Entertainment
എന്റെ കുട്ടികളുടെ ഒന്നാം പിറന്നാളിന് വന്ന ഏറ്റവും വലിയ ഗസ്റ്റ് ആ സൂപ്പര്‍സ്റ്റാര്‍: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 03:07 pm
Monday, 21st April 2025, 8:37 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.

പിന്നീട് കോമഡി റോളുകള്‍ മാത്രം ചെയ്ത അജു ഇപ്പോള്‍ അതില്‍ നിന്നൊക്കെ മാറി വ്യത്യസ്തമായ റോളുകളും മലയാളികള്‍ക്ക് നല്‍കുന്നുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച നടന്‍ കൂടിയാണ് അജു.

ഇപ്പോള്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറയുകയാണ് നടന്‍. ലൈഫ് നെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘ലാലേട്ടനെ കുറിച്ച് പറയാന്‍ അര്‍ഹനായ ആളല്ല ഞാന്‍. അതിനേക്കാള്‍ ഒക്കെ എത്രയോ ചെറിയ ആളാണ് ഞാന്‍. ഒരുപാട് ആളുകളെ ഇന്‍സ്‌പെയര്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് ലാലേട്ടന്‍. നമ്മളൊക്കെ സിനിമയിലേക്ക് വരാന്‍ കാരണക്കാരനായവരില്‍ പ്രധാനിയാണ് അദ്ദേഹം.

മമ്മൂക്കയെ കുറിച്ച് ചോദിച്ചാല്‍ ലാലേട്ടനെ കുറിച്ച് പറഞ്ഞത് പോലെ തന്നെയാണ്. ഞാന്‍ ആദ്യമായി തിയേറ്ററില്‍ പോയി കണ്ട സിനിമ മമ്മൂക്കയുടെ വടക്കന്‍ വീരഗാഥയാണ്.

എന്റെ സിനിമാ ജീവിതം തുടങ്ങുന്നത് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ്. അന്ന് ആ സിനിമയുടെ പൂജയ്ക്ക് വന്ന മഹനീയ വ്യക്തികളില്‍ ഏറ്റവും പ്രധാനി മമ്മൂക്ക തന്നെയാണ്.

ഞാന്‍ ആദ്യമായി ഏത് സൂപ്പര്‍സ്റ്റാറിന്റെ കൂടെയാണ് അഭിനയിച്ചതെന്ന് ചോദിച്ചാല്‍ അതും മമ്മൂക്ക തന്നെയാണ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിലായിരുന്നു അത്. എന്റെ കുട്ടികളുടെ ഒന്നാം പിറന്നാളിന് വന്ന ഏറ്റവും വലിയ ഗസ്റ്റ് അദ്ദേഹമായിരുന്നു.

എനിക്ക് ആരാധനയുള്ള നടന്‍ ലാലേട്ടനാണ്. പക്ഷെ ഒരു ആക്ടര്‍ എന്ന നിലയില്‍ എന്നില്‍ ഇന്‍ഫ്‌ളുവന്‍സുണ്ടാക്കിയത് ആരാണെന്ന് ചോദിച്ചാല്‍ മമ്മൂക്കയും ലാലേട്ടനും എന്നാണ് മറുപടി,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese Talks About Mammootty And Mohanlal