഷിനെ രക്ഷിക്കാൻ ശ്രമിക്കവേ അദ്ദേഹത്തിന് കൊള്ളേണ്ടിരുന്ന അടി തനിക്കേൽക്കുകയായിരുന്നെന്നും അർച്ചന കൂട്ടിച്ചേർത്തു.
Content Highlight: Youth beats up temple officials for not getting pickles for temple food distribution